അപോഫിസ് ഭൂമിക്കരികെ എത്താൻ 4 വർഷം കൂടി! ഛിന്നഗ്രഹത്തിന് എന്തു സംഭവിക്കും?

Mail This Article
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ ശക്തമായി നിരീക്ഷിച്ചുവരികയായിരുന്നു.
335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ 2029ൽ ഭൂമിക്കരികിലെത്തുമെന്ന വാർത്ത വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ഛിന്നഗ്രഹത്തിന്‌റെ പഥത്തിൽ പ്രവചന സ്വഭാവമുള്ള പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞർ അങ്ങനെയൊരു സാധ്യത തള്ളി. 2036ലും ഇത്തരമൊരു സമീപസഞ്ചാരം ഛിന്നഗ്രഹം നടത്തുമെങ്കിലും അതും പ്രശ്‌നകരമല്ലെന്ന് ഗവേഷകർ അറിയിച്ചിരുന്നു.

അതിന് എന്തെല്ലാം സംഭവിക്കാം
ഭൂമിക്കരികിലൂടെ ഈ ഛിന്നഗ്രഹം കടന്നുപോകുമ്പോൾ അതിന് എന്തെല്ലാം സംഭവിക്കാമെന്ന് പഠനം നടത്തിയിരിക്കുകയാണ് സ്പെയിനിലെ മഡ്രിഡ് സർവകലാശാലയിലെ ഗവേഷകർ. ഭൂമിയും ഈ ഛിന്നഗ്രഹവും തമ്മിലുള്ള ഗുരുത്വാകർഷണ പ്രവർത്തനങ്ങൾ ഛിന്നഗ്രഹത്തിന്റെ രൂപത്തെ മാറ്റിയേക്കാമെന്ന് ഗവേഷകർ പറയുന്നു.
ചിലപ്പോൾ അത് ഛിന്നഗ്രഹത്തെ പൊടിധൂളികളാക്കാം. ഛിന്നഗ്രഹത്തിന്റെ പ്രതലത്തിലുള്ള ചെറിയ പാറകളെ തെറിപ്പിക്കാം, ഛിന്നഗ്രഹത്തെ മറ്റേതെങ്കിലും പാറകളോ ഘടനകളോ ഭ്രമണം ചെയ്യുന്നുണ്ടെങ്കിൽ അവയെ ആ ഭ്രമണത്തിൽ നിന്നു മാറ്റാം–ഇങ്ങനെ പല സാധ്യതകളാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്.

ഭൂമിയോട് അടുത്തു സ്ഥിതി ചെയ്യുന്ന നീയർ എർത്ത് ആസ്റ്ററോയ്ഡ്‌സ് എന്ന ഗണത്തിൽപെടുന്നവയാണ് അപോഫിസ്.ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നത് മനുഷ്യരാശി കുറെക്കാലമായി ആലോചിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിനായാണ് പ്ലാനറ്ററി ഡിഫൻസ് എന്നൊരു ബഹിരാകാശ പ്രതിരോധ ശാഖ. ഇതിന്റെ ആദ്യ ദൗത്യമായ ഡാർട്ട് ഒരു ഛിന്നഗ്രഹത്തിൽ ഇടിച്ചത് വലിയ വാർത്തയായിരുന്നു.
ഭൂമിയിലേക്ക് അതു വഴിതെറ്റി വരുമോ?
അപോഫിസ് നേരിട്ടു ഭൂമിയെ ഇടിക്കില്ലെങ്കിലും മറ്റൊരു ഛിന്നഗ്രഹവുമായി അപോഫിസ് കൂട്ടിയിടിച്ച് അതിന്‌റെ പഥം മാറി ഭൂമിയിലേക്ക് അതു വഴിതെറ്റി വരാനുള്ള സാഹചര്യം ചില ശാസ്ത്രജ്ഞർ ഉന്നയിച്ചിരുന്നു.
എന്നാൽ വാട്ടർലൂ സർവകലാശാലയിലെ ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ കംപ്യൂട്ടർ അധിഷ്ഠിത പ്രവചന പഠനത്തിൽ ഇതിനും സാധ്യതയില്ലെന്നു തെളിഞ്ഞു. ഇതിനായി സൗരയൂഥത്തിൽ ഭൂമിക്ക് സമീപമുള്ള 13 ലക്ഷം ഛിന്നഗ്രഹങ്ങളെ ഇവർ വിലയിരുത്തി. ഈ ഛിന്നഗ്രഹങ്ങൾ അപോഫിസുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വിരളമാണെന്ന് പഠനത്തിൽ തെളിഞ്ഞു. ഒരു രീതിയിലും അപോഫിസ് ഭൂമിയെ അടുത്തകാലത്തൊന്നും ആക്രമിക്കില്ലെന്നാണ് പഠനം വെളിവാക്കുന്നത്.