വ്ളോഗര്മാര്ക്ക് പുതിയ ക്യാമറകളുമായി ക്യാനന്‍; ആര്‍ 50വി, പവര്‍ഷോട്ട് വി1 ക്യാമറകളുടെ വിശേഷങ്ങള്‍

Mail This Article
ഫോട്ടോഗ്രാഫര്‍മാരേക്കാളേറെ, വ്‌ളോഗര്‍മാരെയും വിഡിയോ ഷൂട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള ക്യാമറകള്‍ സോണി, നിക്കോണ്‍, പാനസോണിക് തുടങ്ങിയ കമ്പനികള്‍ ഇറക്കിയിരുന്നു. ഈ വിഭാഗത്തില്‍ ഇതുവരെ അത്ര ശ്രദ്ധിക്കാതിരുന്ന ക്യാനന്‍ വിഡിയോ ഷൂട്ടര്‍മാര്‍ക്കായി രണ്ടു പുതിയ ക്യാമറകളാണ് സമ്മാനിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ ചിലവില്‍ വിഡിയോ ഷൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലുകളാണ്-ക്യാനന്‍ ആര്‍50 വി, വി1 എന്നീ മോഡലുകള്‍.
ക്യാനന്‍ ആര്‍50 വി
ഇപ്പോള്‍ വില്‍പ്പനയിലുള്ള ക്യാനന്‍ ആര്‍50 ക്യാമറയ്ക്ക് കൂടുതല്‍ വിഡിയോ ഷൂട്ടിങ് ശേഷി പകര്‍ന്ന് ഇറക്കിയിരിക്കുന്ന മോഡലാണ് ക്യാനന്‍ ആര്‍50 വി. ഇതിന് ഒരു എപിഎസ്-സി 24എംപി ഡ്യൂവല്‍ പിക്‌സല്‍ എഎഫ് സീമോസ് സെന്‍സറാണ് ഉള്ളത്. മുഴുവന്‍ സെന്‍സര്‍ പ്രതലവും ഉപയോഗിച്ച് 4കെ വിഡിയോ 4കെ വിഡിയോ 30പി വരെ റെക്കോഡ് ചെയ്യാം. 4കെ വിഡിയോ 60പി റെക്കോഡ് ചെയ്യുമ്പോള്‍ സെന്‍സറിന് 1.5 മടങ്ങ് ക്രോപ് കൊണ്ടുവരും. ടാലി ലാംപ് ഉണ്ട്.

ക്യാനന്‍ ആര്‍50 വി മോഡലില്‍, 10ബിറ്റ് 422 വിഡിയോ ക്യാനന്‍ ലോഗ്-3 പ്രൊഫൈല്‍ പ്രയോജനപ്പെടുത്തി റെക്കോഡ് ചെയ്യാം. എച്ഡിആര്‍ പിക്യൂ, ഹൈബ്രിഡ് ലോഗ് ഗാമാ (എച്എല്‍ജി) ഫോര്‍മാറ്റുകളിലും വിഡിയോ പിടിക്കാം. ഇങ്ങനെ റെക്കോഡ് ചെയ്ത വിഡിയോ ഹൈ ഡൈനാമിക് റേഞ്ച് ഫീച്ചര്‍ ഉള്ള ഡിസ്‌പ്ലേകളില്‍ കാണുമ്പോള്‍ ''നേരിട്ടു കണ്ടാലെന്നപോലെയുള്ള'' വ്യക്തത ലഭിക്കുമെന്നാണ് അവകാശവാദം. ഇന്‍സ്റ്റഗ്രാം അടക്കം, വെര്‍ട്ടിക്കല്‍ വിഡിയോയ്ക്ക് സ്വീകാര്യതയുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കായി ട്രൈപ്പോഡില്‍ ഉറപ്പിച്ച് വിഡിയോ പകര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രണ്ടാമതൊരു ട്രൈപ്പോഡ് സോക്കറ്റും ഉണ്ട്.
പ്രൊഡക്ട് ഡെമോ എഎഫ് മോഡ് ആണ് മറ്റൊന്ന്. (ഒരു വസ്തു പരിചയപ്പെടുത്തിക്കൊണ്ട് സംസാരിക്കുമ്പോള്‍ അത് എടുത്ത് ക്യാമറയുടെ മുന്നില്‍ പ്രദര്‍ശിക്കുമ്പോള്‍ ഫോക്കസ് അതില്‍ ഉറയ്ക്കുകയും, അത് താഴെ വയ്ക്കുമ്പോള്‍ ഫോക്കസ് അവതാരകനിലേക്ക് തിരികെ പതിക്കുകയും ചെയ്യുന്ന രീതി.)
