'വാട്സാപ് ചാറ്റിൽ കണ്ടെത്തിയത് 200 കോടി രൂപയുടെ അനധികൃത സ്വത്ത്, 'മാപ് ഹിസ്റ്ററി' കാണിച്ചുതന്നത് കള്ളപ്പണം ഒളിപ്പിച്ച സ്ഥലം'

Mail This Article
മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പരിശോധിച്ചതിലൂടെ 250 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്നും ക്രിപ്‌റ്റോ ആസ്തികളെക്കുറിപ്പ് വാട്ട്‌സാപ് സന്ദേശങ്ങളിൽ നിന്നുള്ള തെളിവുകളും ഇത്തരം പണം കണ്ടെത്താൻ സഹായിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പണം ഒളിപ്പിച്ച സ്ഥലങ്ങൾ ട്രാക്ക് ചെയ്യാൻ ഗൂഗിൾ മാപ്‌സ് ഹിസ്റ്ററി ഉപയോഗിച്ചതായും ബിനാമി സ്വത്ത് ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പരിശോധിച്ചതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ആദായനികുതി നിയമത്തിൽ ഡിജിറ്റൽ ഘടകങ്ങളുടെ പരിശോധന കൂടി ചേർത്തതിനെക്കുറിച്ച് ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ലോക്‌സഭയില്‍ ഡിജിറ്റൽ ഫോറൻസിക്കിന്റെ ഇത്തരം സാധ്യതകളെക്കുറിച്ച് നിര്‍മല സീതാരാമൻ പറഞ്ഞത്.
ഇൻകം ടാക്സ് ബില്ലിലെ വെർച്വൽ ഡിജിറ്റൽ സ്കേപ്
ആദായനികുതി ബില്ലിലെ 247ാം വകുപ്പാണ് ഡിജിറ്റൽ ലോകത്തെയും നിരീക്ഷണ പരിധിയിൽപ്പെടുത്തിയിരിക്കുന്നത്. രു വ്യക്തിക്ക് വെളിപ്പെടുത്താനാകാത്ത വരുമാനമോ ഐടി നിയമത്തിന്റെ പരിധിയിൽ വരുന്ന സ്വത്തോ ഉണ്ടെന്ന് അധികാരികൾക്ക് തോന്നിയാൽ വാതിൽ, ലോക്കർ, അലമാര എന്നിവ മാത്രമല്ല, കംപ്യൂട്ടർ സിസ്റ്റത്തിലേക്കും വെർച്വൽ ഡിജിറ്റൽ സ്‌പെയ്‌സിലേക്കോ ഉള്ള ആക്‌സസ് കോഡ് അസാധുവാക്കിക്കൊണ്ട് പ്രവേശിക്കാൻ അധികാരം നൽകുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വാറണ്ടോ മുൻകൂർ അറിയിപ്പോ ഇല്ലാതെ ഇമെയിലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ,എന്നിവയിലേക്ക് ആക്‌സസ് ചെയ്യാൻ നികുതി അധികാരികളെ അനുവദിക്കുന്നു. പ്രതിപക്ഷമുൾപ്പെടെ ആശങ്ക ഉയർത്തിയ ഈ ബില്ലിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.
ആദായനികുതി ബില്ലിൽ എടുത്തുകാണിച്ചിരിക്കുന്ന വെർച്വൽ ഡിജിറ്റൽ സ്‌പെയ്‌സെന്നതിന്റെ നിർവചനം വളരെ വിപുലമാണ്, ഒരു വ്യക്തിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് അക്കൗണ്ടുകൾ, ട്രേഡിങ്, നിക്ഷേപ അക്കൗണ്ടുകൾ, ഇമെയിലുകൾ എന്നിവ വെർച്വൽ ഡിജിറ്റൽ സ്‌പെയ്‌സിന്റെ നിർവചനത്തിൽ വരുമത്രെ.