ലെവൻഡോവ്സ്കിയ്ക്ക് ഇരട്ടഗോൾ, ജിറോണയെ 4–1ന് തകർത്ത് ബാർസിലോന; ലാ ലിഗയിൽ റയലിനെ പിന്തള്ളി ഒന്നാമത്

Mail This Article
മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിനെ വീണ്ടും പിന്നിലാക്കി ബാർസിലോന. ജിറോണയെ 4–1നു തോൽപിച്ച ബാർസ ഒന്നാം സ്ഥാനത്തു 3 പോയിന്റ് ലീഡുറപ്പിച്ചു. 2 ഗോളുകൾ നേടിയ റോബർട്ട് ലെവൻഡോവ്സ്കിയുടെ പ്രകടനമാണു ബാർസയ്ക്കു കരുത്തു പകർന്നത്. 43–ാം മിനിറ്റിൽ ജിറോണ താരം ലാഡിസ്‌ലാവ് ക്രെജ്സിയുടെ സെൽഫ് ഗോളിലാണ് ബാർസ അക്കൗണ്ട് തുറന്നത്. 61,77 മിനിറ്റുകളിൽ ലെവൻഡോവ്സ്കിയും 86–ാം മിനിറ്റിൽ ഫെറാൻ ടോറസും ലക്ഷ്യം കണ്ടു. 53–ാം മിനിറ്റിൽ അർനൗട്ട് ഡാൻജുമ ജിറോണയുടെ ആശ്വാസഗോൾ നേടി.
ശനിയാഴ്ച ലെഗാനസിനെ 3–2നു തോൽപിച്ച റയൽ മഡ്രിഡ് പോയിന്റ് നിലയിൽ ബാർസയ്ക്ക് ഒപ്പമെത്തിയിരുന്നു. ജിറോണയ്ക്കെതിരായ ജയത്തോടെ ബാർസ വീണ്ടും ലീഡെടുത്തു. മറ്റു മത്സരങ്ങളിൽ, റയൽ ബെറ്റിസ് 2–1നു സെവിയ്യയെ തോൽപിച്ചു. വിയ്യാറയലും ഇതേ സ്കോറിനു ഗെറ്റാഫെയെ കീഴടക്കി. വലൻസിയ 1–0ന് മയ്യോർക്കയെയും തോൽപിച്ചു.
ബാർസയ്ക്ക് 29 മത്സരങ്ങളിൽ 66 പോയിന്റായി. റയൽ മഡ്രിഡ് (63), അത്‌ലറ്റിക്കോ മഡ്രിഡ് (57) എന്നിവയാണ് 2,3 സ്ഥാനങ്ങളിൽ. ബാർസിലോന ഒരു മത്സരത്തിൽ നാലോ അതിലേറെയോ ഗോൾ നേടുന്നത് ഈ സീസണിൽ ഇരുപതാം തവണയാണ്. ലാ ലിഗയും കിങ്സ് കപ്പും ഉൾപ്പെടെ 45 മത്സരങ്ങളാണ് സീസണിൽ ഇതുവരെ കളിച്ചത്.