വൈറ്റ്കോളർ ജോലികൾ ഇല്ലാതായേക്കാം,'വിയർക്കുന്ന ജോലികൾ' കുറച്ചുകാലം തുടരും; ഭാവി പ്രവചിച്ച് ബിൽ ഗേറ്റ്‌സ്

Mail This Article
തൊഴില്‍ മേഖലകളിലടക്കം നിര്‍മിത ബുദ്ധി (എഐ) കടന്നു വരുന്നതോടെ ജീവിത രീതികള്‍ ആകെ മാറിയേക്കാം എന്ന മുന്നറിയിപ്പാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് നല്‍കിയിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ച വിദഗ്ധരിലേറെയും റീസ്‌കില്ലിങ് (ഇപ്പോള്‍ ചെയ്തുവരുന്ന ജോലി എഐ നഷ്ടപ്പെടുത്തുമെങ്കില്‍ കാലോചിതമായ ഒരു പുതിയ വൈദഗ്ധ്യം നേടിയെടുക്കുക) ആണ് ഇനി വേണ്ടതെന്നാണ് പറഞ്ഞുവന്നിരുന്നത്. എന്നാല്‍, ഗേറ്റ്‌സ് തന്റെ പുതിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞിരിക്കുന്നത് 'ജോലി എന്ന സങ്കല്‍പ്പം' തന്നെ ഇല്ലാതായേക്കാവുന്ന ഒരു കാലത്തേക്ക് എത്തുകയായിരിക്കും ലോകമെന്നാണ്.
ഇത്തരത്തിലൊരു അഭിപ്രായം ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌കും മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട് എന്ന കാര്യവും വിസ്മരിക്കാൻ പാടില്ല. അദ്ദേഹം പറഞ്ഞത്, എഐ പ്രചരിച്ച സമൂഹത്തില്‍ താത്പര്യമുളളവര്‍ മാത്രം ജോലി ചെയ്താല്‍ മതിയാകും, എന്നായിരുന്നു. എഐക്ക് മനുഷ്യര്‍ ഇതുവരെ ചെയ്തുവന്ന കഠിനവും വിരസവുമായ പരമ്പരാഗത ജോലികളില്‍ നിന്ന് മനുഷ്യരെ മോചിപ്പിക്കാന്‍ സാധിച്ചേക്കുമെന്നാണ് ഗേറ്റ്‌സ് ഇപ്പോള്‍ ദ് ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞിരിക്കുന്നത്.

ജീവിക്കാൻ വരുമാനം വേണ്ടേ?
നമുക്ക് ഇന്ന് പരിചിതമായ തൊഴിലിടങ്ങള്‍ വിപണിയാല്‍ നിയന്ത്രിക്കപ്പെടുന്നവയാണ്. ചെയ്യുന്ന തൊഴിലില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ജീവിക്കുക എന്ന സങ്കല്‍പ്പമാണ് ഇന്നു എല്ലാവര്‍ക്കും തന്നെ ഉള്ളത്. ഈ സംസ്‌കാരം അവസാനിക്കാന്‍ പോകുകയായിരിക്കാം എന്നാണ് ഗേറ്റ്‌സ് സംശയിക്കുന്നത്. ലോകം എങ്ങോട്ടാണ് പോകുന്നത് എന്ന് നമുക്ക് ഇപ്പോള്‍ ചിന്തിക്കാനേ ആവില്ലെന്ന്, അദ്ദേഹം പറയുന്നു.
എല്ലാ പണിയും എഐ ചെയ്യുന്ന പുതിയ ഒരു സംസ്‌കാരം നിലവില്‍ വന്നാല്‍, ജോലിയെടുക്കാത്ത, വരുമാനമില്ലാത്ത മനുഷ്യര്‍ക്ക് എങ്ങനെയായിരിക്കും വരുമാനത്തിന്റെ ഒരു പങ്കു ലഭിക്കുക? തുടക്കത്തില്‍ എഐ വിപ്ലവം സോഫ്റ്റ്‌വെയര്‍ മേഖലയെ ആയിരിക്കും ബാധിക്കുക.

