സ്വർണപ്പണയ വായ്പാ ചട്ടം കടുപ്പിച്ച് റിസർവ് ബാങ്ക്; പുതിയ വ്യവസ്ഥ ഇങ്ങനെ, നിങ്ങളുടെ വായ്പയെ ബാധിക്കുമോ?

Mail This Article
ന്യൂഡൽഹി∙ സ്വർണപ്പണയ വായ്പകൾ സംബന്ധിച്ച ചട്ടങ്ങൾ റിസർവ് ബാങ്ക് കർശനമാക്കുന്നു. ഇതു സംബന്ധിച്ച കരടുമാർഗരേഖ അഭിപ്രായങ്ങൾക്കായി റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു. സ്വർണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ചില പ്രശ്നങ്ങൾ നേരിടാനാണ് പരിഷ്കരിച്ച മാർഗരേഖ. എന്നാലിത് നിയന്ത്രണം കടുപ്പിക്കാനല്ലെന്നും പകരം ചട്ടങ്ങൾ യുക്തിസഹമാക്കാനാണെന്നും ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) ബാധകമായ ചട്ടങ്ങൾ ബാങ്കിങ് രംഗത്തേക്കു കൂടി കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കുകളും എൻബിഎഫ്സികളുമടക്കമുള്ള ഏതു ധനകാര്യസ്ഥാപനവും പണയമായെത്തുന്ന സ്വർണത്തിന്റെ മൊത്തം മൂല്യത്തിന്റെ 75% മാത്രമേ വായ്പയായി നൽകാവൂ എന്നാണ് കരട് മാർഗരേഖയിലുള്ളത്.
ചില വ്യവസ്ഥകൾ
∙ വായ്പ തിരിച്ചടച്ചാൽ 7 പ്രവൃത്തിദിവസത്തിനകം പണയം വച്ച സ്വർണം തിരികെ നൽകണം. തിരികെ നൽകുമ്പോൾ സ്വർണം പരിശോധിച്ചുറപ്പാക്കണം.
∙ ലേലത്തിന് വയ്ക്കുന്ന സാഹചര്യങ്ങളിൽ ഒരു പ്രാദേശിക മാധ്യമത്തിലും ഒരു ദേശീയ മാധ്യമത്തിലും ധനകാര്യസ്ഥാപനം പരസ്യം നൽകണം. എംപാനൽ ചെയ്തവരെ ഉപയോഗിച്ച് മാത്രമേ ലേലം നടത്താവൂ.
∙ ലേലം നടത്തും മുൻപ് വായ്പയെടുത്ത വ്യക്തിക്ക് പണം തിരിച്ചടയ്ക്കാൻ പര്യാപ്തമായ സമയം നൽകണം. ലേലത്തിലെ റിസർവ് വില സ്വർണത്തിന്റെ ഇപ്പോഴത്തെ വിലയുടെ 90 ശതമാനത്തിൽ താഴെയാകാൻ പാടില്ല.
∙ 2 വർഷത്തിലേറെയായി പണയത്തിലിരിക്കുന്ന സ്വർണം അവകാശികളില്ലാത്തതായി കണക്കാക്കും.
∙ ഹാൾമാർക്ക് ചെയ്ത സ്വർണത്തിന് വായ്പകളിൽ മുൻതൂക്കവും ഉയർന്ന മാർജിനും നൽകണം.
യുപിഐ പരിധി:എൻപിസിഐയ്ക്ക് തീരുമാനിക്കാം
വ്യക്തികൾ കച്ചവടക്കാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും (പഴ്സൻ ടു മർച്ചന്റ്) ഒരു യുപിഐ ഇടപാട് വഴി നൽകാവുന്ന തുകയുടെ പരിധി നാഷനൽ പേയ്മെന്റ്സ് കോർപറേഷന് (എൻപിസിഐ) തീരുമാനിക്കാൻ അനുമതി നൽകി. നിലവിൽ 2 ലക്ഷം രൂപയാണ് പരിധി. ചില ഇടപാടുകൾക്ക് മാത്രം 5 ലക്ഷവും അനുവദനീയമാണ്. വ്യക്തികൾ തമ്മിലുള്ള ഇടപാടിനുള്ള പരിധി 1 ലക്ഷം രൂപയായി തുടരും.