വാഹനങ്ങൾക്കും ട്രംപിന്റെ താരിഫ് അടി; ടാറ്റാ മോട്ടോഴ്സ് ഉൾപ്പെടെ ഓഹരികളിൽ വൻ വീഴ്ച, കൂടുതൽ തിരിച്ചടി വാഹനഘടക കമ്പനികൾക്ക്

Mail This Article
യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റശേഷം ഡോണൾഡ് ട്രംപ് ചുമത്തുന്ന അധിക ഇറക്കുമതി തീരുവയുടെ പുതിയ ഇര വാഹനക്കമ്പനികൾ. ഏപ്രിൽ രണ്ടിനു പ്രാബല്യത്തിൽ വരുംവിധം 25% ഇറക്കുമതി തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. തീരുവ ചുമത്തുന്നത് ഉറച്ചതീരുമാനമാണെന്നും വിട്ടുവീഴ്ചയ്ക്കോ ഇളവിനോ ചർച്ചകൾക്ക് ഒരുക്കമല്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു പിന്നാലെ ലോകത്തെ ഒട്ടുമിക്ക വാഹന നിർമാണക്കമ്പനികളുടെയും ഓഹരികൾ കൂപ്പുകുത്തി.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹന ഘടകങ്ങൾക്കും തീരുവ ബാധകമാണെന്ന് വ്യക്തമായതോടെ, ഈ രംഗത്തെ കമ്പനികളുടെ ഓഹരികളും നിലംപൊത്തി. ഇന്ത്യയിൽ ടാറ്റാ മോട്ടോഴ്സ്, വാഹനഘടക നിർമാണക്കമ്പനികളായ സോന ബിഎൽഡബ്ല്യു, സംവർധന മദേഴ്സൺ, ഭാരത് ഫോർജ്, മദേഴ്സൺ സുമി തുടങ്ങിയവയുടെ ഓഹരികൾ 8 ശതമാനം വരെ ഇടിഞ്ഞു.

രാജ്യാന്തര തലത്തിൽ പ്രമുഖ കമ്പനികളായ ടൊയോട്ട 3.5%, ഹോണ്ട 3.1%, നിസാൻ 2.5%, ഹ്യുണ്ടായ് 2.7%, മിത്സുബിഷി 4.5%, മാസ്ദ 5.9% എന്നിങ്ങനെയും വീണു. യുഎസ് കമ്പനികളായ ഫോഡ്, ജനറൽ മോട്ടോഴ്സ് (ഷെവർലെ നിർമാതാക്കൾ), സ്റ്റെല്ലാന്റിസ് എൻവി ഓഹരികളും നഷ്ടത്തിലായി.
ട്രംപിനെതിരെ പ്രതിഷേധം ശക്തം
കഴിഞ്ഞവർഷം 240 ബില്യൻ ഡോളറിന്റെ കാർ, ട്രക്ക് ഇറക്കുമതിയാണ് യുഎസ് നടത്തിയത്. വാഹന, വാഹനഘടക നിർമാണക്കമ്പനികളെ യുഎസിൽ പ്ലാന്റ് സ്ഥാപിക്കാൻ നിർബന്ധിതരാക്കുകയാണ് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിലൂടെ ട്രംപ് ഉന്നമിടുന്നത്. അതേസമയം യുഎസ്-മെക്സിക്കോ-കാനഡ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ലംഘനമാണ് അധിക തീരുവ ചുമത്തുന്നതിലൂടെ ട്രംപ് നടത്തിയിരിക്കുന്നതെന്ന വിമർശനവുമായി കാനഡ പ്രസിഡന്റ് മാർക്ക് കാർണിയടക്കമുള്ളവർ രംഗത്തെത്തി.

ലക്ഷക്കണക്കിനുപേർ തൊഴിലെടുത്തുന്ന വാഹന നിർമാണമേഖലയ്ക്കു നേരെയുള്ള ആക്രമണമാണ് ട്രംപിന്റെ താരിഫ് തീരുമാനമെന്നും മാർക്ക് കാർണി തുറന്നടിച്ചു. നിലവിൽ മെക്സിക്കോ, കാനഡ, ചൈന, യൂറോപ് എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ യുഎസിലേക്ക് വാഹന, വാഹനഘടക ഇറക്കുമതി നടക്കുന്നുണ്ട്.