ലാംഗ്വേജ് മോഡലുകള്‍, കോഡിങ് ഏജന്റുകള്‍, ഫൈനാന്‍ഷ്യല്‍ അസിസ്റ്റന്റുകള്‍ തുടങ്ങി പലതും എത്തിയതോടെ വൈറ്റ്-കോളര്‍ (കായികാധ്വാനം ആവശ്യമില്ലാത്ത ഓഫീസ് ജോലി) തൊഴില്‍ മേഖല മാറ്റിമറിക്കപ്പെട്ടു തുടങ്ങി. കായികക്ഷമത വേണ്ട റോബട്ടിക്‌സ് മേഖലയെ പോലെയല്ലാതെ എഐക്ക് ഇവിടെ പല കാര്യങ്ങളും അനായാസം നിര്‍വ്വഹിക്കാന്‍ സാധിക്കുന്നു.
കായികക്ഷമത വേണ്ട ജോലികള്‍ ചെയ്യാന്‍ വേണ്ട വഴക്കം ആര്‍ജ്ജിക്കാന്‍ റോബോട്ടുകള്‍ക്ക് ഇനിയും സമയമെടുത്തേക്കും. കുറച്ചുകാലം മുമ്പു വരെ കരുതിവന്നതു പോലെയല്ലാതെ ശാരീരികക്ഷമത വേണ്ട ജോലികള്‍, വൈറ്റ്-കോളര്‍ ജോലികളെപ്പോലെയല്ലാതെ കുറെക്കാലത്തേക്കു കൂടെ ചെയ്യാന്‍ സാധിച്ചേക്കും.
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, നിയമ മേഖല തുടങ്ങി പല സര്‍വിസ് സെക്ടറുകളിലും എഐ അപ്രതീക്ഷിത മുന്നേറ്റം നടത്തിയാല്‍ ജീവിതച്ചിലവ് വട്ടം കുറഞ്ഞേക്കാമെന്ന് ഒരു വിലയിരുത്തലുണ്ട്. എഐ എത്തുമ്പോള്‍ നിങ്ങള്‍ക്ക് ഒരു അധ്യാപകനെ, ഒരു നിയമജ്ഞനെ ഒരു പൈസയും നല്‍കാതെ കിട്ടുമെങ്കില്‍ മാന്യമായ ജീവിതം നയിക്കാന്‍ വേണ്ട ചെലവുകൾ ഇടിയാം.
പക്ഷേ ഭ്രമം അവസാനിക്കില്ല
ഇത്തരം ഒരു സാഹചര്യത്തിലും മനുഷ്യര്‍ക്ക് വസ്തുക്കളോടുള്ള ഭ്രമം അവസാനിക്കില്ല. എന്നാല്‍, ഇവ വാങ്ങാന്‍ വേണ്ട ചെലവ് കുറഞ്ഞേക്കാം. എഐ മനുഷ്യരെ കാശുകാരാക്കില്ല, എന്നാല്‍ പലതും പണമില്ലാതെ നിര്‍വ ഹിക്കാവുന്ന സാഹചര്യം ഒരുക്കിയേക്കും. അമേരിക്കയില്‍ ഇത്തരം ഒരു സാഹചര്യത്തെക്കുറിച്ചുള്ള ചര്‍ച്ച നേരത്തെ ആരംഭിച്ചിരുന്നു.
തൊഴിലില്ലാതെയാകുന്ന വ്യക്തികള്‍ക്ക് 'യൂണിവേഴ്‌സല്‍ ബേസിക് ഇൻകം' എന്ന പേരില്‍ ഒരു നിശ്ചിത തുക പ്രതിമാസം നല്‍കുന്ന കാര്യമാണ് അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതിനുള്ള പണം എഐ കമ്പനികളില്‍ നിന്നും മറ്റും ഇടാക്കാനുള്ള സാധ്യതയുണ്ട്. മറ്റൊരു സാധ്യത ഓരോ രാജ്യവും അതിന്റെ പൗരന്മാരെ എഐ കമ്പനികളുടെ ഭാഗിക ഉടമകളായി പ്രഖ്യാപിച്ചേക്കാം എന്നതാണ്. അങ്ങനെ ഇത്തരം കമ്പനികള്‍ ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം പൊതുജനങ്ങള്‍ക്കും ലഭിക്കും.

