ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യാത്രാമൊഴി ഒറ്റ വാക്കല്ല. പറഞ്ഞു കഴിഞ്ഞാലും തീരാത്ത, ബാക്കിയാകുന്ന കഥയാണ്. യാത്രയാക്കി എന്നു പറയുന്നതു തന്നെ വെറുതെ. യാത്ര പറയുന്നതോടെ ഓർമകൾ തിരികെവരികയാണെന്ന് ആർക്കാണ് അറിയാത്തത്. മുൻപൊരിക്കലും ഓർമിച്ചിട്ടില്ലാത്ത ദൃശ്യങ്ങൾ പോലും വ്യക്തതയോടെ മടങ്ങിവരും. വർഷങ്ങളുടെ മൂടൽമഞ്ഞിൽ നിന്ന്. പ്രായത്തിന്റെ അതിരുകൾ കടന്ന്. ഇതുവരെ ഓർത്തില്ലെന്ന വിഷാദം പോലും ബാക്കിവയ്ക്കാതെ. അതവിടെത്തന്നെ ഉണ്ടായിരുന്നു. ഉറങ്ങുകയായിരുന്നില്ല. ഉണർന്നുതന്നെ. എന്നാലും ഒരു സ്പർശം വേണ്ടിയിരുന്നു. വിളി. കാത്തുനിന്ന പോലെ തിരികെവരികയായി. ഒന്നൊന്നായി.

യാത്ര പറയാൻ ഒരുമിക്കുന്നവർ (കബറടക്കത്തിൽ) മൗനികളാകുന്നതിന് മറ്റൊരു കാരണവും ഇല്ല. അടുപ്പം കൂടുന്തോറും മൗനം കൂടും. ഓർമകളും. എല്ലാ കഥകളും പറയാൻ, പറഞ്ഞുതീർക്കാൻ കാലം ആരെയും അനുവദിക്കുന്നില്ല. എന്നാൽ, കഥകൾ പറയാതിരിക്കുന്നുമില്ല. മറവിക്കെതിരെ ഓർമയുടെ പോരാട്ടത്തെക്കുറിച്ച് പറഞ്ഞത് മിലൻ കുന്ദേരയാണ്. എഴുത്തിന്റെ മാനിഫെസ്റ്റോയാണത്. മറവിക്കെതിരെ. മരണത്തിൽ നിന്നുള്ള ജീവിതത്തിന്റെ പിടച്ചിൽ കൂടിയാണത്.

ശ്മശാനങ്ങൾ മരിച്ചവരുടെ മണ്ണ് മാത്രമല്ല. വാസസ്ഥലങ്ങൾ മാത്രമല്ല. പൂന്തോട്ടങ്ങൾ കൂടിയാണ്. ഓർമകളുടെ വാടാത്ത, കൊഴിയാത്ത പൂക്കളുടെ തോട്ടം. ശവകുടീരങ്ങളെ ഓർമകളുടെ പുന്തോട്ടമാക്കിയവർക്കാണ് സബിൻ ഇക്ബാൽ Tales from the Qabristan എന്ന നോവൽ സമർപ്പിക്കുന്നത്.

ജീവിതം തുടരുന്നവരുടെ നിഷ്ഠുര സുഹൃത്തുക്കളാണ് ഓർമകളെന്ന് പപ്പയുടെ കബറടക്കത്തിന് – പുതിയൊരു മുറിവ് പോലെ – നിൽക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു. ഇന്നലെയുടെ മുറിവുകളെ ഇന്നിന്റെ ചർമം മൂടവേ തന്നെ അവ പിന്തുടരുന്നു, കാലത്തെ അതിജീവിക്കുന്നു, വ്യക്തികളും  സ്ഥലങ്ങളുമായി ഇഴുകിച്ചേരുന്നു. മൂർച്ചയേറിയ മഴു പോലെ പുതിയൊരു ഞരമ്പ് കണ്ടെത്തുമ്പോൾ തന്നെ അവ മുറിവുണക്കുന്നു.

