സ്വർണത്തെ പിടിച്ചുയർത്തി ‘പകരച്ചുങ്ക ട്രംപുരാൻ’; പവന് 68,000 കടന്നു; പണിക്കൂലിയടക്കം ഇന്നു വില ദാ ഇതാണ്

Mail This Article
തുടർച്ചയായ രണ്ടാംദിവസവും കേരളത്തിൽ പുത്തൻ നാഴികക്കല്ല് ഭേദിച്ച് സ്വർണവില. ചരിത്രത്തിലാദ്യമായി ഇന്നലെ 67,000 രൂപ ഭേദിച്ച (Read Details) പവൻവില, ഇന്ന് 68,000 രൂപയും മറികടന്ന് മുന്നേറി. ഇന്ന് ഒറ്റയടിക്ക് 680 രൂപ വർധിച്ച് വില 68,080 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കൂടിയത് 2,600 രൂപ. ഗ്രാമിന് ഇന്ന് 85 രൂപ കുതിച്ച് വില 8,510 രൂപയിലെത്തി. ഗ്രാം വില 8,500 രൂപ കടന്നതും ഇതാദ്യം.

കനംകുറഞ്ഞ ആഭരണങ്ങളും (ലൈറ്റ് വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഇന്നു ചരിത്രം കുറിച്ചു. വില ആദ്യമായി 7,000 രൂപ കടന്നു. ഗ്രാമിന് 70 രൂപ ഉയർന്ന് 7,020 രൂപയാണ് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നൽകിയ വില. ഇവർ വെള്ളിക്കു നൽകിയ വില ഗ്രാമിന് ഒരു രൂപ ഉയർത്തി 112 രൂപ.

എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 18 കാരറ്റിന് ഗ്രാമിന് 70 രൂപ ഉയർത്തി 6,980 രൂപ നൽകിയപ്പോൾ വെള്ളിവില ഗ്രാമിന് 112 രൂപയിൽ മാറ്റമില്ലാതെ നിർത്തി. 22 കാരറ്റ് സ്വർണവില കുത്തനെ കൂടിയപ്പോൾ, താരതമ്യേന വില കുറവാണെന്നത് ഇടക്കാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങളുടെ സ്വീകാര്യത വർധിപ്പിച്ചിരുന്നു. 22 കാരറ്റുമായി ഇപ്പോഴും ഗ്രാമിന് 1,500 രൂപയോളം വിലക്കുറവുണ്ടെങ്കിലും വില 7,000 രൂപ കടന്നുവെന്നത് ഉപഭോക്താക്കളെ നിരാശരാക്കുന്നുണ്ട്.
പുത്തനുയരത്തിലേക്ക് രാജ്യാന്തര വിലയും
രാജ്യാന്തര സ്വർണവില ഇന്നലെ കുറിച്ച ഔൺസിന് 3,109 ഡോളർ എന്ന റെക്കോർഡ് ഇന്ന് ഒറ്റദിവസം 40 ഡോളറോളം കുതിച്ചുകയറി 3,147.02 ഡോളറായി തിരുത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ നാളെ (ഏപ്രിൽ 2) മുതൽ പകരച്ചുങ്കം (Reciprocal Tariff) ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതും യുഎസ്-ഇറാൻ ബന്ധം കൂടുതൽ വഷളായതും സ്വർണത്തിനു നേട്ടമാവുകയാണ്.

ഒരു രാജ്യത്തിനും പകരച്ചുങ്കത്തിൽ ഇളവുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ യുഎസ് ഡോളറും യുഎസ് ഗവൺമെന്റിന്റെ ട്രഷറി ബോണ്ട് യീൽഡും (കടപ്പത്ര ആദായനിരക്ക്) ദുർബലമായതും സ്വർണത്തിനുള്ള ഡിമാൻഡ് കൂട്ടി; അതോടെ വിലയും കുതിച്ചുയരുകയായിരുന്നു. യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 109.18 നിലവാരത്തിൽ നിന്ന് 104.08ലേക്കും 10-വർഷ യുഎസ് ട്രഷറി യീൽഡ് 4.28ൽ നിന്ന് 4.20 ശതമാനത്തിലേക്കും ഇടിഞ്ഞതോടെ നിക്ഷേപകർ ഗോൾഡ് ഇടിഎഫിലേക്ക് ചുവടുമാറ്റുകയായിരുന്നു.
ഇനി വില എങ്ങോട്ട്?
രാജ്യാന്തര സ്വർണവില വൈകാതെ 3,200 ഡോളർ ഭേദിക്കുമെന്നാണ് പൊതു വിലയിരുത്തൽ. 2025ന്റെ അവസാനത്തോടെ വില 4,000 ഡോളർ വരെയാകാനുള്ള സാധ്യതയും നിരീക്ഷകർ തള്ളുന്നില്ല. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരു പവൻവില 75,000-80,000 രൂപ നിരക്കിലേക്കും എത്താം. പണിക്കൂലിയും നികുതിയും ചേരുമ്പോൾ വാങ്ങൽവില പവന് 85,000 രൂപയും കടക്കാം. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം ഔൺസിന് 300 ഡോളറോളം കൂടിയിട്ടുണ്ട്. ഒരുമാസത്തിനിടെ പവന് 4,000 രൂപയോളവും കൂടിയെന്നതും സ്വർണക്കുതിപ്പിന്റെ ശക്തി വ്യക്തമാക്കുന്നു.
വിവാഹപ്പാർട്ടികൾക്ക് വൻ തിരിച്ചടി
വിവാഹാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയാണ് സ്വർണവില വർധന കൂടുതൽ വലയ്ക്കുന്നത്. 68,080 രൂപയാണ് ഇന്നൊരു പവനു വില. എന്നാൽ, ഈ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല.

ആഭരണമായി സ്വർണം വാങ്ങുമ്പോൾ 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും കൂടി ബാധകം. അതായത്, മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 73,685 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിനു മിനിമം 9,210 രൂപയും. അതായത്, രണ്ടുപവന്റെ മാല വാങ്ങാൻ പോലുമാകും ഒന്നരലക്ഷം രൂപയോളം.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business