തൊഴിലാനന്തര (post-labour) സമൂഹത്തില്‍ വരുമാനം ജോലിയുമായി ബന്ധപ്പെടുത്താനാവില്ല, ഗേറ്റ്‌സിന്റെ അഭിപ്രായത്തെ വിലയിരുത്തി ശ്രാവണ്‍ ഹാനസോജ് (Shravan Hanasoge) എഴുതിയ ലേഖനത്തില്‍ പറയുന്നു. മനുഷ്യര്‍ക്ക് തൊഴിലെടുക്കാതെ കഴിയാവുന്ന ഒരു കാലത്തേക്ക് എത്തുന്നെങ്കില്‍ എന്തിനാണ് അവര്‍ ജീവിച്ചിരിക്കുന്നതു തന്നെ?
പക്ഷെ, ഒരു മനുഷ്യനെ സംബന്ധിച്ച് ഒരു തൊഴില്‍ എന്നു പറഞ്ഞാല്‍ അതില്‍ നിന്നു ലഭിക്കുന്ന വരുമാനം മാത്രമല്ല. അത് ഒരു വ്യക്തിത്വത്തെ സൃഷ്ടിക്കുന്നു. സമയം ചിലിവിടാനൊരു അവസരമൊരുക്കുന്നു. എന്തിനേറെ, ജീവിതത്തിന് ഒരു ലക്ഷ്യവും പകരുന്നു. എഐ മനുഷ്യനെ ജോലി ചെയ്യലില്‍ നിന്ന് മോചിപ്പിക്കുമെങ്കില്‍ സമൂഹത്തിന് പുതിയ ഘടനകള്‍ വേണ്ടിവരും.
എന്താണ് ജീവിതം?
ചിലര്‍ക്ക് കലകളിലും, പരിപാലനം നല്‍കലിലും, ആത്മീയതയിലും, സയന്‍സിലുമൊക്കെ സ്വയം മറക്കാന്‍ സാധിച്ചേക്കും. എന്നാല്‍ എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ല. പലരുടെയും ജീവിതത്തിന് അച്ചടക്കവും, ദിശാബോധവും ഒക്കെ നഷ്ടമാകാനിടയുണ്ട്. എന്നാല്‍, ഇത്തരം ഒരു സാഹചര്യം സംജാതമാകുന്നുണ്ടെങ്കില്‍ മനുഷ്യര്‍ക്ക് മൊത്തത്തില്‍ ഒരു ചോദ്യത്തിന് ഉത്തരം കാണേണ്ടതായി വന്നേക്കും. മനുഷ്യര്‍ ചിന്തിക്കാനാരംഭിച്ച കാലം മുതല്‍ ചോദിച്ചുവന്ന തത്വചിന്താപരമായ ആ ചോദ്യം-എന്താണ് ജീവിതം?
പഴ്‌സണല്‍ കംപ്യൂട്ടര്‍ കംപ്യൂട്ടിങ് ശേഷി എല്ലാവരിലേക്കും എത്തിച്ചതു പോലെ, എഐ എല്ലാമനുഷ്യര്‍ക്കും ഒരേ പോലെ ബുദ്ധിപകരുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാമെന്ന് ഗേറ്റ്‌സ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. അതായത് ഇന്റലിജന്‍സിന്റെ ജനാധിപത്യവല്‍ക്കരണം സാധ്യമായേക്കാം.
അതേസമയം, ഗേറ്റ്‌സ് ഉത്തരം പറയാന്‍ വിട്ടുപോയ ഒരു കാര്യവും ഇവിടെ സ്മരിക്കേണ്ടതായിട്ടുണ്ട്-ധനം ഏതാനും ചിലരിലേക്ക് ഒതുങ്ങുന്നത്. ചില സ്ഥാപനങ്ങളും, വ്യക്തികളും ധനവും അധികാരവും കൈയ്യാളുന്ന, മുമ്പ് കണ്ടിട്ടില്ലാത്ത ഒരു സാഹചര്യം വന്നേക്കാമെന്ന് എഐയെക്കുറിച്ചുള്ള ഡിബേറ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്-എഐയുടെ ഏറ്റവും വലിയ കരുത്ത് അത് വികസിപ്പിക്കുന്നവരില്‍ മാത്രമായി ഒതുങ്ങാം.
ഇത്തരം ഒരു സാധ്യതയെക്കുറിച്ച് പറയുന്നതിനു പകരം കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ള ഒരു വാദമാണ് ഗേറ്റ്‌സ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ എഐ വികസിപ്പിക്കലിന് പല ജനാധിപത്യ രാജ്യങ്ങളും തടയിട്ടേക്കാം.