ADVERTISEMENT

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന പ്രചാരണ വേളയിൽ,, സവന്നയിലെ ഡോട്ടീസ് മാർക്കറ്റില്‍ എത്തിയതായിരുന്നു മുൻ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. അപ്പോഴാണ്‌ അവിടുത്തെ ഒരു ബേക്കറിയിലെ ചില്ലുകൂട്ടില്‍ ഇരിക്കുന്ന കേക്ക് അവര്‍ കണ്ടത്. അത് കണ്ടതും, തനിക്ക് വേണം എന്നായി അവര്‍. ആ കേക്ക് കഴിക്കാന്‍ കൂടെ ഉള്ളവരെയും അവര്‍ നിര്‍ബന്ധിച്ചു. അതിന്‍റെ വിഡിയോയും സോഷ്യല്‍ മീഡിയയിലെങ്ങും വൈറലായി. എന്നാല്‍, അതിനെക്കാളേറെ താരമായത് ആ കേക്ക് ആയിരുന്നു. ചോക്ലേറ്റും കാരമലും സിംഫണി തീര്‍ക്കുന്ന സാൾട്ടഡ് കാരമല്‍ ചോക്ലേറ്റ് കേക്ക് ആയിരുന്നു അത്. 

ഇപ്പോഴിതാ ഈ കേക്കിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി നിവേദ തോമസ്‌. തന്നെ സന്തോഷിപ്പിച്ച ഏതാനും കാര്യങ്ങളെക്കുറിച്ചാണ് നിവേദ ഇതില്‍ പറയുന്നത്. ഒപ്പം, തന്‍റെ മുടി, തണുത്ത നൂഡിൽസ്, കഫേ, സൂര്യാസ്തമയം തുടങ്ങിയ ചിത്രങ്ങള്‍ ഇതിലുണ്ട്. 

എന്താണ് ഈ സാൾട്ടഡ് ക്യാരമല്‍ ചോക്ലേറ്റ് കേക്ക്? 

പായസത്തില്‍ പോലും രുചി ബാലന്‍സ് ചെയ്യാന്‍ ഉപ്പിട്ട് കഴിക്കുന്നവരാണ്‌ നമ്മള്‍. അതേപോലെ, ചോക്ലേറ്റും ക്യാരമലും ഒപ്പം അല്‍പ്പം ഉപ്പും ചേര്‍ത്ത് ഉണ്ടാക്കുന്ന കേക്ക് ആണിത്. 

ഫ്രാൻസിൽ 17 ആം നൂറ്റാണ്ടിൽ തന്നെ ക്യാരമല്‍ ഡിസർട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് ഇതില്‍ അല്‍പ്പം ഉപ്പു ചേര്‍ത്താല്‍ നന്നായിരിക്കുമെന്ന ആശയം 1970 കളിൽ ഫ്രഞ്ച് പേഷ്ട്രി ഷെഫ് ഹെന്‍റി ലെ റൂ എന്നയാള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്‍റെ സാൾട്ടഡ് ബട്ടർ ക്യാരമല്‍ വളരെവേഗം ഹിറ്റായി. പിന്നീട്, ഒട്ടേറെ പരീക്ഷണങ്ങള്‍ നടന്ന 2000 കളുടെ തുടക്കത്തിൽ ചോക്ലേറ്റ് കേക്കിൽ സാൾട്ടഡ് ക്യാരമല്‍ ചേർക്കുന്നതിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ കേക്ക് ഇന്ന് ലോകമെമ്പാടുമുള്ള ഡിസർട്ട് പ്രേമികളുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നു.

സ്വാദിഷ്ടമായ സാൾട്ടഡ് ക്യാരമല്‍ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കുന്ന വിധം