നിക്കോണ്‍ സെഡ് 30 തുടങ്ങിയ മോഡലുകളെ പോലെ ക്യാനന്‍ ആര്‍50 വി മോഡലിന് വ്യൂഫൈന്‍ഡര്‍ ഇല്ല. തിരിക്കാവുന്ന എല്‍സിഡി പാനലാണ് നല്‍കിയിരിക്കുന്നത്. ഒറിജിനല്‍ ആര്‍50യില്‍ കണ്ട ബില്‍റ്റ്-ഇന്‍ ഫ്‌ളാഷും വിഡിയോ ഷൂട്ടര്‍മാരെ ഉദ്ദേശിച്ചിറക്കിയ ആര്‍50 വി ക്യാമറയില്‍ ഇല്ല.
ഒറിജിനല്‍ ആര്‍50യെ പോലെയല്ലാതെ ആര്‍50 വി മോഡലില്‍ ഹെഡ്‌ഫോണ്‍, മൈക് സോക്കറ്റുകള്‍ ഉണ്ട്. ക്യാമറയ്ക്ക് മുകളില്‍ മള്‍ട്ടിഫങ്ഷന്‍ ഷൂവും ഉണ്ട്. ഇതില്‍ എക്‌സ്റ്റേണല്‍ മൈക്കും മറ്റും പടിപ്പിക്കാം. എന്നാല്‍, എക്‌സ്റ്റേണല്‍ വ്യൂഫൈന്‍ഡര്‍ സപ്പോര്‍ട്ട് ഇല്ല.
വിഡിയോ സ്ട്രീമിങിനും ഉപകരിക്കുന്ന രീതിയിലാണ് ആര്‍50 വി നിര്‍മ്മിച്ചിരിക്കുന്നത്. വിഡിയോ വിഭാഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു എങ്കിലും ഈ മോഡല്‍ ഒറിജിനല്‍ ആര്‍50 വച്ച് എടുക്കുന്ന തരത്തിലുള്ള മികച്ച ഫോട്ടോകളും പകര്‍ത്തും.
ഡിജിക് എക്‌സ് ആണ് ആര്‍50 വി ക്യാമറയുടെ പ്രൊസസര്‍. ബാറ്ററി ലൈഫ് 120 മിനിറ്റ് വരെ പ്രതീക്ഷിക്കാം. എന്നാല്‍, ക്യാമറ ഒരു പവര്‍ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം. ഗ്രിപ്പുകളും, ഗിംബളുകളും ഉപയോഗിക്കാവുന്ന രീതിയിലാണ് ആര്‍50 വി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. വിഡിയോ കേന്ദ്രീകൃതമായ ബട്ടണ്‍ ലേ-ഔട്ടാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഒറ്റ ടച്ചില്‍ ലൈവ് സ്ട്രീമിങ്, കളര്‍ മോഡുകള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം എന്ന സൗകര്യവും ഉണ്ട്.

ആര്‍എഫ്-എസ് 14-30എംഎം എഫ് 4-6.3 ഐഎസ് എസ്ടിഎം പിസെഡ് ലെന്‍സ്
ക്യാനന്‍ ആര്‍50 വി ക്യാമറയുടെ കഥ പൂര്‍ത്തിയാകണമെങ്കില്‍ പുതിയ ആര്‍എഫ്-എസ് 14-30എംഎം എഫ് 4-6.3 ഐഎസ് എസ്ടിഎം പിസെഡ് ലെന്‍സിനെക്കുറിച്ചു കൂടെ പറയണം. ഇത് ഒരു പവര്‍ സൂം ആണ്. വഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ വ്യത്യസ്തമായ സൂം സ്പീഡുകല്‍ ഇതില്‍ തിരഞ്ഞെടുക്കാം. ആദ്യ ഫ്രെയിം സെറ്റ് ചെയ്ത ശേഷം കുലുക്കം കുറച്ച് സൂം ചെയ്യാം. ക്യാമറയും ലെന്‍സുമൊത്ത് വാങ്ങണമെങ്കില്‍ വില 79,995 രൂപ ആയിരിക്കുമെന്നാണ് കേള്‍ക്കുന്നത്.
