ചീത്ത വിളിക്കുന്നത് ആണുങ്ങളും പെണ്ണുങ്ങളും, സിനിമയില്ലേല് തട്ടുകട തുടങ്ങും: സീമ ജി. നായർ

Mail This Article
‘എമ്പുരാൻ’ സിനിമയെ പിന്തുണച്ചതിന്റെ പേരിൽ നടി സീമ ജി. നായർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നവരാണ് ചീത്ത പറയാൻ എത്തുന്നതെന്നും ഈ ചീത്ത വിളികളൊന്നും തന്നെ ബാധിക്കില്ലെന്നും നടി പറയുന്നു. സിനിമ പോയാൽ തട്ടുകട നടത്തിയാണെങ്കിലും താൻ ജീവിക്കുമെന്നും സീമ ജി. നായർ പറഞ്ഞു.
‘‘അടിച്ചമർത്താൻ ശ്രമിക്കുമ്പോളും തെറി അഭിഷേകങ്ങൾ നടത്തുന്നവരോടും എനിക്കൊന്നേ പറയാൻ ഉള്ളു, (പറയുന്ന തെറികൾ 7 ജന്മം എടുത്താലും തീരാത്ത അത്രയും ഉണ്ട് )..41 വർഷമായി ഞാൻ ഈ രംഗത്ത് വന്നിട്ട്. ഇന്ന ജാതിയുടെ മാത്രം റോളുകളെ ചെയ്യുകയുള്ളൂ എന്ന് പറയാൻ പറ്റില്ലല്ലോ.
അതുകൊണ്ടു തന്നെ ഈശ്വരൻ നില നിർത്തുന്ന അത്രയും കാലം, എന്റെ തൊഴിലിനെ പ്രതിനിധാനം ചെയ്യുന്ന വേഷങ്ങൾ കെട്ടും. ചീത്ത പറഞ്ഞേ തീരു എന്നുള്ളവർ പറഞ്ഞു കൊണ്ടേ ഇരിക്കുക. പറ്റാവുന്ന അത്രയും പറയുക. നിങ്ങൾക്ക് മടുക്കുന്നതു വരെ പറയുക. ഒരു പോസ്റ്റിട്ടപ്പോൾ ഇത്രയും ചീത്തകളാണ് നിങ്ങൾ പറയുന്നതെങ്കിൽ?
തെറിയുടെ പൂമൂടൽ നടന്നുകൊണ്ടിരിക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ. കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത്. സിനിമയിൽ ചാൻസ് കിട്ടാൻ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല, സിനിമയില്ലേൽ, സീരിയൽ, അതില്ലേൽ നാടകം. ഇനി അതുമില്ലേൽ ഒരു തട്ടുകട തുടങ്ങും. അത് മതി ജീവിക്കാൻ. സിനിമ നടിയായി സപ്രമഞ്ച കട്ടിലിൽ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല.’’–സീമ ജി. നായരുടെ വാക്കുകൾ.