കണ്ണീരുറഞ്ഞ ക്രൂര കാലങ്ങളെ ഒന്നൊന്നായി കടന്നുപോകുമ്പോൾ തന്നെ ജീവിതത്തിന്റെ തേര് വലിക്കുന്നത് പ്രതീക്ഷയുടെ അശ്വവേഗമാണ്.

വെയിലിനു മീതെ മഴ ചാറുമ്പോഴാണ് കബറിൽ നിന്നുള്ള കഥ തുടങ്ങുന്നത് ; അവസാനിക്കുന്നതും. കുഴിമാടത്തിൽ നിന്നാണ്  തുടങ്ങുന്നത്. അതേ കുഴിയിൽ തന്നെ അവസാനിക്കുന്നു. ഓർമകളെ എവിടെ അടക്കം ചെയ്യും. അടക്കി മണ്ണിട്ടാലും അവ വീണ്ടും കിളിർക്കുന്നു. പൂർവാധികം ശക്തിയോടെ. പറയാതെ വയ്യ. എഴുതാതെ പറ്റില്ല. വേദനിപ്പിക്കും. ഉണങ്ങാൻ തുടങ്ങിയ മുറിവിൽ വീണ്ടും ചോര. വേദന. ഒരിക്കൽ വിഷമിപ്പിച്ച അതേ വേദനയിലൂടെ വീണ്ടും. എന്നാകിലും ഓർക്കാതെ വയ്യ. അതു തന്നെയല്ലേ ജീവിതം. ധർമം. കർമം. എഴുത്തും.

പപ്പ മുഹമ്മദ് ജമാലിന്റെ കഥ മാത്രമല്ല ഫാറൂഖ് പറയുന്നത്. മണ്ണിൽ ആഴത്തിൽ വേരുകളാഴ്ത്തി, സമൃദ്ധമായ ചില്ലകളുമായി പടർന്നുപന്തലിച്ച കുടുംബ വൃക്ഷം. പൂത്തു തളിർത്തും ഇല കൊഴിഞ്ഞും വീണ്ടും താരും തളിരുമായി ഉയിരും ഉണർവും നേടിയ വൃക്ഷം. ആ തണലിൽ സന്തോഷവും സങ്കടവും കണ്ടെത്തിയ തലമുറകൾ. ആ കുടുംബത്തെ ആശ്രയിച്ചു ജീവിച്ചവർ. അതൊരു ഗ്രാമത്തിന്റെ കഥയാണ്. കായലോരത്തു നിന്നു വീശുന്ന കാറ്റാണ്. ദേശത്തിന്റെയും തെരുവിന്റെയും വയലിന്റെയും പുഴയുടെയും വീട്ടകത്തിന്റെയും പുറത്തിന്റെയും ചരിത്രമാണ്. ഇന്നലെകൾ എന്ന പോലെ ഇന്നും നാളെയുമാണ്.

കാഫ്കയുടെ വിപരിണാമം വായിച്ച് എഴുത്തിന്റെ ഊർജസ്രോതസ്സ് കണ്ടെത്തിയ ഗബ്രിയേൽ മാർക്കേസ് മാന്ത്രിക ഭാവനയുടെ ചില്ലുജാലകത്തിലൂടെ കാണിച്ചുതന്ന മിഴിവുള്ള ചിത്രങ്ങൾ. അമ്മയ്ക്കൊപ്പം വീട് തേടി നടന്ന കുട്ടിയുടെ അവസാനിക്കാത്ത ആകാംക്ഷയും ഉൽകണ്ഠയും പോലും മറവിരോഗം വീഴ്ത്തും മുൻപേ അദ്ദേഹം എഴുതി. വേരുകളിലേക്ക് മടങ്ങാതെ എഴുത്ത് പൂർത്തിയാകുന്നില്ല.ഓരോ എഴുത്തുകാരന്റെയും ജന്മനിയോഗം. വിട്ടുപോന്ന മുറിവുകളുടെ വേദനയിൽ വീണ്ടും ജീവിച്ച്  അക്ഷരങ്ങളുടെ ലേപനം പുരട്ടുന്ന അതിജീവന വിദ്യ.

