മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങൾ മരണകാരണമാകാം; തടയേണ്ടത് എങ്ങനെ?

Mail This Article
ഇരുനൂറോളം രോഗങ്ങൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്കു പകരാം. പല രോഗങ്ങളും മനുഷ്യരിൽ മരണകാരണമാകാറുണ്ട്. മലപ്പുറത്തു ബ്രൂസല്ലോസിസ് എന്ന രോഗം ബാധിച്ചു സ്കൂൾ വിദ്യാർഥി മരിച്ചത് ഈയിടെയാണ്. വേണ്ടത്ര മുൻകരുതൽ എടുത്താൽ തടയാവുന്നതാണു ജന്തുജന്യരോഗങ്ങൾ.
ബ്രൂസല്ലോസിസ്
പ്രധാനമായും പശു, ആട്, എരുമ എന്നിവയിൽ നിന്നാണു മനുഷ്യരിലേക്കു പകരുന്നത്. കന്നുകാലികളിൽ ഗർഭം അലസിപ്പോകുകയും പാലുൽപാദനം കുറയുകയും, പനിയുടെ ലക്ഷണം കാണിക്കുകയും ചെയ്യും. രോഗം ബാധിച്ച കന്നുകാലികളുമായുള്ള സമ്പർക്കം വഴിയോ, ശരിയായി തിളപ്പിക്കാതെ പാലും പാലുൽപന്നങ്ങളും ഭക്ഷിക്കുന്നതു മൂലമോ രോഗം പിടിപെടാം.
ഇടവിട്ടുള്ള പനി, തളർച്ച, സന്ധി വേദന, വിശപ്പില്ലായ്മ തുടങ്ങിയവ മനുഷ്യരിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
എലിപ്പനി
അസുഖം ബാധിച്ച പട്ടി, എലി, പശു, ആട്, എരുമ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിൽ കൂടിയാണു രോഗത്തിനു കാരണമാകുന്ന ബാക്ടീരിയ മനുഷ്യരിൽ രോഗമുണ്ടാക്കുന്നത്. ഈ മൃഗങ്ങളുടെ മൂത്രം, മൂത്രം കലർന്ന കെട്ടിക്കിടക്കുന്ന ജലം, ഭക്ഷണം തുടങ്ങിയവയിലൂടെയാണു മനുഷ്യരിൽ രോഗം പകരുന്നത്. മലിനമായ ജലസ്രോതസ്സുകളിലും പാടങ്ങളിലും പണിയെടുക്കുന്നവർക്കു രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ചെറിയ മുറിവുകളിൽ കൂടിയാണു രോഗകാരികളായ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്.
പനി, ഛർദി, വയറിളക്കം, വിശപ്പില്ലായ്മ, ക്ഷീണം, മഞ്ഞപ്പിത്തം, വയറുവേദന, നിർജലീകരണം, കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒലിക്കുക, സന്ധിവേദന തുടങ്ങിയവയാണു മൃഗങ്ങളിലെ രോഗലക്ഷണങ്ങൾ. മനുഷ്യരിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അസുഖമാണ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാം.
സാൽമണല്ലോസിസ്
കോഴികളിലും കന്നുകാലികളിലും സാൽമണല്ല എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖം മനുഷ്യരിലേക്കു പകരാൻ കഴിവുള്ളതാണ്. ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയകളിൽ മുൻപന്തിയിലാണു സാൽമണല്ല. ശരിയായി വേവിക്കാത്ത കോഴിയിറച്ചി, പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണിസ്, തുടങ്ങിയവ കഴിച്ചു ഭക്ഷ്യവിഷബാധയുണ്ടാകാറുണ്ട്.
പനി വയറിളക്കം, ഓക്കാനം, വയറുവേദന, ഛർദി തുടങ്ങിയവയാണു മനുഷ്യരിൽ രോഗലക്ഷണം.
വയറിളക്കം, വിശപ്പില്ലായ്മ, ഭാരക്കുറവ്, സന്ധികളിലെ നീർക്കെട്ട്, മുടന്ത്, കുറഞ്ഞ മുട്ടയുൽപാദനം തുടങ്ങിയവയാണു കോഴികളിൽ ഈ രോഗത്തിന്റെ ലക്ഷണം.
ഉൽപാദനക്കുറവും പനിയും വയറിളക്കവും ശ്വാസതടസ്സവും പശുക്കളിലെ രോഗ ലക്ഷണമാണ്. അസുഖം ബാധിച്ച മൃഗത്തിന്റെ /പക്ഷികളുടെ പാൽ, മുട്ട, ഇറച്ചി, എന്നിവ ശരിയായ രീതിയിൽ ചൂടാക്കാതെ ഭക്ഷിക്കുകയോ, നേരിട്ടു മൃഗങ്ങളുമായി സമ്പർക്കത്തിലാവുകയോ വഴി രോഗം മനുഷ്യരിലേക്കു പകരാം.