-

ചോക്ലേറ്റ് കേക്കിനായി

2 കപ്പ് മൈദ

1 ¾ കപ്പ് പൊടിച്ച പഞ്ചസാര

¾ കപ്പ് മധുരമില്ലാത്ത കൊക്കോ പൗഡർ

2 ടീസ്പൂൺ ബേക്കിങ് പൗഡർ

1 ടീസ്പൂൺ ബേക്കിങ് സോഡ

½ ടീസ്പൂൺ ഉപ്പ്

1 കപ്പ് ബട്ടർമിൽക്ക്

½ കപ്പ് വെജിറ്റബിൾ ഓയിൽ

2 മുട്ട

2 ടീസ്പൂൺ വാനില എക്സ്ട്രാക്ട്

1 കപ്പ് തിളപ്പിച്ച വെള്ളം

സാൾട്ടഡ് കാരമല്‍ സോസ്  തയാറാക്കാൻ

1 കപ്പ് പഞ്ചസാര

6 ടേബിൾസ്പൂൺ ഉപ്പില്ലാത്ത ബട്ടര്‍

½ കപ്പ് ഹെവി ക്രീം

1 ടീസ്പൂൺ ഉപ്പ്

ചോക്ലേറ്റ് ഫ്രോസ്റ്റിങ്ങിനായി

1 കപ്പ് ഉപ്പില്ലാത്ത ബട്ടര്‍

3 ½ കപ്പ് പഞ്ചസാര പൊടി

½ കപ്പ് മധുരമില്ലാത്ത കൊക്കോ പൗഡർ

½ ടീസ്പൂൺ ഉപ്പ്

1 ടീസ്പൂൺ വാനില എക്സ്ട്രാക്ട്

½ കപ്പ് ഹെവി ക്രീം

തയാറാക്കുന്ന വിധം

ഘട്ടം 1: ചോക്ലേറ്റ് കേക്ക് 

-അവൻ 175°C (350°F) ൽ പ്രീഹീറ്റ് ചെയ്യുക. 9 ഇഞ്ച് റൗണ്ട് കേക്ക് ടിൻ 2 എണ്ണം തയ്യാറാക്കുക.

- ഒരു വലിയ ബൌളിൽ മൈദ, പഞ്ചസാര, കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

- അതിലേക്ക് ബട്ടർമിൽക്ക്, വെജിറ്റബിൾ ഓയിൽ, മുട്ട, വാനില എക്സ്ട്രാക്ട് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

- ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.

- ഈ മിശ്രിതം കേക്ക് ടിന്നിലേക്ക് ഒഴിച്ച് 30-35 മിനിറ്റ് ബേക്ക് ചെയ്യുക.

ഘട്ടം 2: സാൾട്ടഡ് ക്യാരമല്‍ തയ്യാറാക്കുക

- ഒരു പാനിൽ പഞ്ചസാര ഇട്ട് ഇളക്കി ഉരുക്കുക. 

- അതിലേക്ക് ബട്ടര്‍ ചേർത്ത് ഉരുക്കുക.

- ഇനി അതിലേക്ക് ഹെവി ക്രീം ഒഴിച്ച് ഇളക്കി മിക്സ് ചെയ്യുക. തീ ഓഫ് ചെയ്ത് അല്‍പ്പം ഉപ്പ് ചേർത്ത് വയ്ക്കുക.

ഘട്ടം 3: ചോക്ലേറ്റ് ഫ്രോസ്റ്റിങ് തയാറാക്കുക

- ഒരു ബൗളിൽ ബട്ടര്‍ ഇട്ട്, ക്രീമിയായി വരുന്നതുവരെ അടിക്കുക.

- അതിലേക്ക് പഞ്ചസാര പൊടി, കൊക്കോ പൗഡർ, ഉപ്പ് എന്നിവ ചേർത്ത് അടിക്കുക. വാനില എക്സ്ട്രാക്ട്, ഹെവി ക്രീം ചേർത്ത് ക്രീമിയായി അടിക്കുക.

ഘട്ടം 4: കേക്ക് അസംബിൾ ചെയ്യുക

- ഒരു കേക്ക് ലെയർ പ്ലേറ്റിൽ വയ്ക്കുക, അതിനുമുകളിൽ സാൾട്ടഡ് ക്യാരമല്‍ ചേര്‍ക്കുക.

- അതിനുമുകളിൽ ഒരു ലെയർ ചോക്ലേറ്റ് ഫ്രോസ്റ്റിംഗ് പുരട്ടുക.

- രണ്ടാമത്തെ കേക്ക് ലെയർ ഇതിന് മുകളിൽ വച്ച് മുഴുവൻ കേക്ക് ഫ്രോസ്റ്റിംഗ് കൊണ്ട് മൂടുക.

- കുറച്ച് സാൾട്ടഡ് ക്യാരമല്‍ കേക്കിന് മുകളിൽ ഒഴിച്ച്, മുകളില്‍ അല്പം ഉപ്പ് വിതറുക.

English Summary:

Delicious Salted Caramel Chocolate Cake

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com