സബിൻ ജീവിതം പറയുന്നത് ഒരു കുട്ടിയുടെ കണ്ണിലൂടെയാണ്. അതുതന്നെയാണ് ഈ കഥകളെ ഹൃദയസ്പർശിയാക്കുന്നതും. കുഞ്ഞിക്കണ്ണുകൾക്ക് എല്ലാം മനസ്സിലാകില്ലല്ലോ. ജീവിതത്തിന്റെ സങ്കീർണതയെ അവ എങ്ങനെ എത്തിപ്പിടിക്കാനാണ്. നവാഗതരുടെ കാഴ്ചവട്ടത്തിന് പരിമിതിയില്ലേ. ഇല്ല, ഓരോ കാഴ്ചയും സ്വയം സമ്പൂർണമാണ്. സമഗ്രമാണ് . ആധികാരികമാണ്. അവർക്കു മാത്രമേ ഇത്ര വ്യക്തമായി ജീവിതം പറയാനാവൂ. കാപട്യമില്ലാതെ, ഒന്നും മറച്ചുവയ്ക്കാതെ. സ്നേഹത്തിന്റെ നിഷ്കളങ്ക ലാവണ്യമായാലും കുശുമ്പും കുന്നായ്മയും തീവ്ര ദുരന്തവും...

എന്തൊരു തെളിവാണ്. നിറവാണ് കുഞ്ഞിക്കണ്ണുകൾക്ക്.

കേരളീയ ജീവിതത്തിന്റെ പരിവർത്തന കാലത്തെ കൊച്ചു ചിമിഴിൽ എന്നപോലെ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട് സബിൻ. ഫുട്ബോളിൽ നിന്ന് ക്രിക്കറ്റിലേക്കുള്ള കുതിച്ചുചാട്ടം. കാർഷിക വൃത്തിയിൽ നിന്ന് ഗൾഫ് പണം പച്ചപ്പരവതാനി വിരിച്ച ആഡംബരത്തിലേക്ക്. ജീവിതശൈലിയിലും കുടുംബ ബന്ധങ്ങളിലും വന്ന മാറ്റങ്ങൾ.  ഇത്തിരിപ്പോന്ന സന്തോഷങ്ങളിൽ നിന്ന് പണം അടിസ്ഥാനമായ വർഗ വിഭജനത്തിലേക്കുള്ള വീഴ്ചയും താഴ്ചയും. രാഷ്ട്രീയം പോലും സൗമ്യവും സാത്വികവുമായിരുന്ന ആദർശ നിഷ്ട ലോകം.

കബറിൽ നിന്നുള്ള കഥകൾക്കു ചെവിയോർക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ. അവരെ തേടി വരും ഓർമപ്പൂക്കളുടെ വിദൂര വിസ്മയ ഗന്ധം. അവർ ഭാഗ്യമുള്ളവർ. സഹൃദയർ. സമാന മനസ്കർ. അവരെക്കുറിച്ച് അനുതാപത്തോടെ സബിൻ എഴുതുമ്പോൾ പിന്നിട്ട ജീവിതം നാം വീണ്ടും ജീവിക്കുന്നു. നഷ്ടബോധത്തോടെ. ദുരന്താവബോധത്തോടെ. സ്നേഹിക്കാനും സങ്കടപ്പെടാനും എന്നെന്നേക്കും വിധിക്കപ്പെട്ട്.

Tales from the Qabristan.

Sabin Iqbal

Penguin Random House

Price Rs 599

English Summary:

Sabin Iqbal's Tales from the Qabristan: A Must-Read Novel of Family, Grief, and Kerala Life

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com