യുഎസിൽ സാന്നിധ്യമുള്ള നിരവധി വാഹന കമ്പനികളുടെ ഫാക്ടറികൾ സ്ഥിതിചെയ്യുന്നത് കാനഡയിലും മെക്സിക്കോയിലുമാണ്. യുഎസ്-കാനഡ-മെക്സിക്കോ വ്യാപാരശൃംഖലയോടുള്ള തന്റെ ഏതിർപ്പു കൂടിയാണ് കനത്ത താരിഫിലൂടെ ട്രംപ് പ്രകടമാക്കിയിരിക്കുന്നത്. ട്രംപിന്റെ തീരുമാനം ഖേദകരമാണെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻഡെർ ലേയെനും പ്രതികരിച്ചു.
ഇന്ത്യൻ കമ്പനികളുടെ വീഴ്ച
ടാറ്റാ മോട്ടോഴ്സ്, വാഹനഘടക നിർമാണക്കമ്പനികൾ എന്നിവയാണ് ട്രംപിന്റെ പുതിയ തീരുവനയത്തിനു പിന്നിലെ കനത്ത ഓഹരി തകർച്ച നേരിട്ടത്. ടാറ്റാ മോട്ടോഴ്സിന്റെ ഓഹരിവില ഇന്നു 6 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജെഎൽആറിന്റെ (ജാഗ്വർ ലാൻഡ് റോവർ) മുഖ്യ വിപണികളിലൊന്നാണ് യുഎസ്. ജെഎൽആറിന്റെ മൊത്തം വരുമാനത്തിൽ 22 ശതമാനം ലഭിക്കുന്നത് യുഎസിൽ നിന്നാണ്. ടാറ്റാ മോട്ടോഴ്സിന്റെ സംയോജിത വരുമാനത്തിന്റെ 15 ശതമാനവും വരുമിത്.

ലോകത്തെ മുൻനിര വാഹന നിർമാണക്കമ്പനികൾക്കെല്ലാം വാഹനഘടകങ്ങൾ നിർമിച്ചു നൽകുന്ന കമ്പനികളാണ് സോന ബിഎൽഡബ്ല്യു, മദേഴ്സൺ സുമി തുടങ്ങിയവ. വാഹന നിർമാണക്കമ്പനികളേക്കാൾ വാഹനഘടക നിർമാണക്കമ്പനികളെയാകും ട്രംപിന്റെ തീരുമാനം കൂടുതൽ തളർത്തുകയെന്നും വിലയിരുത്തപ്പെടുന്നു. 2023-24ലെ കണക്കുപ്രകാരം 21.2 ബില്യൻ ഡോളറിന്റെ വാഹനഘടകങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതിൽ ഏതാണ് 7 ബില്യൻ ഡോളറിന്റേതും യുഎസിലേക്കായിരുന്നു.
നിലവിൽ യുഎസ് ഏറക്കുറെ പൂജ്യം തീരുവയാണ് വാഹനഘടക ഇറക്കുമതിക്ക് ഈടാക്കുന്നത്. ഇതാണ്, വൈകാതെ 25 ശതമാനത്തിലേക്ക് ഉയരുകയെന്നതാണ് കമ്പനികളെ വലയ്ക്കുന്നത്. കമ്പനികളുടെ വരുമാനം, ലാഭക്ഷമത എന്നിവയെയെല്ലാം തീരുവഭാരം സാരമായി ബാധിച്ചേക്കും. ഇന്നു നിഫ്റ്റി ഓട്ടോ സൂചിക ഒരുവേള രണ്ടര ശതമാനത്തിലധികം ഇടിഞ്ഞു. ആശോക് ലെയ്‍ലാൻഡ്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ വാഹന ഓഹരികളിലും ഇന്നു വിൽപനസമ്മർദം അലയടിച്ചു.
ഫാർമ ഇറക്കുമതിക്കും കനത്ത തീരുവ വരുന്നുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ഔഷധ നിർമാണക്കമ്പനികളെയും സാരമായി ബാധിക്കും. നിലവിൽ, ഇന്ത്യൻ ഫാർമ കമ്പനികളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് അമേരിക്ക. നിഫ്റ്റി ഫാർമ സൂചിക ഇന്ന് 1.10 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
യുഎസിന് നേട്ടവും കോട്ടവും; മസ്കിന് ‘ലോട്ടറി’
വാഹന ഇറക്കുമതിക്ക് 25% ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നതിലൂടെ 10,000 കോടി ഡോളറിന്റെ (100 ബില്യൻ) നികുതിവരുമാനം യുഎസ് ഗവൺമെന്റിന് പ്രതിവർഷം നേടാനാകുമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ തീരുവത്തീരുമാനം ഉറ്റചങ്ങാതിയും ലോകത്തെ ഏറ്റവും സമ്പന്നനുമായ ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന നിർമാണക്കമ്പനി ടെസ്‍ലയ്ക്ക് വൻ നേട്ടവുമാകും.

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് 4,000 മുതൽ 12,000 ഡോളർ വരെ വില വർധിക്കുമെന്നാണ് വിലയിരുത്തൽ. വിദേശത്തെ ഫാക്ടറികളിൽ നിർമിച്ച് യുഎസിൽ വിൽപന നടത്തുന്ന ഫോക്സ്‍വാഗൻ, ഹ്യുണ്ടായ്, അമേരിക്കയുടെ സ്വന്തം ജനറൽ മോട്ടോഴ്സ് തുടങ്ങിയവ തീരുവയുടെ കയ്പറിയുകയും വില വർധിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്യും. ഇതു ഉപഭോക്താക്കളെ നിരാശപ്പെടുത്തും. അതേസമയം, കാലിഫോർണിയയിലും ടെക്സസിലുമടക്കം ഫാക്ടറികളുള്ള ടെസ്‍ലയെ തീരുവ ബാധിക്കില്ലെന്നു മാത്രമല്ല, വില കുറച്ചുവിൽക്കാനും കഴിയും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)