എന്തൊരു ചൂട്! കറന്റ് ബില്ലിനെ പേടിക്കാതെ എസി ഓൺ ആക്കാം; ഇവ ശ്രദ്ധിക്കുക

Mail This Article
എന്തൊരു ചൂട്! ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാവരും നെടുവീർപ്പിടുന്നത് ഒരേവാചകമാണ്. കോൺക്രീറ്റ് വീടുകളിൽ കഴിയുന്നവർ എസി വാങ്ങാൻ പരക്കം പായുന്ന സമയമാണ്. എസി ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കിൽ ഷോക്കടിപ്പിക്കുന്ന കറണ്ട് ബിൽ ആയിരിക്കും കിട്ടുക. സാധാരണ കണ്ടുവരുന്ന ഒരു ടൺ എസി 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും.
എസികളിൽ വൈദ്യുതി ലാഭിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
∙വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെള്ള നിറത്തിലുള്ള െപയിന്റ് ഉപയോഗിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും.
∙ശീതികരിക്കാനുള്ള മുറിയുടെ വലുപ്പം അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കുക.
∙വാങ്ങുന്ന സമയത്ത് ബി. ഇ. ഇ സ്റ്റാർ ലേബൽ ശ്രദ്ധിക്കുക. 5 സ്റ്റാർ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്.
∙എസി ഘടിപ്പിച്ച മുറികളിലേക്ക് ജനലുകൾ വാതിലുകൾ, മറ്റു ദ്വാരങ്ങൾ എന്നിവയിൽക്കൂടി വായു അകത്തേക്കു കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.
∙ഫിലമെന്റ് ബൾബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ മുറിയിൽ നിന്ന് ഒഴിവാക്കുക.
∙എസിയുടെ ടെംപറേച്ചർ സെറ്റിംഗ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാൽ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
∙എസിയുടെ ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക.
∙എസിയുടെ കണ്ടെൻസർ യൂണിറ്റ് കഴിവതും വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
∙എസിയുടെ കണ്ടെൻസറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക.
∙കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥകളിൽ കഴിവതും സീലിംഗ് ഫാൻ, ടേബിൾ ഫാൻ മുതലയാവ ഉപയോഗിക്കുക.
ഊർജ്ജ കാര്യക്ഷമത കൂടിയ ഇൻവെർട്ടർ എസി ഇന്ന് ലഭ്യമാണ്. ഒരുപക്ഷേ കേരളത്തിൽ ഇന്ന് കൂടുതൽ വിൽക്കപ്പെടുന്നത് ഇൻവെർട്ടർ എസി ആണെന്ന് പറയാം. ഉയർന്ന കാര്യക്ഷമതയുള്ളതാണ് ഇത്തരം എസികൾ.