‘ഹൈബ്രിഡ് കഞ്ചാവ് വേണോ?’, ഫോട്ടോ അയച്ച് നൽകും; മലേഷ്യയിൽനിന്ന് ലഹരിയെത്തിച്ചു: തസ്ലീമയുടെ ഭർത്താവും അറസ്റ്റിൽ

Mail This Article
ആലപ്പുഴ∙ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈയിലെ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) ആണ് അറസ്റ്റിലായത്. അലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ അശോക് കുമാറും സംഘവുമാണ് ഇന്നു രാവിലെ എണ്ണൂരിലുള്ള വാടക വീട്ടിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതി തസ്‌ലീമ സുൽത്താന്റെ ഭർത്താവാണ് അറസ്റ്റിലായ സുൽത്താൻ അക്ബർ അലി.
മൊബൈൽ കടകൾക്ക് സെക്കൻഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന ജോലിയാണ് ഇയാൾക്കെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സാധനങ്ങൾ വാങ്ങാനായി സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ പോകാറുണ്ടന്നും ഇതിന്റെ മറവിലാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇയാളുടെ പാസ്പോർട്ട് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
അന്വേഷണ സംഘം കഴിഞ്ഞ മൂന്നു ദിവസമായി ചെന്നൈയിൽ തങ്ങി അന്വേഷണം നടത്തിവരുകയായിരുന്നു. തുറമുഖ പ്രദേശം ആയതിനാലും വളരെയധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായതിനാലും, പകൽ സമയം മുറി അടച്ച് ഇയാൾ അകത്ത് ഇരിക്കുന്നതിനാലും ഇയാളെ കണ്ടെത്തുന്നതിൽ അന്വേഷണ സംഘം വളരെയധികം ബുദ്ധിമുട്ടി. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ ഹൈബ്രിഡ് കഞ്ചാവ് ആവശ്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഫോട്ടോ അയച്ച് നൽകിയത് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇയാൾക്കെതിരെ മറ്റെന്തെങ്കിലും കേസ്സുകൾ നിലവിലുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ചെന്നൈ മെട്രോപൊലീറ്റൻ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി നാളെ ആലപ്പുഴ കോടതിയിൽ ഹാജരാക്കും.
ഈ മാസമാദ്യമാണ് മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലിമ സുൽത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോൾ, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലർക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്‍ലിമയുടെ ഫോണിൽ ഇതിനു തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.