രാജ്യത്തെ ഞെട്ടിച്ച വൈദ്യുതി ബിൽ! ലോകത്തെ വമ്പൻ വീടിനായി മുകേഷ് അംബാനി അടച്ച തുക

Mail This Article
ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഒന്നാണ് മുകേഷ് അംബാനിയുടെ ആന്റിലിയ. കണ്ടാലും തീരാത്ത കാഴ്ചകളും ആഡംബരവും നിറഞ്ഞ ലോകപ്രശസ്തമായ ഈ വീടിന്റെ വൈദ്യുതി ബില്ല് എത്രയായിരിക്കും? അംബാനി കുടുംബം ഇവിടെ താമസം ആരംഭിച്ച സമയത്ത് ആന്റീലിയയുടെ വൈദ്യുതി ബിൽ എത്രയായിരുന്നു എന്നത് സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ മാധ്യമശ്രദ്ധ നേടുന്നത്.

അത്യാഡംബര സൗകര്യങ്ങളെല്ലാം സുഗമമായി പ്രവർത്തിക്കാനും 27 നിലകളിലും വെളിച്ചം നിറയ്ക്കാനുമായി ആദ്യത്തെ മാസം തന്നെ ഏകദേശം 6,37,240 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടിവന്നത്. അന്നത്തെ വൈദ്യുതിനിരക്ക് അനുസരിച്ച് 70,69,488 രൂപയാണ് അംബാനി ആന്റീലിയയുടെ ആദ്യമാസത്തെ വൈദ്യുതി ബില്ലായി കെട്ടിവച്ചത്. അൻപതിനായിരം രൂപ ശമ്പളമുള്ള ഒരു വ്യക്തിയുടെ ഏതാണ്ട് 12 വർഷത്തെ ശമ്പളത്തുക വരും ഇതെന്ന് കണക്കുകൂട്ടുമ്പോഴാണ് അദ്‌ഭുതം തോന്നുക.
സാധാരണക്കാർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമുള്ള തുകയാണ് ഇതെങ്കിലും മൂന്ന് ഹെലിപ്പാഡുകളും 168 കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിങ് ഏരിയയുമടക്കമുള്ള സൗകര്യങ്ങളും ഒൻപത് എലവേറ്ററും സ്പായും സ്വിമ്മിങ് പൂളും ഇതിനെല്ലാം പുറമേ നിർമാണ ചെലവും കണക്കിലെടുക്കുമ്പോൾ അതിന് ആനുപാതികമായ വൈദ്യുതി ബില്ല് മാത്രമേ ആന്റീലിയയ്ക്ക് വന്നിട്ടുള്ളൂ.
മുംബൈയിലെ ബില്യണയേഴ്സ് റോയിൽ സ്ഥിതി ചെയ്യുന്ന ആന്റിലിയയുടെ നിർമാണം 2005ലാണ് ആരംഭിച്ചത്. നാലുലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കപ്പെട്ട ആന്റീലിയയ്ക്കു വേണ്ടി അംബാനി അന്നത്തെ ഒരുബില്യൻ ഡോളർ ചെലവഴിച്ചു എന്നാണ് കണക്ക്. നാലുവർഷം നീണ്ട നിർമാണ പ്രവർത്തനങ്ങൾക്കൊടുവിൽ 2010 ഫെബ്രുവരിയിൽ കുടുംബം ഇവിടെ താമസം ആരംഭിച്ചു.

കൃത്യസമയത്ത് വൈദ്യുതി ബില്ല് അടച്ചതിനാൽ 48354 രൂപ ഡിസ്കൗണ്ട് ഇനത്തിലും അംബാനിക്ക് ലഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആദ്യ വൈദ്യുതി ബില്ലിന്റെ കണക്കുകൾ വീണ്ടും മാധ്യമങ്ങളിൽ ചർച്ചയായതോടെ ഈ തുകയ്ക്ക് ഒരു ശരാശരി ഇന്ത്യൻ പൗരന് എത്ര കാറുകളും വീടുകളും സ്വന്തമാക്കാൻ സാധിക്കും എന്ന തരത്തിലാണ് ചർച്ചകൾ. എന്നാൽ വലിയ മാളുകൾ പ്രവർത്തിക്കുന്നതിന് സമാനമായ രീതിയിൽ ഇത്രയും സൗകര്യങ്ങൾ നിറഞ്ഞ ഒരു വീടിന് ഇടതടവില്ലാതെ 24 മണിക്കൂറും വൈദ്യുത സപ്ലൈ വേണ്ടിവരുമെന്നും അതിനാൽ വൈദ്യുതി ബില്ലിലെ ലക്ഷങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്നില്ല എന്നും പ്രതികരിക്കുന്നവരുണ്ട്.