മഹാശനിമാറ്റം 2025; കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി ബാധിക്കുന്ന നക്ഷത്രക്കാർ

Mail This Article
നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം അലങ്കരിക്കുന്ന ഏക ഗ്രഹമാണ് ശനി. അനുഗ്രഹിച്ചാൽ ഇത്രമേൽ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം വേറെയില്ല. കണിശമായ നീതിയും ന്യായവും ധർമവുമാണ് ശനീശ്വരന്റെ ഏറ്റവും വലിയ പ്രത്യേകത. ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം കൂടി അനുകൂലമാകണം. എല്ലാവരും ശനീശ്വരനു മുമ്പിൽ സമന്മാരാണ്. മാന്യമായും ന്യായമായും ജീവിക്കുന്നവർ, പരദ്രോഹം ചെയ്യാത്തവർ, പരസ്ത്രീകളെ ബഹുമാനിക്കുന്നവർ ഇവരൊക്കെ ശനീശ്വരന്റെ കൃപാകടാക്ഷം ലഭിക്കുന്നവരാണ്. അവർക്കു വേണ്ടതെല്ലാം ശനീശ്വരൻ വാരിക്കോരി നൽകും. മറിച്ച് അന്യമാർഗത്തിലൂടെ ധനമാർജിക്കുന്നവർ, ചതിക്കുന്നവർ, സ്ത്രീകളെ ഉപദ്രവിക്കുന്നവർ ഇവരെയൊക്കെ ശനി നോട്ടമിട്ടു വെയ്ക്കും. അവരുടെ ശനിദശ, ഏഴര-കണ്ടകശ്ശനിക്കാലങ്ങളിൽ ശനീശ്വരൻ അവരെ അക്ഷരാർഥത്തിൽ 'ക്ഷ' വരപ്പിക്കും. ഓരോ ജന്മത്തിന്റെയും ജന്മ ജന്മാന്തര-പൂർവ ജന്മ കർമങ്ങളെല്ലാം ശനീശ്വരന് എന്നും മനഃപാഠമായിരിക്കുമത്രെ. ശനീശ്വരന്റെ ദീർഘദൃഷ്ടിയും കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴയ്ക്കാറുമില്ല.
നവഗ്രഹങ്ങളിൽ വെച്ച് മനുഷ്യ ജീവിതത്തെ ഏറ്റവും സ്വാധീനിക്കാൻ കഴിവുള്ള ശനി കഴിഞ്ഞ രണ്ടര വർഷമായി താൻ സഞ്ചരിച്ചുകൊണ്ടിരുന്ന കുംഭം രാശി വെടിഞ്ഞ് മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ് 2025 മാർച്ച് മാസം 29 ആം തീയതി രാത്രി 10 മണി 39 മിനിറ്റിന് ശനി മീനം രാശിയിൽ പ്രവേശിക്കും.
ശനി ദോഷം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള കൂറുകാർ
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)- മേടം രാശിക്കാർക്ക് ഏഴരശ്ശനിയുടെ തുടക്കമാണ്.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4) -കണ്ടകശ്ശനി ആരംഭിക്കും.
ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )-ചിങ്ങം രാശിക്കാർക്ക് അഷ്ടമശ്ശനി അനുഭവത്തിൽ ഉണ്ടാകും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)-കണ്ടകശ്ശനി ആരംഭിക്കും.
ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4) -കണ്ടകശ്ശനി ആരംഭിക്കും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)- മീനം രാശിക്കാർക്ക് ഏഴരശ്ശനിയിലെ ജന്മശനികാലം ആരംഭിക്കും.
ശനി 2027 ജൂൺ മാസം മൂന്നാം തീയതി മേടം രാശിയിലേക്ക് പ്രവേശിക്കുമെങ്കിലും 2027 ഒക്ടോബർ 20 ന് വക്ര ഗതിയിൽ തിരികെ മീനം രാശിയിലേക്ക് തന്നെ വരും വീണ്ടും 2028 ഫെബ്രുവരി മാസം 23 ന് ശനി മേടം രാശിയിലേക്ക് പകരും.
ഈ രാശികളിൽ കൂടി സഞ്ചരിക്കുന്നതിനൊപ്പം ശനി സഞ്ചരിക്കുന്ന നക്ഷത്ര പാദങ്ങൾ കൂടി നമുക്കൊന്ന് പരിശോധിക്കാം 2025 ഏപ്രിൽ നാലിന് വൈകിട്ട് 6.19 ന് ശനി ഉത്തൃട്ടാതി നക്ഷത്രത്തിലേക്കും 2026 മേയ് മാസം പതിനേഴാം തീയതി പകൽ 2:36 ന് രേവതി നക്ഷത്രത്തിലേക്കും 2027 ജൂൺമാസം മൂന്നാം തീയതി പകൽ 5.27ന് അശ്വതി നക്ഷത്രത്തിലേക്കും തിരികെ 2027 ഒക്ടോബർ 20ന് കാലത്ത് 7:20 ന് രേവതി നക്ഷത്രത്തിലേക്കും 2028 ഫെബ്രുവരി 23ന് വൈകിട്ട് 7.23 അശ്വതി നക്ഷത്രത്തിലേക്കും ശനി സഞ്ചരിക്കും.
