‘ആ സംഭവത്തിൽ എനിക്ക് തെറ്റുപറ്റി, ഞാനും മനുഷ്യനല്ലേ: ശ്രീശാന്തിനെ തല്ലിയതിൽ വീണ്ടും ക്ഷമാപണവുമായി ഹർഭജൻ– വിഡിയോ

Mail This Article
ന്യൂഡൽഹി∙ ഐപിഎലിന്റെ ആരംഭകാലത്ത് 2008ൽ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ തല്ലിയ സംഭവത്തിൽ വീണ്ടും ക്ഷമാപണവുമായി ഹർഭജൻ സിങ്. അന്ന് സംഭവിച്ച കാര്യങ്ങളിൽ തനിക്കു പിഴവു സംഭവിച്ചതായി ഹർഭജൻ സിങ് വീണ്ടും തുറന്നുസമ്മതിച്ചു. സമൂഹമാധ്യമങ്ങളിൽ ഒരാൾ പോസ്റ്റ് ചെയ്ത വിഡിയോ പങ്കുവച്ചാണ്, അന്ന് തനിക്ക് പാളിച്ച സംഭവിച്ചതായി ഹർഭജൻ വീണ്ടും ഏറ്റുപറഞ്ഞത്. താൻ ദൈവമല്ലെന്നും മനുഷ്യനാണെന്നും ഹർഭജൻ കുറിച്ചു.
‘‘ആ ചെയ്തത് ഒട്ടും ശരിയായിരുന്നില്ല. അത് എന്റെ മാത്രം പിഴവാണ്. അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. ഞാനും മനുഷ്യനല്ലേ, ദൈവമൊന്നുമല്ലല്ലോ’ – ഹർഭജൻ കുറിച്ചു.
ഐപിഎലിന്റെ പ്രഥമ സീസണിലെ പ്രധാന വിവാദങ്ങളിലൊന്നായിരുന്നു ശ്രീശാന്തിനെ ഹർഭജൻ സിങ് തല്ലിയ സംഭവം. അന്ന് കിങ്സ് ഇലവൻ പഞ്ചാബിന്റെ (ഇന്ന് പഞ്ചാബ് കിങ്സ്) താരമായിരുന്നു ശ്രീശാന്ത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായിരുന്ന ഹർഭജൻ സിങ്, മത്സരത്തിനു പിന്നാലെ താരങ്ങൾ ഹസ്തദാനം നടത്തുമ്പോഴാണ് ശ്രീശാന്തിനെ തല്ലിയത്. തുടർന്ന് കണ്ണീരണിഞ്ഞ ശ്രീശാന്തിനെ സഹതാരങ്ങളായ കുമാർ സംഗക്കാര ഉൾപ്പെടെയുള്ളവർ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവം ഗൗരവത്തോടെ കണ്ട ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ), സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽനിന്ന് ഹർഭജൻ സിങ്ങിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനു ശേഷം ഒട്ടേറെത്തവണയാണ് തനിക്കു തെറ്റു പറ്റിയതായി ഏറ്റുപറഞ്ഞ് ഹർഭജൻ സിങ് ക്ഷമ ചോദിച്ചത്. ഇതിനു പിന്നാലെയാണ്, സമൂഹമാധ്യമങ്ങളിൽ ആരാധകരിൽ ഒരാൾ പോസ്റ്റ് ചെയ്ത വിഡിയോ പങ്കുവച്ച് ഹർഭജൻ വീണ്ടും തെറ്റ് ഏറ്റുപറഞ്ഞത്.