ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നു; 2 ദിവസത്തിനിടെ പിടികൂടിയത് 6 രാജവെമ്പാലകളെ

Mail This Article
ഇരിട്ടി ∙ ആനയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പുറമേ ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നതു ഭീഷണിയാകുന്നു. വീടുകൾക്കുള്ളിൽനിന്നു പറമ്പുകളിൽനിന്നുമായി 2 ദിവസത്തിനിടെ 6 രാജവെമ്പാലകളെയാണു വനംവകുപ്പ് ടീം ജനവാസകേന്ദ്രത്തിൽനിന്നു പിടികൂടി കാട്ടിലേക്ക് അയച്ചത്. വീടിനകത്തും തൊടിയിലും പതുങ്ങിയിരിക്കുന്ന രാജവെമ്പാലകളെ കണ്ടെത്തുക പ്രയാസമാണ്.
മുട്ടുമാറ്റിയിലെ ചേനാട്ട് മാത്യു, കരിയംകാപ്പിലെ റോജി, ആറളം ഫാം ബ്ലോക്ക് 11ലെ മീനാക്ഷി ശശി, ബ്ലോക്ക് 6ലെ അയ്യ എന്നിവരുടെ പറമ്പിൽനിന്നാണ് ഇന്നലെ മാത്രം 4 രാജവെമ്പാലകളെ വനംവകുപ്പ് താൽക്കാലിക വാച്ചർ ഫൈസൽ വിളക്കോട് പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യൻകുന്ന് കച്ചേരിക്കടവിൽനിന്നും ആറളം ഫാം ബ്ലോക്ക് 10ൽ നിന്നും 2 രാജവെമ്പാലകളെ ഇദ്ദേഹം പിടികൂടിയിരുന്നു.