ബെൻഡ് ഇറ്റ് ലൈക്ക് ഡെക്ലൻ!

Mail This Article
ലണ്ടൻ ∙ ഇതുവരെയുള്ള 338 പ്രഫഷനൽ ഫുട്ബോൾ മത്സരങ്ങളിൽ ഒരിക്കൽപോലും ഡയറക്ട് ഫ്രീകിക്ക് ഗോളാക്കിയിട്ടില്ല, ഇരുപത്തിയാറുകാരൻ ഡെക്ലൻ റൈസ്. പക്ഷേ, ചൊവ്വ രാത്രി ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ റയൽ മഡ്രിഡിന്റെ പ്രതിരോധ മതിലിനെ തൊടാതെ ഗോളിലേക്കു വളഞ്ഞിറങ്ങിയ ഡെക്ലൻ റൈസിന്റെ രണ്ടു ഫ്രീകിക്ക് ഗോളുകൾകണ്ട് ‘വൗ’ എന്നറിയാതെ പറഞ്ഞുപോയവരിൽ ആരാധകർ മാത്രമല്ല, റയൽ താരം കിലിയൻ എംബപെയുമുണ്ടായിരുന്നു!
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ, റൈസിന്റെ 2 സൂപ്പർ ഗോളുകളുടെ തിളക്കത്തിൽ റയൽ മഡ്രിഡിനെ 3–0നു തോൽപിച്ച ആർസനൽ സെമിഫൈനലിലേക്ക് ഒരു ചുവടുവച്ചുകഴിഞ്ഞു. 16നു റയലിന്റെ ഗ്രൗണ്ടിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ വൻ അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ പീരങ്കിപ്പട 2009നു ശേഷം ആദ്യമായി ചാംപ്യൻസ് ലീഗ് സെമിയിലെത്തും! രണ്ടാം മത്സരത്തിൽ, ബയൺ മ്യൂണിക് സ്വന്തം മൈതാനത്തു തോൽവി വഴങ്ങി; ഇന്റർ മിലാൻ 2–1നു ജർമൻ ക്ലബ്ബിനെ വീഴ്ത്തി.
അപ്രതീക്ഷിതം, ഡെക്ലൻ
മുൻ ഇംഗ്ലിഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിന്റെ പ്രശസ്തമായ ഫ്രീകിക്ക് ഗോളുകളുടെ മനോഹാരിത അടയാളപ്പെടുത്തിയ ‘ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം’ എന്നതിനു സമാനമായ വിശേഷണത്തോടെയാണ് ഫുട്ബോൾ ലോകം ഡെക്ലൻ റൈസിന്റെ പ്രകടനത്തെ അഭിനന്ദിച്ചത്. 58,70 മിനിറ്റുകളിലായിരുന്നു റൈസിന്റെ ഗോളുകൾ. 75–ാം മിനിറ്റിൽ മിക്കൽ മെറിനോ ആർസനലിന്റെ 3–ാം ഗോളും നേടി. ഇൻജറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട റയൽ താരം എഡ്വേഡോ കമവിൻഗ മാർച്ചിങ് ഓർഡർ കിട്ടി പുറത്തുപോയതു റയലിനു വൻ തിരിച്ചടിയാണ്. സസ്പെൻഷനിലായ കമവിൻഗയില്ലാതെ വേണം റയൽ അടുത്ത മത്സരത്തിനിറങ്ങാൻ.
ഗോൾവലയ്ക്കു 30 വാരയോളം പുറത്തുനിന്നായിരുന്നു റൈസിന്റെ ആദ്യ ഫ്രീകിക്ക്. പ്രതിരോധ മതിൽ തീർത്ത 4 റയൽ ഡിഫൻഡർമാർക്ക് അരികിലൂടെ പോസ്റ്റിന്റെ വലതുമൂലയിൽ പന്ത് വളഞ്ഞുകയറി. റയൽ ഗോളി തിബോ കോർട്ടോ അക്ഷരാർഥത്തിൽ കാഴ്ചക്കാരനായിപ്പോയി. ചാംപ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ആദ്യമായാണ് ആർസനൽ ഡയറക്ട് ഫ്രീകിക്കിൽനിന്നു ഗോൾ നേടുന്നത്.
70–ാം മിനിറ്റിൽ ആർസനലിന് അനുകൂലമായി അടുത്ത ഫ്രീകിക്ക്. റയൽ താരങ്ങൾക്കൊപ്പം പ്രതിരോധ മതിലിനോടു ചേർന്ന് 4 ആർസനൽ താരങ്ങളും. റൈസ് കിക്ക് എടുക്കാൻ നേരത്ത് അവർ ഓടിമാറിയപ്പോൾ തെളിഞ്ഞ വഴിയിലൂടെ പറന്ന പന്ത് വീണ്ടുമൊരിക്കൽക്കൂടി തിബോ കോർട്ടോയ്ക്കു തൊടാൻ പോലുമാകാതെ വലയിൽ. 2 ഗോളുകൾ വീണതോടെ തകർന്നുപോയ റയൽ പ്രതിരോധനിരയെ നിഷ്പ്രഭമാക്കുന്നതായി ആർസനലിന്റെ മൂന്നാം ഗോൾ. ബോക്സിനുള്ളിലേക്കു നേരേ വന്ന പന്ത്, വന്ന പടി 90 ഡിഗ്രി തിരിച്ചു ഗോളിലേക്കു ചെത്തിവിടുകയായിരുന്നു മെറിനോ (3–0).
ഇന്ററിന് മുൻതൂക്കം
4 വർഷത്തിനിടെ ആദ്യമായാണ് ജർമൻ ക്ലബ് ബയൺ മ്യൂണിക് ഒരു ചാംപ്യൻസ് ലീഗ് മത്സരത്തിൽ ഹോംഗ്രൗണ്ടിൽ തോൽവി വഴങ്ങുന്നത്. ആദ്യം ഗോൾ നേടാനുള്ള സുവർണാവസരം ബയൺ സ്ട്രൈക്കർ ഹാരി കെയ്ൻ നഷ്ടപ്പെടുത്തുന്നതു കണ്ടുകൊണ്ടായിരുന്നു കളിക്കു തുടക്കം. 38–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസിന്റെ ഗോളിൽ ഇന്റർ ലീഡെടുത്തു. ഈ സീസണോടെ ബയൺ വിടുകയാണെന്നു പ്രഖ്യാപിച്ച തോമസ് മുള്ളർ പകരക്കാരനായിറങ്ങി 85–ാം മിനിറ്റിൽ സ്കോർ 1–1 ആക്കി. പക്ഷേ, ആശ്വസിക്കാൻ നേരമുണ്ടായിരുന്നില്ല. 88–ാം മിനിറ്റിൽ ഇറ്റാലിയൻ താരം ഡേവിഡ് ഫ്രട്ടേസി ലക്ഷ്യം കണ്ടതോടെ ഇന്റർ, ജർമൻ മണ്ണിൽ വിജയമാഘോഷിച്ചു (2–1). 16ന് ഇന്ററിന്റെ ഗ്രൗണ്ടിലാണു ക്വാർട്ടർ ഫൈനൽ രണ്ടാംപാദം.
ആർസനൽ ഇതിനു മുൻപ് ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റയൽ മഡ്രിഡിനെ ഒരിക്കൽ പുറത്താക്കിയിട്ടുണ്ട്; 2006ൽ. അത്തവണ ആർസനൽ ഫൈനൽ വരെയെത്തി; സ്പാനിഷ് ക്ലബ് ബാർസിലോനയോടു ഫൈനലിൽ തോൽവി വഴങ്ങുകയും ചെയ്തു.