വിഷുദിനത്തിൽ ഈ 5 ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര പോയാലോ?

Mail This Article
കണി ഒരുക്കിയും പടക്കം പൊട്ടിച്ചും കുടുംബാംഗങ്ങളുമായി ഒത്തുകൂടിയും ആഘോഷിക്കുന്ന വിഷു മനോഹരമാണ്. വലിയ ആഘോഷമായാണ് നാടെങ്ങും വിഷു കൊണ്ടാടുന്നത്. കൈ നീട്ടവും പുതുവസ്ത്രവും സദ്യയും കളിചിരികളുമായി ഒരു ദിനം. വിഷു ദിനത്തിൽ അതിരാവിലെ ക്ഷേത്ര ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ പ്രസിദ്ധമായ 5 ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ പരിചയപ്പെടാം.
∙ തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം
വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനങ്ങളും പൂജാക്രമങ്ങളും ആണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലേത്. കോട്ടയം നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ തിരുവാർപ്പ് പഞ്ചായത്തിലാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ആദ്യം നട തുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ക്ഷേത്രം. എല്ലാ ദിവസവും പുലർച്ചെ രണ്ട് മണിക്കാണ് പള്ളിയുണർത്തൽ. കൊടിയേറ്റിനുശേഷം ആണ് ഇവിടെ വിഷു പൂജ നടത്തുന്നത്. കൊടിയേറി കണി കാണണം എന്നാണ് തിരുവാർപ്പിലെ ക്ഷേത്രാചാരം.

കോട്ടയം നഗരത്തിൽ എത്തുന്നവർക്ക് നാഗമ്പടം ബസ്സ്റ്റാൻഡിൽ നിന്നോ, തിരുനക്കരയില്‍ നിന്നോ ബസ് ലഭിക്കും. കുമരകം റൂട്ടില്‍ ഇല്ലിക്കല്‍, വഴി തിരുവാര്‍പ്പിലെത്താം. നിരവധി ബസുകൾ ഒടുന്ന റൂട്ടായതിനാൽ ബുദ്ധിമുട്ടുണ്ടാകില്ല. Read More

∙ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂർ തളിപ്പറമ്പിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. വടക്കിന്റെ ഗുരുവായൂരെന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിൽ രൗദ്രഭാവത്തിൽ നിൽക്കുന്ന ശ്രീകൃഷ്ണനെയാണ് ആരാധിക്കുന്നത്. പുലർച്ചെ അഭിഷേകം കഴിഞ്ഞ് തൊഴുന്നതാണ് അഭികാമ്യം എന്നും വിശ്വാസമുണ്ട്. കിഴക്കോട്ട് ദർശനമായ ഈ ക്ഷേത്രത്തിൽ രാവിലെ, ഉച്ച, രാത്രി എന്നിങ്ങനെ 3 പൂജകളാണുള്ളത്. പുലർച്ചെ 5.00 മുതൽ 12.00 വരെയും ഉച്ച കഴിഞ്ഞ് 5.00 മുതൽ രാത്രി 8.00 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. കണ്ണൂർ ബസ്റ്റാൻഡിൽ നിന്നും തളിപ്പറമ്പിലേക്ക് നിരവധി ബസ് സർവ്വീസ് ഉണ്ട്. Read More

∙ അമ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രം
അമ്പലപ്പുഴ എന്ന് കേൾക്കുമ്പോൾ രുചിയുള്ള അമ്പലപ്പുഴ പാൽപ്പായസമാകും ആദ്യം മനസ്സിൽ വരുന്നത്. അതെ ആ പായസം കിട്ടുന്ന അമ്പലം തന്നെയാണിത്. മുന്നിൽ ഒന്നുമില്ലാതെ ഇനിയെന്ത് എന്ന് ചോദിക്കുന്നവർക്ക് അത്തരം സന്ദർഭങ്ങളിലൊക്കെ അമ്പലപ്പുഴ ക്ഷേത്രദര്‍ശനം നടത്തിയാൽ നേര്‍വഴി കാണിക്കാനായി ഭഗവാൻ ഭക്തനു മുന്നേ ഉണ്ടാകും എന്നാണ് വിശ്വാസം. ഭഗവാൻ ശ്രീകൃഷ്ണന്‍ അർജുനന് നൽകിയ മൂന്നു വിഗ്രഹങ്ങളിൽ ഒന്ന് ഗുരുവായൂരിലും മറ്റൊന്ന് തൃപ്പൂണിത്തുറയിലും മൂന്നാമത്തേത് അമ്പലപ്പുഴയിലേതുമാണ്. ആലപ്പുഴ ജില്ലയിൽ പുറക്കാട്ടിന് സമീപമായി ആലപ്പുഴ കൊല്ലം നാഷണൽ ഹൈവേയിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. പടിഞ്ഞാറേ നടയിലൂടെയാണ് നടപ്പന്തലിൽ എത്തുന്നത്. പടിഞ്ഞാറേ വാതിലിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ല.അഷ്ടമിരോഹിണിയും വിഷുവും ഇവിടെ വിശേഷമായി കൊണ്ടാടുന്നു. Read More

∙ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
ഗുരുവായൂരപ്പനെ ഒരു നോക്ക് കാണാൻ ലക്ഷങ്ങളാണ് തൃശൂരിലേക്ക് എത്തുന്നത്. വിഷുവിന് മിക്ക ക്ഷേത്രങ്ങളിലും കണിയൊരുക്കും. ഗുരുവായൂരിലെ വിഷുക്കണി പ്രശസ്തവും പ്രധാനവുമാണ്. വിഷു ദിനത്തിൽ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ ഉദയസൂര്യരശ്മികൾ പതിക്കുന്ന രീതിയിലാണു ക്ഷേത്രനിർമാണം നടത്തിയിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ 15 തിങ്കളാഴ്ച രാവിലെ 2.30 മുതൽ ആരംഭിക്കും. പുലർച്ചെ മേൽശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. പിന്നീട് ഭക്തർക്ക് കണി ദർശനം നടത്താം. ശ്രീകോവിലിനകത്തെ മുഖമണ്ഡപത്തിലാണ് വിഷുക്കണി ഒരുക്കുക. രാത്രി വിഷുവിളക്ക് തെളിയും. Read More
∙ ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ബാലരൂപത്തിൽ കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിലൊന്ന്. പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ഉറി വഴിപാട് നടത്തുന്ന ഒരേയൊരു ക്ഷേത്രം കൂടിയാണിത്. എല്ലാ രോഹിണി നാളിലും "രോഹിണിയൂട്ട് " എന്ന ചടങ്ങ് നടത്തിവരുന്നു. വർഷങ്ങളായി ഈ ക്ഷേത്രത്തിൽ സർവകാര്യസിദ്ധിക്കായി മഹാസുദർശന ലക്ഷ്യ പ്രാപ്‌തി പൂജയും നടത്തുന്നുണ്ട്. ക്ഷേത്രത്തില്‍ വരുവാന്‍ ചെങ്ങന്നൂര്‍ അടൂര്‍ എം.സി റോഡില്‍ കുളനട ജംഗ്ഷനില്‍ ഇറങ്ങി ഉളനാട് വഴി പോകുന്ന ബസില്‍ കയറിയാല്‍ ക്ഷേത്രത്തില്‍ എത്താം. Read More