മാധ്യമങ്ങളുടെ അടിത്തറ വാർത്തകളിലെ വിശ്വാസ്യതയും സത്യസന്ധതയും: പിണറായി വിജയൻ

Mail This Article
വാർത്തകളിലെ വിശ്വാസ്യതയും സത്യസന്ധതയുമാണ് ജനാധിപത്യസമൂഹത്തിലെ മാധ്യമങ്ങളുടെ അടിത്തറയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ഫാക്ട് ചെക്ക് ദിനത്തിൽ മനോരമ ഓൺലൈന് നൽകിയ പ്രത്യേക സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ അടിസ്ഥാനതത്വം പാടേ മറന്നുകൊണ്ടുള്ള മാധ്യമ പ്രവർത്തനമാണ് അടുത്തകാലത്തായി മാധ്യമങ്ങൾ തുടർന്നു പോരുന്നത്. സങ്കുചിത രാഷ്ട്രീയ താല്‌പര്യങ്ങൾക്കായി മാധ്യമ ധാർമികത അടിയറവയ്ക്കുന്ന പ്രവണത ജനാധിപത്യസമൂഹത്തിന് തീരെ ഭൂഷണമല്ല. സമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം വളരെയധികം വർധിച്ചിട്ടുള്ള ഈ കാലത്ത് വസ്‌തുതകൾ കൃത്യമായി ബോധ്യപ്പെടുത്തുകയെന്നത് പ്രയാസകരമായ ദൗത്യമാണ്.
ഓരോ വാർത്തയും ആധികാരികമാണെന്ന് ഉറപ്പുവരുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കൃത്യവും സ്ഥിരീകരിക്കപ്പെട്ടതുമായ വിവരങ്ങൾ വായനക്കാർക്ക് ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഓൺലൈൻ മാധ്യമങ്ങൾക്കടക്കം വലിയ ഉത്തരവാദിത്തമുണ്ട്. വാർത്തകളുടെയും വിവരങ്ങളുടെയും ആധികാരികത ഉറപ്പാക്കുന്നതിനായി ഒട്ടുമിക്ക മാധ്യമങ്ങളും ഇന്ന് ഫാക്ട് ചെക്ക് ഡിവിഷൻ രൂപീകരിച്ചിട്ടുണ്ട്.
വസ്‌തുതാപരിശോധനയ്ക്കായി ഫാക്ട് ചെക്ക് ഡിവിഷൻ രൂപീകരിക്കുന്നതിലല്ല കാര്യം. വാർത്തകളിലെ വസ്‌തുതകൾ കൃത്യമായി പരിശോധിക്കുന്നതിനുള്ള മാനസിക സന്നദ്ധതയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യാജവാർത്തകൾക്കെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനായാണ് ലോകമെങ്ങും ഏപ്രിൽ 2 രാജ്യാന്തര ഫാക്ട് ചെക്ക് ദിനമായി ആചരിച്ചുവരുന്നത്. വിമർശനാത്മക ചിന്തയുടെയും മാധ്യമ സാക്ഷരതയുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലിന് ഈ ദിനം പ്രചോദകമാകും.
വ്യാജ വാർത്തകളുടെ വ്യാപനം തടയുന്നതിനും ആരോഗ്യകരമായ ഒരു വിവരശൃംഖല ഉറപ്പാക്കുന്നതിനും രാജ്യാന്തര ഫാക്ട് ചെക്ക് ദിനാചരണം സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.