ആയുസ്സിനപ്പുറവും കാരുണ്യം; രത്തൻ ടാറ്റയുടെ വിൽപത്ര വിശദാംശങ്ങൾ പുറത്ത്, വളർത്തുമൃഗങ്ങൾക്കും കരുതൽ

Mail This Article
മുംബൈ ∙ 3800 കോടി രൂപയുടെ സ്വത്തിൽ ഭൂരിഭാഗവും സേവനപ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ് അന്തരിച്ച വ്യവസായി രത്തൻ ടാറ്റ. വിൽപത്ര നിർദേശങ്ങൾ നടപ്പാക്കാൻ ചുമതലപ്പെട്ടവരാണ്, നേരത്തേ വെളിപ്പെടുത്തിയ വിവരങ്ങൾക്കു പുറമേയുള്ളവ ഇപ്പോൾ പരസ്യപ്പെടുത്തിയത്.
∙ ടാറ്റ കമ്പനികളിലും പുറത്തുള്ള വിവിധ കമ്പനികളിലുമുള്ള രത്തന്റെ ഓഹരികൾ സേവനത്തിനായി ഉപയോഗിക്കും.
∙ സ്ഥിരനിക്ഷേപം ഉൾപ്പെടെയുള്ള 800 കോടി രൂപയുടെ മൂന്നിലൊന്ന് അർധസഹോദരിമാരായ ഷിറീൻ ജീജാഭോയ്, ഡിയാന ജീജാഭോയ് എന്നിവർക്ക്. മറ്റൊരു മൂന്നിലൊരു ഭാഗം ടാറ്റ ഗ്രൂപ്പിലെ മുൻ ഉദ്യോഗസ്ഥൻ മോഹിനി ദത്തയ്ക്ക്. 65 ആഡംബര വാച്ചുകൾ, അപൂർവ പെയ്ന്റിങ്ങുകൾ എന്നിവയുടെ മൂല്യം കൂടി ചേരുന്ന തുകയാണ് 800 കോടി.
∙ ജുഹുവിലെ 16 കോടിയുടെ കുടുംബ ബംഗ്ലാവിന്റെ ഭൂരിഭാഗം ഓഹരി സഹോദരൻ ജിമ്മി ടാറ്റയ്ക്ക്.
∙ സുഹൃത്ത് മെഹിലി മിസ്ത്രിക്ക് കൊങ്കൺ അലിബാഗ് കടൽത്തീരത്തെ 6 കോടിയുടെ വസ്തുവും വിലയേറിയ തോക്കുകളും.
∙ രത്തന്റെ കോട്ട് തയ്ച്ചിരുന്ന രാജൻ ഷായ്ക്ക് 50 ലക്ഷം. പാചകക്കാരൻ സുബ്ബയയ്ക്ക് 30 ലക്ഷം.
∙ 12 ലക്ഷം രൂപ ടാറ്റയുടെ വളർത്തുമൃഗങ്ങൾക്ക്. ഓരോ മൂന്നു മാസത്തിലും ഓരോ വളർത്തുമൃഗത്തിനും 30,000 രൂപ നീക്കിവയ്ക്കണം.
1996ൽ ആണു രത്തൻ ടാറ്റ ആദ്യമായി വിൽപത്രം തയാറാക്കിയത്. മൂന്നുവട്ടം തിരുത്തി. 2022 ഫെബ്രുവരിയിൽ ചേർത്ത വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അവസാനകാലത്ത് അടുത്ത സഹായി ആയിരുന്ന ശാന്തനു നായിഡുവിനായി ടാറ്റ കമ്പനി നൽകിയ വിദ്യാഭ്യാസ വായ്പ തന്റെ സ്വത്തിൽ നിന്നു നൽകുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.