സോഷ്യൽ മീഡിയ കത്തിച്ച് ഹൻസിക കൃഷ്ണ, മെയ്വഴക്കത്തിൽ കണ്ണുടക്കി ആരാധകർ; ലുക്കിലും ‘ലൈക്ക് ജെന്നി’ തന്നെ!

Mail This Article
സമൂഹമാധ്യമങ്ങളിൽ തരംഗമായി നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണയുടെ റീൽ. ഗ്ലോബൽ ടോപ്പ് മ്യൂസിക് വിഡിയോകളിൽ ഒന്നായ ‘ലൈക്ക് ജെന്നി’ എന്ന പാട്ടിനൊപ്പമാണ് ഹൻസികയുടെ റീൽ. മണിക്കൂറുകൾ കൊണ്ട് ഹൻസികയുടെ റീൽ 2 മില്യനിലേറെ ആളുകൾ കണ്ടുകഴിഞ്ഞു. ‘വെറുക്കുന്നവർക്ക് ഇത് ഇഷ്ടമാകില്ല’ എന്ന അടിക്കുറിപ്പോടെയാണ് ഹൻസിക റീൽ പോസ്റ്റ് ചെയ്തത്.
ഏതാനും ആഴ്ചകൾക്കു മുൻപാണ് കെ–പോപ്പ് താരം ജെന്നിയുടെ ‘ലൈക്ക് ജെന്നി’ എന്ന ഗാനം പുറത്തിറങ്ങിയത്. ‘റൂബി’ എന്ന ആൽബത്തിലേതാണു ഗാനം. ദിവസങ്ങൾക്കൊണ്ട് തന്നെ പാട്ട് ആഗോള ഹിറ്റ് ആയി. പാട്ട് വലിയ ചർച്ചയാകുന്നതിനിടെയാണ് ഹൻസികയുടെ റീലും എത്തിയത്. ഗാനരംഗത്തിലെ ജെന്നിയുടെ ലുക്കിനോടു സാമ്യം തോന്നും വിധത്തിലുള്ള വസ്ത്രമാണ് ഹൻസിക ധരിച്ചിരിക്കുന്നത്.
സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഹൻസിക കൃഷ്ണ. ഹൻസിക പങ്കുവയ്ക്കുന്ന റീലുകൾ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകാറുണ്ട്. വേറിട്ട വസ്ത്രധാരണം കൊണ്ടും ഹൻസിക ചർച്ചയാകുന്നതു പതിവാണ്. ഇപ്പോൾ പോസ്റ്റ് ചെയ്ത വിഡിയോയും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ഹൻസികയുടെ മെയ്‌വഴക്കം കണ്ട് അതിശയിക്കുകയാണ് കാണികൾ. റീലിനായി തങ്ങൾ കാത്തിരിക്കുകയായിരുന്നുവെന്നാണ് ചിലരുടെ പ്രതികരണം.