ചൈന രണ്ടാം സ്ഥാനത്തായേക്കും, ഇന്ത്യയിൽ ഐഫോണുകളുടെ നിർമാണം ഇരട്ടിയാക്കാന്‍ ആപ്പിൾ

Mail This Article
ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറച്ച്, ഇന്ത്യയിലെ നിർമാണം വിപുലീകരിക്കുകയും ഉല്‍പ്പാദന ശൃംഖല വൈവിധ്യവത്കരിക്കുകയും ചെയ്യുകയാണ് ആപ്പിൾ. 2025-ഓടെ 25-30 ദശലക്ഷം ഐഫോണുകൾ ഉത്പാദിപ്പിക്കാനാണ് ഫോക്‌സ്‌കോൺ ലക്ഷ്യമിടുന്നത്, ഇത് 2024-ൽ അസംബിൾ ചെയ്ത 12 ദശലക്ഷം യൂണിറ്റുകളുടെ ഇരട്ടിയിലധികമാണ്. ചൈനയ്ക്ക് പുറത്ത് ഉൽപ്പാദനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫോക്സ്കോൺ ബെംഗളൂരുവിൽ 300 ഏക്കർ വിസ്തൃതിയിൽ പുതിയ യൂണിറ്റ് വികസിപ്പിക്കുന്നു.
ഇന്ത്യയിലെ ഉൽപ്പാദന വിഹിതം കഴിഞ്ഞ വർഷത്തെ 12-16% ൽ നിന്ന് ഈ വർഷം 21-25% ആയി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർപോഡ്‌സ് ഉൽപാദനത്തിനായി ഹൈദരാബാദിൽ ഒരു പുതിയ യൂണിറ്റ് സ്ഥാപിച്ചതും ഈ വിപുലീകരണത്തിന്റെ ഭാഗമാണ്.

ആപ്പിൾ എയർപോഡുകൾ ഇന്ത്യയിൽ നിർമിക്കും
ഹൈദരാബാദിലെ ഫോക്സ്കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ എയർപോഡ് നിർമാണം ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഐഫോണിനുശേഷം ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിളിന്റെ രണ്ടാമത്തെ ഉൽപന്നമാണ് എയർപോഡ്. ഹൈദരാബാദിൽ നിർമിക്കുന്ന എയർപാഡുകൾ പൂർണമായി കയറ്റുമതി ചെയ്യാനാണെന്നാണു സൂചന.
ഇന്ത്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി, ബിസിനസ് രീതി അടിമുടി പൊളിച്ചെഴുതാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ടെക്‌നോളജി കമ്പനി ആപ്പിളെന്ന് ബ്ലൂംബര്‍ഗ് റിപ്പോർട്ട് ചെയ്തിരുന്നു. മറ്റു രാജ്യങ്ങളില്‍ ആപ്പിള്‍ ഉപകരണങ്ങളോടുള്ള ആവേശം തണുത്തു തുടങ്ങിയെങ്കിലും ഇന്ത്യയില്‍ ആവശ്യക്കാരേറുന്നു എന്നതിനാല്‍ രാജ്യത്തുടനീളം സാന്നിധ്യം ഉറപ്പാക്കാന്‍ കമ്പനി ശ്രമിച്ചേക്കും.

കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ
കഴിഞ്ഞവർഷത്തെ കയറ്റുമതിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു. 1.08 ലക്ഷം കോടി രൂപയുടെ ഐഫോണുകളാണ് ആപ്പിൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നു കയറ്റി അയച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 42% ആണു വർധന.ആഭ്യന്തര ഉൽപാദനത്തിൽ 46 ശതമാനം വർധനയും കഴിഞ്ഞ വർഷം രേഖപ്പെടുത്തി. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി മൂല്യം 3 ലക്ഷം കോടി രൂപയിലെത്തിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.
ഈ വർഷം എന്തൊക്കെയാണ് വരാനിരിക്കുന്നതെന്ന് നോക്കാം:,ഐഫോൺ 17, ഐഫോൺ 17 എയർ,ഐഫോൺ 17 പ്രോ,ഐഫോൺ 17 പ്രോ മാക്സ്,M5 ഉള്ള മാക്ബുക്ക് പ്രോ,പുതിയ മാക് പ്രോ,M5 ഉള്ള ഐപാഡ് പ്രോ,എയർപോഡ്സ് പ്രോ 3,ആപ്പിൾ വാച്ച് സീരീസ് 11,ആപ്പിൾ വാച്ച് അൾട്രാ 3,ആപ്പിൾ വാച്ച് SE 3,ഹോംപോഡ്,പുതിയ ആപ്പിൾ ടിവി 4K,ഹോംപോഡ് മിനി 2,എയർടാഗ് 2, സ്റ്റുഡിയോ ഡിസ്പ്ലേ 2