അതുപോലെ തന്നെ 2025 ജൂലൈ 13 മുതൽ നവംബർ 28 വരെയും 2026 ജൂലൈ 27 മുതൽ ഡിസംബർ 11 വരെയും 2027 ഓഗസ്റ്റ് 9 മുതൽ ഡിസംബർ 27 വരെയും ശനി വക്രഗതിയിലും ആയിരിക്കും.ഇത്തവണ ശനിയുടെ രാശിമാറ്റം സംഭവിക്കുന്ന മാർച്ച് 29 ആം തീയതി രാത്രി 10.39 ന് ഭാഗ്യതാരക സ്ഥിതി തൃക്കേട്ട നക്ഷത്രത്തിൽ ആണ്.
പ്രസാദിച്ചാൽ ശനിയോളം അനുഭവ ഗുണങ്ങൾ തരുന്ന മറ്റൊരു ഗ്രഹം ഇല്ല എന്നുള്ളതാണ് പരമാർഥം. മകരം, കുംഭം, ഇടവം, കന്നി, തുലാം ലഗ്നങ്ങളിൽ ജനിച്ചവർ അല്ലെങ്കിൽ ഇപ്പറഞ്ഞ രാശികളിൽ ശനിസ്ഥിതിയുള്ളവർ, ജാതകത്തിൽ ശനി തുലാം രാശിയിൽ നിൽക്കുന്നവർ, ശനി മേടം രാശിയിൽ നിന്ന് നീച ഭംഗം ചെയ്തവർ ഇവർക്കൊക്കെ ശനിയുടെ ദോഷം ബാധിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്.
ശനിയുടെ രാശി മാറ്റം മൂലം ദോഷഫലങ്ങൾ മാത്രമല്ല ഗുണഫലങ്ങളും മാറി മാറി അനുഭവത്തിൽ വരാം. ഓരോ വ്യക്തിയും ജനിച്ച സമയം അടിസ്ഥാനമാക്കിയുള്ള ദശാപഹാരഛിദ്രങ്ങൾ മുൻപറഞ്ഞപോലെ വ്യക്തി ജീവിതത്തിലെ അടിസ്ഥാന മൂല്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഇവയെല്ലാം പരിഗണിച്ചാണ് ശനീശ്വരൻ ഫലങ്ങൾ നൽകുക. കഴിയുന്നതും അന്യരെ മനഃപൂർവം ഉപദ്രവിക്കാതെ ജീവിച്ചാൽ ശനീശ്വരന്റെ അനുഗ്രഹത്തോടെ ശിഷ്ടകാലം തരണം ചെയ്യാം.
വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ശനിദേവൻ അവതരിച്ചതെന്നാണ് വിശ്വാസം. ശനീശ്വരന്‍ സൂര്യദേവന്റെയും ഛായാദേവിയുടെയും പുത്രനാണ്. ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനി അമാവാസി എന്ന് അറിയപ്പെടുന്നു. ശനിയുടെ ദോഷശക്തി ശമിപ്പിക്കുന്നതിനുള്ള ശക്‌തി ശിവനും ശിവസംഭൂതർക്കും മാത്രമാണുള്ളത്. നവഗ്രഹങ്ങളില്‍ ആയുസ്സിന്റെ കാര്യത്തില്‍ ആധിപത്യം ചെലുത്തുന്നത് ശനിയാണ്. പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളുടെ ആധിപത്യം ശനിക്കാണ്. പൂക്കളില്‍ കരിങ്കൂവളവും രത്നങ്ങളില്‍ നീല വൈഡൂര്യവും നവധാന്യങ്ങളില്‍ എള്ളും തൈലങ്ങളില്‍ എള്ളെണ്ണയും ശനീശ്വരന്‍ ഇഷ്‌ടപ്പെടുന്നു.
ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മനഃപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും.
നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ശനിദേവന്റെ വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്. പറ്റാവുന്നത്ര തവണ ശനീശ്വരസ്‌തോത്രം, ശാസ്താമന്ത്രം എന്നിവ ജപിക്കുക. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക. അന്യരെ ഉപദ്രവിക്കാതെ കഴിയുന്ന രീതിയിൽ സഹായം ചെയ്യുക. എങ്കിൽ ശനിദോഷം അലട്ടുകയില്ല.
ശനിയുടെ അധിദേവതയായ ശാസ്താക്ഷേത്ര ദർശനം നടത്തി നീരാഞ്ജനം, എള്ളുപായസം എന്നിവ വഴിപാടായി സമർപ്പിക്കുന്നതും എള്ളുതിരി കത്തിക്കുന്നതും നീലശംഖു പുഷ്പാർച്ചന നടത്തുന്നതും ശനിദോഷനിവാരണത്തിനു വിശേഷമാണ്.