അപകടകാരികളായ ഗോത്രങ്ങളിൽ നിന്ന് രക്ഷിച്ച ജലപാത;മാരിയസ് കനാൽ ഭൂമിക്കടിയിൽ കണ്ടെത്തി?

Mail This Article
2100 വർഷം മുൻപ് ഫ്രാൻസിലെ റോൺ നദീമുഖത്ത് റോമാസാമ്രാജ്യം പണികഴിപ്പിച്ച കനാൽ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയത്തിലേക്കെന്നു സൂചന. മാരിയസ് കനാൽ എന്നറിയപ്പെടുന്ന ഈ കനാൽ പണികഴിപ്പിച്ചത് റോമിന്റെ ഭരണാധികാരിയായി പിൽക്കാലത്ത് മാറിയ ജൂലിയസ് സീസറിന്‌റെ പിതൃസഹോദരീഭർത്താവായ ഗയസ് മാരിയസാണ്. അങ്ങനെയാണു കനാലിന് ഈ പേരും ലഭിച്ചത്. റോമാസാമ്രാജ്യത്തിന്‌റെ ചരിത്രത്തിലെ വിജയകരമായ ഒരേടായിരുന്നു ഈ കനാലിന്‌റെ നിർമാണം.
സെൽറ്റിക് ഗോത്രങ്ങളുടെ ആക്രമണത്തിൽനിന്ന് റോമിനെ രക്ഷിച്ചത് ഈ കനാലാണ്. 104 -102 ബിസി കാലയളവിൽ സിംബ്രി, ട്യൂടോൺസ് എന്നീ സെൽറ്റിക് ഗോത്രങ്ങൾ റോമൻ റിപ്പബ്ലിക്കിനെ ആക്രമിച്ചിരുന്നു. സിംബ്രിയൻ യുദ്ധങ്ങൾ എന്നാണു പരമ്പരയായി ഇരുകൂട്ടരും നടത്തിയ യുദ്ധങ്ങൾ അറിയപ്പെട്ടിരുന്നത്.
ഫ്രാൻസിലും ബെൽജിയത്തിലും പടിഞ്ഞാറൻ ജർമനിയിലുമായി നിലകൊണ്ടിരുന്ന ഗൗൾ എന്ന റോമൻ പ്രവിശ്യയിലേക്കായിരുന്നു ഗോത്രങ്ങളുടെ കടന്നുകയറ്റം. ഇവിടെ റോമൻ സൈന്യം പ്രതിരോധമൊരുക്കി. ബിസി 104ൽ ഇവിടേക്കെത്തിയ സൈന്യാധിപനായ മാരിയസിന്‌റെ തലയിൽ ഉദിച്ച ആശയമായിരുന്നു കനാൽ. ഗൗളും മെഡിറ്ററേനിയൻ കടലുമായി ഒരു ജലാശയബന്ധം ഈ കനാൽ പൂർത്തീകരിച്ചതോടെ സാധ്യമായി.
വലിയൊരു റോമൻ സൈന്യത്തെ ഇവിടെത്തിക്കാനും അവർക്കു വേണ്ട ഭക്ഷണ, യുദ്ധ സാമഗ്രികൾ ഇവിടെ നിരന്തരം വിതരണം ചെയ്യാനും കനാലിലൂടെയെത്തിയ വലിയ നൗകകൾക്കു കഴിഞ്ഞു. ഇതു റോമൻ സൈന്യത്തെ ഇവിടെ ശക്തമായി നിലനിർത്തി. സിംബ്രിയൻ യുദ്ധത്തിൽ റോമൻ സാമ്രാജ്യം വിജയിക്കാനും കനാൽ ഇടവരുത്തി.
യുദ്ധത്തിനു ശേഷം ചരക്കുകപ്പലുകളും ഈ കനാൽ വഴിയെത്തി. ഇതുവഴി റോമിന് ഗണ്യമായ വരുമാനവും ലഭിച്ചു. വലിയ പ്രാധാന്യമുണ്ടായിരുന്ന ഈ കനാൽ പിന്നീട് മറയുകയായിരുന്നു. 2013ൽ ഗൗൾ മേഖലയിൽ ഭൂമിക്കടിയിൽ ഈ കനാൽ സ്ഥിതി ചെയ്യുന്നുണ്ടെന്നു ഗവേഷകർക്കു വലിയ സംശയം ഉണ്ടായി.
ഈ സംശയത്തെ സാധൂകരിക്കുന്ന പഠനങ്ങൾ ഫ്രഞ്ച് ഗവേഷകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. രണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപുള്ള റോമൻ ചരിത്രവസ്തുക്കളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പുരാവസ്തു പര്യവേക്ഷണങ്ങൾ നടത്തി കനാലിന്‌റെ സാന്നിധ്യം സ്ഥിരീകരിക്കാനുള്ള ഒരുക്കത്തിലാണു ഗവേഷകർ.