മെലാനിയയുടെ വിവാഹ ഗൗൺ ലേലത്തിന്, വില ലക്ഷങ്ങൾ: യഥാർഥമാണോ എന്ന് സംശയം

Mail This Article
യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് വിവാഹ ദിവസം ധരിച്ച വസ്ത്രത്തിന് 20 വർഷങ്ങൾക്കിപ്പുറം എത്രയാവും വില? ഏറ്റവും ചുരുങ്ങിയത് 45,000 ഡോളർ (38 ലക്ഷം രൂപ)എങ്കിലും വില ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ട് ഒരു ഗൗൺ അമേരിക്കൻ ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെ ലേലത്തിന് വച്ചിരിക്കുകയാണ് ഒരു വ്യക്തി. മെലാനിയ വിവാഹ ദിവസം ധരിച്ച അതേ ഗൗണാണിത് എന്നാണ് അവകാശവാദം. 2010ൽ വിവാഹ ദിവസം ധരിക്കാനായി സ്വന്തമാക്കിയ വസ്ത്രമാണിതെന്നും ഉപയോക്താവ് അവകാശപ്പെടുന്നുണ്ട്.
ലേല പരസ്യം വളരെ വേഗത്തിൽ ശ്രദ്ധ നേടി. 2010 ൽ 70,000 ഡോളർ (അന്നത്തെ 31 ലക്ഷം രൂപ) വില നൽകിയാണ് ഗൗൺ വാങ്ങിയതെന്നാണ് നിലവിലെ ഉടമയെന്ന് അവകാശപ്പെടുന്ന വ്യക്തി പറയുന്നത്. എന്നാൽ മെലാനിയയെക്കാൾ അൽപം കൂടി ശരീരഭാരം ഉള്ളതിനാൽ ഗൗണിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. വരുത്തിയ മാറ്റങ്ങളുടെ പട്ടികയും പരസ്യത്തിൽ കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2005ൽ ട്രംപ് - മെലാനിയ വിവാഹസമയത്ത് ധരിക്കാനായി ആഡംബര ബ്രാൻഡായ ‘ക്രിസ്റ്റ്യൻ ഡിയോർ’ പ്രത്യേകം രൂപകൽപന ചെയ്ത വസ്ത്രത്തിൽ കൈകൊണ്ട് തുന്നിച്ചേർത്ത സ്വരോവ്സ്കി വാജങ്ങളും 13 അടി നീളമുള്ള ഒരു ട്രെയിനും ഉണ്ടെന്നും ലിസ്റ്റിങ്ങിൽ വ്യക്തമാക്കിയിരിക്കുന്നു.
അതേസമയം ഈ അവകാശവാദം വ്യാജമാണെന്നാണ് അമേരിക്കൻ മാധ്യമങ്ങൾക്കു ലഭിക്കുന്ന വിവരം. ഫാഷൻ ഡിസൈനറായ ജോൺ ഗല്ലിയാനോ ഡിയോറുമായി ചേർന്ന് തയാറാക്കിയ മെലാനിയയുടെ യഥാർഥ വിവാഹ വസ്ത്രം മാർ എ ലാഗോയിൽ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിവരം. ഐവറി നിറത്തിലുള്ള സ്ട്രാപ്പ്ലെസ് ഡച്ചസ്സ് സാറ്റിൻ ഗൗണായിരുന്നു മെലാനിയയുടേത്. ഈ വിവാഹ വസ്ത്രം 2005 ൽ വോഗ് മാസിക കവർ ചിത്രമാക്കിയിരുന്നു. ഇതേ വിവാഹ വസ്ത്രം ധരിച്ച മെലാനിയയുടെ ചിത്രങ്ങളും വിൽപനക്കാരി പരസ്യത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
എന്നാൽ സൈറ്റിൽ വിൽപനയ്ക്കായി പരിചയപ്പെടുത്തിയിരിക്കുന്ന ഗൗണിന്റെ ചിത്രം മെലാനിയയുടെ ഗൗണിൽ നിന്നും കാഴ്ചയിൽ ഏറെ വ്യത്യസ്തമാണ്. ഷോൾഡർ സ്ട്രാപ്പുകൾ ഉൾപ്പെടുന്ന വസ്ത്രത്തിൽ അധികമായി ബീഡ് വർക്കുകളും കാണാം. യഥാർഥ ഗൗണിൽ കൂടുതൽ സാറ്റിൻ പാളികളും എംബ്രോയ്ഡറിയും കൂട്ടിച്ചേർത്തിരുന്നു എന്നാണ് വില്‍പനക്കാരിയുടെ വാദം. ഈ മാറ്റങ്ങൾ നീക്കം ചെയ്തുകൊണ്ട് ഗൗണിനെ അതിന്റെ യഥാർഥ ഫിറ്റിലേയ്ക്ക് മാറ്റാൻ സാധിക്കുമെന്നും അവകാശപ്പെടുന്നുണ്ട്.
ലിസ്റ്റിങ് അനുസരിച്ച് ഗൗൺ ഇതുവരെ മെലാനിയയും വില്‍പനക്കാരിയും വിവാഹ ദിവസങ്ങളിൽ മാത്രമേ ധരിച്ചിട്ടുള്ളൂ. മികച്ച അവസ്ഥയിൽ തന്നെയാണ് ഗൗൺ ഇപ്പോഴുമുള്ളത് എന്നും ലിസ്റ്റിങ്ങിൽ പറയുന്നുണ്ട്. ധാരാളമാളുകൾ പരസ്യം പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെ വിൽപന പൂർത്തിയായിട്ടില്ല. വസ്ത്രത്തിന്റെ ആധികാരികത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലിസ്റ്റിങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇത് യഥാർഥമാണോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്