പേവിഷബാധ
കോഴി വർഗം ഒഴിച്ചു ബാക്കി എല്ലാത്തരം മൃഗങ്ങളെയും ബാധിക്കുന്ന വൈറസ് രോഗമാണു പേവിഷബാധ. രോഗം ബാധിച്ച മൃഗങ്ങൾ മനുഷ്യനെ കടിക്കുകയോ, മാന്തുകയോ, മുറിവുകളിൽ നക്കുകയോ ചെയ്താൽ ഉമിനീരിലൂടെ വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ചു പേവിഷബാധയുണ്ടാകും. നാഡീവ്യൂഹത്തിനെയും തലച്ചോറിനെയും ബാധിക്കുന്ന രോഗമാണ്. ശരിയായ പ്രതിരോധ കുത്തിവയ്പ് എടുത്തില്ലെങ്കിൽ മരണം സംഭവിക്കും. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല.
പക്ഷിപ്പനി
കോഴി, താറാവ്, ദേശാടനപ്പക്ഷികൾ തുടങ്ങിയ പക്ഷി വർഗത്തെ ബാധിക്കുന്ന വൈറസ് രോഗം. രോഗം ബാധിച്ച കോഴികളിൽ ഭൂരിഭാഗവും മരണപ്പെടും. കോഴികളിൽ നിന്നു കോഴികളിലേക്കും മനുഷ്യരിലേക്കും അസുഖം ബാധിക്കും. H5N1, H7N9 എന്നീ ജനിതക ശ്രേണിയിലുള്ള വൈറസുകളാണു രോഗകാരികൾ. മനുഷ്യ ശരീരത്തിൽ ഈ വൈറസുകൾ പ്രവേശിച്ച് കാലക്രമേണ ജനിതകമാറ്റം സംഭവിച്ചാൽ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരാവുന്ന മഹാമാരിയായി ഈ രോഗം മാറാം. അതിനാലാണ് മുൻകരുതൽ എന്ന നിലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന പ്രദേശത്തെ കോഴികളെ കൂട്ടത്തോടെ ദയാവധം ചെയ്യുന്നത്.
രോഗം വരാതിരിക്കാൻ
∙ മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാലുടൻ കയ്യും കാലും സോപ്പുപയോഗിച്ചു കഴുകണം.
∙ മൃഗങ്ങളുടെ കൂടും പരിസരവും വൃത്തിയാക്കുമ്പോൾ കയ്യുറയും ബൂട്ടും ധരിക്കണം.
∙ ഫാമിനുള്ളിൽ പ്രവേശിക്കുമ്പോൾ മാസ്ക് ധരിക്കണം
∙ മുറിവുകളുണ്ടെങ്കിൽ മറയുന്ന രീതിയിൽ കെട്ടിവച്ചു വേണം കൂടിനുള്ളിൽ പ്രവേശിക്കാൻ
∙ കന്നുകാലികളുടെ പ്രസവാനന്തര വിസർജ്യങ്ങളും ഗർഭം അലസൽ മൂലമുള്ള വിസർജ്യങ്ങളും നീക്കം ചെയ്യുമ്പോൾ കൈയുറ ധരിക്കണം.
∙ അരുമ മൃഗങ്ങളുടെ രക്ത പരിശോധനയും പ്രതിരോധ കുത്തിവയ്പും കൃത്യമായി നടത്തണം
∙ ഇറച്ചി,പാൽ, മുട്ട തുടങ്ങിയവ ശരിയായ ഊഷ്മാവിൽ ചൂടാക്കി വേണം ഉപയോഗിക്കേണ്ടത്
∙ വേണ്ടത്ര മുൻകരുതലെടുക്കാതെ കെട്ടിക്കിടക്കുന്ന ജലത്തിൽ ഇറങ്ങരുത്
∙ മൃഗങ്ങളിൽ നിന്നുള്ള കടിയേൽക്കുകയോ, മാന്തലേൽക്കുകയോ ചെയ്താൽ നിസ്സാരമായി കരുതരുത്. ചികിത്സ തേടണം
∙ എത്ര തന്നെ അരുമ മൃഗമാണെങ്കിലും രോഗം ബാധിച്ചവരെങ്കിൽ ഉമ്മ കൊടുക്കുക, കൂടെ കിടത്തി ഉറക്കുക, കുട്ടികളുമായി ഇടപഴകാനുള്ള അവസരം കൊടുക്കുക, തുടങ്ങിയവ ചെയ്യരുത്.
∙ 5 വയസ്സിന് താഴെയുള്ള കുട്ടികളും പ്രായാധിക്യമുള്ളവരും രോഗ പ്രതിരോധശേഷി കുറവുള്ളവരും മൃഗങ്ങളുമായി ഇടപഴകുമ്പോൾ വേണ്ടത്ര മുൻകരുതലെടുക്കണം.
(തയ്യാറാക്കിയത് ,ഡോ.ഷാഹുൽഹമിദ്,റിട്ട.അസിസ്റ്റ്ന്റെ ഡയറക്ടർ,മൃഗസംരക്ഷണ വകുപ്പ് )