12 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ ശനി-രാഹു യോഗം; ഈ നക്ഷത്രക്കാർക്ക് വേണം അധികശ്രദ്ധ

Mail This Article
പ്രപഞ്ചത്തിൽ കോടാനുകൂടി നക്ഷത്രങ്ങൾ ഉണ്ട്. അതിലെ ഒരു നക്ഷത്രമാണ് സൂര്യനും. അതിനെ ചുറ്റുന്ന ഗോളങ്ങളിൽ നാം അധിവസിക്കുന്ന ഭൂമിയും ഉൾപ്പെടുന്നു. ഭൂമിയിൽ ഗ്രഹങ്ങളും നക്ഷത്രങ്ങളും ചെലുത്തുന്ന സ്വാധീനമാണ് ജ്യോതിഷത്തിലെ പാഠ്യവിഷയം. ഓരോ ഗ്രഹത്തിനും ജ്യോതിഷശാസ്ത്രം പ്രത്യേകം പ്രത്യേകം കാരകത്വം കൽപ്പിച്ചിട്ടുണ്ട്.
മാർച്ച് 29നു ശനി എന്ന ഗ്രഹത്തിനു രാശിമാറ്റം സംഭവിക്കുന്നു. ജ്യോതിഷത്തിൽ വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണത്. എന്നാൽ ഈ പ്രാവശ്യത്തെ ശനി മാറ്റത്തോടുകൂടി 12 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ദുർയോഗവും സംഭവിക്കുന്നുണ്ട്. അത് അത്രയധികം ചർച്ച ചെയ്യപ്പെടുന്നില്ല.
മാർച്ച് 29ന് ശനി മീനത്തിൽ പ്രവേശിക്കുമ്പോൾ രാഹുവുമായി യോഗമുണ്ടാവും. ഇത് വരുന്ന മേയ് 18 വരെ ഉണ്ടാവും. അതായത് മേയ് 18ന് രാഹു കുംഭം രാശിയിൽ പ്രവേശിക്കുന്നതു വരെ ഇതു തുടരും. ഇത് അത്ര നല്ല യോഗമല്ല. ഈ കാലഘട്ടത്തിൽ മനുഷ്യരിലും മൃഗങ്ങളിലും അക്രമവാസന വർധിക്കും. മദ്യം, മയക്കുമരുന്ന് ഇവയോടുള്ള ആസക്തി വർധിക്കും. രാജ്യത്തെ പല ഉന്നതർക്കും ആരോപണങ്ങൾ നേരിടേണ്ടിവരും. വ്യവഹാരങ്ങളോ കാരാഗൃഹ വാസമോ പോലും അനുഭവിക്കേണ്ടി വന്നേക്കാം. ചെറിയതോതിലുള്ള കലാപസാദ്ധ്യതയും ഉണ്ടാവാം.
ഈ ശനിമാറ്റം മൂലം അഷ്ടമശ്ശനി, കണ്ടകശ്ശനി ബാധിച്ചവർക്ക് ദുരിതാനുഭവം ഏറും. അതുപോലെതന്നെ പുണർതം, വിശാഖം, പൂരുരുട്ടാതി, തിരുവാതിര, ചോതി, ചതയം, പൂയം, അനിഴം, ഉത്രട്ടാതി ഈ നക്ഷത്രക്കാരും അൽപം ശ്രദ്ധിച്ചാൽ നന്ന്. ജാതകത്തിൽ ഈശ്വരാധീനം കൂടുതലായുള്ളവർക്കും മഹാഭാഗ്യയോഗം ഉള്ളവർക്കും നല്ല ദശാപഹാരഛിദ്രാദികൾ ഉള്ളവർക്കും ദോഷഫലം താരതമ്യേന കുറവായിരിക്കും. നാഗാരാധന, ശിവഭജനം, ശാസ്തൃഭജനം, ഹനൂമദ് ഭജനം ഇവ അഭികാമ്യമാണ്.
ലേഖകൻ
ജയശങ്കർ മണക്കാട്ട്
ഫോൺ: 9496946008, 8943273009