തൊടിയിൽ തുളസിയുണ്ടോ? ഇങ്ങനെ ഉപയോഗിച്ചോളൂ, മുഖക്കുരു പമ്പ കടക്കും

Mail This Article
മിക്കവരുടെയും തൊടിയിൽ കാണുന്ന ഏറ്റവും സുലഭമായ ഒരു ഔഷധ സസ്യമാണ് തുളസി. നിരവധി ഗുണങ്ങൾ ഉള്ള തുളസി ആരോഗ്യസംരക്ഷണത്തിനു മാത്രമല്ല ചർമ സംരക്ഷണത്തിനും മികച്ചതാണ്. വൈറ്റാമിനുകളായ എ, സി, കെ, അതുപോലെ മാംഗനീസ്, കോപ്പർ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഒമേഗ -3 കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ തുളസി മികച്ചൊരു ചർമ സംരക്ഷണ സസ്യമാണ്.
മുഖക്കുരുവിന്
തുളസി ഇലകളിൽ പ്രകൃതിദത്തമായ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനുള്ള മികച്ച ചികിത്സയാണ്. മുഖക്കുരുവിന് കാരണമാകുന്ന അണുക്കളെ ഇല്ലാതാക്കാനും ഇവയ്ക്ക് കഴിയും. അടഞ്ഞ സുഷിരങ്ങൾ, വീക്കം തുടങ്ങിയ മുഖക്കുരുവിന്റെ മറ്റ് ഘടകങ്ങളെ ലഘൂകരിക്കാനും സാധിക്കും. ചർമത്തിലെ അമിതമായ എണ്ണയും ഈർപ്പവും ആഗിരണം ചെയ്യാനും നിലവിലുള്ള മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു. രാത്രി ഉറങ്ങുമ്പോൾ മുഖക്കുരുവിന് മുകളിൽ തുളസി ഇല വച്ച് കിടന്നാൽ പോലും മികച്ച ഗുണം കിട്ടും.
തുളസിയും വേപ്പിലയും
മുഖക്കുരു തടയാൻ മികച്ച മാസ്കാണ് തുളസിയും വേപ്പിലയും. ഇതിനായി തുളസിയും ആര്യവേപ്പിന്റെ ഇലയും സമാസമം എടുക്കുക. ഇത് നല്ലതുപോലെ അരച്ച്, മുഖത്ത് പുരട്ടുക. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാം. ഇത്തരത്തില്‍ പതിവായി ഈ ഫെയ്‌സ്പാക്ക് ഉപയോഗിക്കുന്നത് ചര്‍മത്തില്‍ നിന്നും കുരുക്കള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ചര്‍മ പ്രശ്‌നങ്ങള്‍ അകറ്റാനും, ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.
തുളസിയും കറ്റാർവാഴയും
മുഖക്കുരു മാറ്റിയെടുക്കാന്‍ ഏറ്റവും മികച്ച ഫെയ്‌സ്പാക്കാണ് കറ്റാര്‍വാഴ തുളസി ഫെയ്‌സ്പാക്ക്. ഇതിനായി രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ തുളസിയില അരച്ചതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം മുഖത്ത് ദിവസേന പുരട്ടാം. കുറഞ്ഞത് 15 മുതല്‍ 20 മിനിറ്റ് ഇത് മുഖത്ത് ഇരിക്കണം. പിന്നീട് കഴുകിക്കളയാം. ഇത്തരത്തില്‍ രണ്ട് ആഴ്ച ചെയ്താല്‍ തന്നെ നല്ല ഫലം ലഭിക്കും.
തുളസിയും തൈരും
തൈരും തുളസിയും ചേര്‍ത്ത് തയാറാക്കുന്ന ഫെയ്‌സ്പാക്കും മുഖത്തെ കുരുക്കളും പാടുകളും മാറ്റിയെടുക്കുന്നതിന് മികച്ച പ്രതിവിധിയാണ്. ഇതിനായി ഒരുപിടി തുളസി നന്നായി അരച്ച് എടുക്കണം. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈര് ചേര്‍ക്കണം. ശേഷം 15 മുതല്‍ 20 മിനിറ്റ് വരെ മുഖത്ത് വയ്ക്കുക. അടുപ്പിച്ച് രണ്ട് മൂന്ന് ദിവസം വീതം എല്ലാ ആഴ്ചയിലും ചെയ്യുന്നത് മുഖത്തെ കുരുക്കള്‍ മാറ്റിയെടുക്കുന്നതിന് സഹായിക്കും.