ഗ്ലോബൽ വില്ലേജിൽ ഇനി പെരുന്നാൾ കാർണിവൽ

Mail This Article
ദുബായ് ∙ ഗ്ലോബൽ വില്ലേജിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമായി. വൈകിട്ട് 4 മുതൽ രാത്രി ഒന്നുവരെയാണ് ആഘോഷം. ഈദ് സന്ദേശങ്ങളും ആശംസകളുമായി ഗ്ലോബൽ വില്ലേജിൽ അലങ്കാര ദീപങ്ങൾ നിറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 5 വരെ രാത്രി 10ന് വെടിക്കെട്ട് നടക്കും.
റമസാനിൽ ആദ്യമായി ആരംഭിച്ച മുൽതാഖ ഗ്ലോബൽ വില്ലേജ് ഈദ് ആഘോഷങ്ങളിലും സന്ദർശകർക്ക് സ്വാഗതമോതും. തുറന്ന മൈതാനിയിൽ സന്ദർശകർക്ക് സൗജന്യമായി മജ്‌ലിസ് സൗകര്യമൊരുക്കുന്നതാണ് മുൽതാഖ ഗ്ലോബൽ വില്ലേജ്. ഇവിടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ചിരിക്കാനും ഭക്ഷണം പങ്കിടാനും അവസരമുണ്ട്.
പരമ്പരാഗത കളികളും ഒരുക്കിയിട്ടുണ്ട്. 90 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിൽ സന്ദർശകർക്ക് അവിസ്മരണീയ ഷോപ്പിങ്ങിനും അവസരമുണ്ട്.

പരമ്പരാഗത വേഷവിധാനങ്ങൾ, പുതിയ ട്രെൻഡുകൾ, വീടും ഓഫിസും അലങ്കരിക്കാൻ ആവശ്യമായ അലങ്കാരങ്ങൾ, കൈപ്പണിയിൽ തീർത്ത സുവനീറുകൾ മുതൽ, ലോകത്തിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ഭക്ഷണ വിഭവങ്ങൾ വരെ സന്ദർശകരെ കാത്തിരിക്കുന്നു. യുഎഇ, സൗദി, കുവൈത്ത്, യെമൻ, സിറിയ, മൊറോക്കോ, തുർക്കി പവിലിയനുകളിൽ ഈദിനു വേണ്ടി പ്രത്യേകം വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി കാർണിവലിൽ 200 ഗെയിമുകളും റൈഡുകളുമാണുള്ളത്. എല്ലാ പ്രായക്കാർക്കും ഇവ ആസ്വദിക്കാം.

ഈ വർഷം ആദ്യമായി തുടങ്ങിയ എക്സ്പോ പ്ലാനറ്റ് സിറ്റിയിൽ കണ്ണുകളെ കബളിപ്പിക്കുന്ന കണ്ണാടികൾ ഒരുക്കിയ കുരുക്കുവഴി, 5ഡി സിനിമ, ഗാലക്സി ഹണ്ടർ, നിയോ ഫ്ലൈറ്റ് ഫൈറ്റിങ് തിയറ്റർ തുടങ്ങിയവ സന്ദർശകരെ ആകർഷിക്കും.