ആയിരക്കണക്കിന് ചിലന്തിമുട്ട! ചൊവ്വയിൽ അപൂർവ പാറ കണ്ടെത്തി നാസ, എന്താണ് ഇതിന്റെ രഹസ്യം?

Mail This Article
ആയിരക്കണക്കിന് ചിലന്തിമുട്ടകൾ കൂട്ടിച്ചേർത്ത് വച്ചതുപോലെയുള്ള അപൂർവ പാറ ചൊവ്വയിൽ കണ്ടെത്തി നാസയുടെ പെഴ്‌സിവീയറൻസ് റോവർ. ഏകദേശം ഒരു മില്ലിമീറ്റർ വരെ വ്യാസമുള്ളതാണ് ഈ മുട്ടഘടന. ഇതിൽ പലതും പൊട്ടിപ്പോയ നിലയിലാണ്. ചിലതിലെല്ലാം ദ്വാരങ്ങളും വന്നിട്ടുണ്ട്.ചൊവ്വയിൽ ഒരു കാലത്ത് ജലം നിലനിന്നിരുന്നെന്നു കരുതപ്പെടുന്ന ജെസീറോ ക്രേറ്റർ മേഖലയിലാണ് പെഴ്‌സിവീയറൻസ് ഈ പാറ കണ്ടെത്തിയത്. ജെസീറോ ക്രേറ്ററിലെ വിച്ച് ഹേസൽ കുന്നിന്‌റെ താഴ്വരയിലാണ് ഇതു കണ്ടെത്തിയത്. ചുവന്ന മണൽ പൂശിയതുപോലെ നിറമുള്ളതാണ് ഈ പാറ.
മേഖലയിൽ വേറൊരിടത്തായിരിക്കാം ഈ പാറ സ്ഥിതി ചെയ്തിരുന്നതെന്നു ഗവേഷകർ പറയുന്നു. എന്തോ കാരണത്താൽ അത് ഇപ്പോഴത്തെ മേഖലയിലേക്കു നീങ്ങിയതാണ്. ഈ ചലനം ചൊവ്വയുടെ പുറംഘടനയെക്കുറിച്ചും വിവരങ്ങൾ നൽകും.ഒരുപക്ഷേ ഒരു ഉൽക്ക ചൊവ്വയിൽ പതിച്ചതിനാലാകാം ഇങ്ങനെയൊരു ഘടന ഉടലെടുത്തതെന്നു ശാസ്ത്രജ്ഞർ പറയുന്നു. വിച്ച് ഹേസൽ കുന്നിൽ നിന്ന് ഈ പാറ ചിലപ്പോൾ താഴേക്കു നിലംപതിച്ചതാകാനും സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു.
2020 ജൂലൈ 30നു വിക്ഷേപിച്ച പെഴ്സിവീയറൻസ് ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവീയറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണു മറ്റുള്ളവ. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിച്ചിരുന്നു.

പെഴ്‌സിവീയറൻസ് ഇറങ്ങിയ ജെസീറോ ക്രേറ്റർ ചൊവ്വയിലെ ഒരു ദുരൂഹമേഖലയാണ്. ഗ്രഹത്തിന്റെ വടക്കൻ മേഖലയിലെ സിർട്ടിസ് ക്വോഡ്രാംഗിൾ എന്ന പ്രദേശത്ത് 50 കിലോമീറ്ററോളം ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ജെസീറോ ഇപ്പോൾ വരണ്ടു കിടക്കുകയാണെങ്കിലും ആദിമ കാലത്ത് ഇവിടേക്കു നദികൾ ഒഴുകിയിരുന്നു. ആ ജലം കെട്ടി നിന്ന് ഇവിടെ ഒരു തടാകവും ഉടലെടുത്തിരുന്നു. ചൊവ്വയുടെ ഒരു വിദൂര ഭൂതക്കാലത്ത് ഇവിടെ ജീവൻ തുടിച്ചിരുന്നെന്നും ശാസ്ത്രജ്ഞർക്ക് പ്രതീക്ഷയുണ്ട്.
ഇന്നും അതിന്റെ ഫലമായി ഇവിടത്തെ മണ്ണിൽ ചെളിയുടെ അംശം കൂടുതലാണെന്ന് നാസയിലേതുൾപ്പെടെ ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. പഴയകാലത്തുണ്ടായിരുന്ന ജീവന്റെ സൂക്ഷ്മഫോസിലുകൾ ഇപ്പോഴും ഇവിടെ കാണാമായിരിക്കും. അത് അന്വേഷിക്കലാണ് പെഴ്‌സിവീയറൻസിന്റെ പ്രധാന ജോലി. എന്നാൽ ജീവന്റെ തെളിവല്ല, ഒരു പക്ഷേ സൂക്ഷ്മകോശരൂപത്തിൽ ജീവൻ തന്നെ നിലനിൽക്കുന്ന സാധ്യത തള്ളിക്കളയാനാകില്ല. നേർത്ത അന്തരീക്ഷവും വ്യത്യസ്തമായ ധാതുഘടനയും ഉയർന്ന തോതിൽ ഉപരിതലത്തിൽ എത്തുന്ന വികിരണങ്ങളുമൊക്കെ കാരണം നിലവിൽ ചൊവ്വയിൽ ജീവൻ ഉണ്ടാകാൻ യാതൊരു സാധ്യതയും ശാസ്ത്രജ്ഞർ കൽപിക്കുന്നില്ല.