ക്യാനന്‍ പവര്‍ഷോട്ട് വി1
ഫെബ്രുവരിയില്‍ ജപ്പാനിലടക്കം ചില ഏഷ്യന്‍ രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ച മോഡലാണ് ക്യാനന്‍ പവര്‍ഷോട്ട് വി1. ഇനി കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇത് എത്തും. ക്യാനന്‍ ആര്‍50 വി ക്യാമറയില്‍ ഏത് ആര്‍എഫ് ലെന്‍സും പിടിപ്പിക്കാമെങ്കില്‍ പവര്‍ഷോട്ട് വി1 മോഡലിന്റെ ലെന്‍സ് മാറ്റിപ്പിടിപ്പിക്കാന്‍ സാധിക്കില്ല.
ഈ മോഡലില്‍ 22എംപി ടൈപ് 1.4 സെന്‍സറാണ് പിടിപ്പിച്ചിരിക്കുന്നത്. ഡ്യൂവല്‍ പികസല്‍ എഎഫ് സിമോസ് സെന്‍സര്‍ തന്നെ. ഒപ്പമുള്ള ലെന്‍സ് 16-50 എഫ് 2.8-4.5 അപര്‍ചര്‍ ഉളള സൂം ആണ്. ഇതില്‍ ഒരു 3ഇവി എന്‍ഡി ഫില്‍റ്റര്‍ ഉണ്ട്. വെളിച്ചം കൂടുതലുള്ള സന്ദര്‍ഭങ്ങളില്‍ എന്‍ഡി ഫില്‍റ്ററുകള്‍ അറ്റാച്ച് ചെയ്ത് വിഡിയോ ഷൂട്ട് ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഇത് പ്രയോജനപ്പെടുത്താം.
ഒതുക്കമുള്ള ആര്‍50 വി, പവര്‍ഷോട്ട് വി1 ക്യാമറകളെക്കുറിച്ച് ക്യാനന്റെ വിവരണത്തില്‍ പറയുന്നത് കൈ വെള്ളയില്‍ സിനിമാ ക്വാളിറ്റി നല്‍കാന്‍ സാധിക്കുന്ന മോഡലുകള്‍ എന്നാണ്. വിഡിയോ റെക്കോഡിങ് മേഖലയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കമ്പനിയാണ് ക്യാനന്‍. തങ്ങളുടെ 'സിനിമാ ഇഓഎസ്' സാങ്കേതികവിദ്യയുടെ പല ശേഷികളും പുതിയ രണ്ടു മോഡലുകളിലും നല്‍കുന്നുണ്ടെന്ന് കമ്പനി പറയുന്നു.
പവര്‍ഷോട്ട് വി1 ക്യമറയുടെയും മുഴുവന്‍ സെന്‍സര്‍ പ്രതലവും ഉപയോഗിച്ച് സെക്കന്‍ഡില്‍ 30പി വരെ 4കെ വിഡിയോ റെക്കോഡ് ചെയ്യാം. ഇത് 5.7കെ ക്യാപ്ചറില്‍ നിന്ന് സൃഷ്ടിക്കുന്നത് ആയതില്‍ അധിക മികവ് കിട്ടിയേക്കാം. സെക്കന്‍ഡില്‍ 60പി വരെ 4കെ വിഡിയോ റെക്കോഡ് ചെയ്യാമെങ്കിലും അതിന് 1.4മടങ്ങ് സെന്‍സര്‍ ക്രോപ് ഉണ്ടാകും.
ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യുന്നതെങ്കില്‍ സെക്കന്‍ഡില്‍ 30 ഫോട്ടോ വച്ചും പകര്‍ത്താം. കൂളിങ് ഫാന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ അധിക നേരത്തേക്ക് വിഡിയോ ഷൂട്ട് ചെയ്യാന്‍ സാധിച്ചേക്കാം. വയേഡ്, വയര്‍ലെസ് വിഡിയോ സ്ട്രീമിങ് സാധ്യമാണ്. മള്‍ട്ടിഫങ്ഷന്‍ ഹോട്ട്ഷൂ ഉണ്ട്. തിരിക്കാവുന്ന എല്‍സിഡി ടച്‌സ്‌ക്രീന്‍. ഹെഡ്‌ഫോണ്‍, മൈക് സോക്കറ്റുകള്‍ ഉണ്ട്. ക്യാനന്‍ പവര്‍ഷോട്ട് വി1 ക്യമറയുടെ വില പ്രഖ്യാപിച്ചിട്ടില്ല. അത് ആര്‍50 വിയെക്കാള്‍ 5000 രൂപയെങ്കിലും കൂടുതലായിരിക്കുമെന്നാണ് സൂചന.