‘വിമുക്തി’ ലഹരി മോചന പരിപാടി: കൂടുതൽ പേർ ചികിത്സ തേടിയത് കോട്ടയത്ത്

Mail This Article
കോട്ടയം ∙ എക്സൈസ് വകുപ്പിന്റെ ലഹരി മോചന പരിപാടി ‘വിമുക്തി’യിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് കോട്ടയത്ത്. 1642 പേരാണു കഴിഞ്ഞ 6 മാസത്തിനിടെ എക്സൈസിന്റെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സ തേടിയത്. പാലാ ജനറൽ ആശുപത്രിയിലാണ് എക്സൈസിന്റെ വിമുക്തി കേന്ദ്രം പ്രവർത്തിക്കുന്നത്.
പ്രവർത്തനം ഇങ്ങനെ
കുറഞ്ഞ അളവ് കഞ്ചാവ്, രാസലഹരി കേസുകളിൽ ആദ്യമായി പ്രതിയാകുന്നവരെയും ലഹരി ഉപയോഗിക്കുന്നവരെയും സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടു വരാനുള്ള ശ്രമമാണു വിമുക്തി കേന്ദ്രത്തിൽ നടക്കുന്നത്. കൗൺസലിങ്, ലഹരിവിരുദ്ധ ചികിത്സകൾ എന്നിവ ഉറപ്പാക്കും. ലഹരി കേസ് പ്രതികളെ എക്സൈസ് വകുപ്പ് നേരിട്ട് ഇങ്ങോട്ട് ചികിത്സയ്ക്ക് കൊണ്ടുവരുന്നുണ്ട്. ലഹരിക്ക് അടിമകളായവരെ ചികിത്സയ്ക്കായി എത്തിക്കാനും സാധിക്കും.
വിമുക്തി നേടിയാൽ കേസ് ഒഴിവാകും
ലഹരി കേസുകളിൽ ആദ്യമായി പ്രതിയാകുന്ന പ്രായപൂർത്തിയാകാത്തവർക്ക്, ലഹരിയിൽ നിന്നു മോചിതരായെന്ന വിമുക്തി കോഓർഡിനേറ്ററുടെ സർട്ടിഫിക്കറ്റ് എക്സൈസ് വഴി കോടതിയിൽ ഹാജരാക്കിയിൽ കേസ് ഒഴിവാക്കാം. മാസങ്ങൾ നീണ്ട വിലയിരുത്തലിനു ശേഷം വീട്ടുകാർക്കും എക്സൈസിനും ബോധ്യമായാൽ മാത്രമേ കേസിൽ നിന്ന് ഒഴിവാക്കാനുള്ള നടപടി ആരംഭിക്കൂ. ഫോൺ: 6238600251.