കൊല്ലാതിരിക്കാനുള്ള തന്ത്രം! പെൺചിലന്തിയിൽ നിന്നു രക്ഷപ്പെടാൻ സ്വന്തം ലിംഗം മുറിച്ചിടുന്ന ആൺചിലന്തി!

Mail This Article
ചിലന്തിവംശത്തിലെ ചില അംഗങ്ങളിൽ ഇണചേരൽ പ്രക്രിയ ആൺചിലന്തിക്കുള്ള മരണ വാറന്റ് കൂടിയാണ്. ബ്ലാക്ക് വിഡോ പോലുള്ള ചിലന്തിവംശങ്ങൾ ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്. ഇണചേരുന്ന ആൺചിലന്തിയെ പെൺചിലന്തി പിന്നീട് കൊന്നശേഷം തനിക്കുള്ള ഭക്ഷണമാക്കിമാറ്റും. ഇത്തരം ഇണചേരൽപ്രക്രിയ കാട്ടുന്ന ചിലന്തിവംശങ്ങളിലൊന്നാണ് ഏഷ്യൻ ഹെർമിറ്റ് സ്‌പൈഡർ. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈൻസ്, ചൈന, ജപ്പാൻ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. എന്നാൽ ഇക്കൂട്ടത്തിലെ ആൺചിലന്തികൾ ഇണചേർന്നശേഷം പെൺചിലന്തികളിൽ നിന്നു രക്ഷപ്പെടാനായി ഒരു സൂത്രം പ്രയോഗിക്കും. സ്വന്തം ലിംഗം പെൺചിലന്തിയുടെ ലൈംഗികാവയവത്തിൽ മുറിച്ചിട്ട ശേഷം രക്ഷപ്പെടുന്നതാണ് ഇത്.
ഹെർമിറ്റ് സ്‌പൈഡറുകളിലെ പെൺചിലന്തികൾക്ക് ആൺചിലന്തികളുടെ 3 മടങ്ങ് വലുപ്പമുണ്ട്. ഇണചേരുന്ന സമയത്ത് പെൺചിലന്തി അക്രമാസക്തമാകുകയും ആൺചിലന്തിയെ കൊന്നുതിന്നാൻ ശ്രമിക്കുകയും ചെയ്യും. മുറിച്ചിട്ടശേഷവും ആൺചിലന്തിയുടെ ലൈംഗികാവയവത്തിൽ നിന്നു ബീജം പെൺചിലന്തിയിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കും. റിമോട്ട് കോപുലേഷൻ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ലൈംഗികാവയം നഷ്ടപ്പെട്ട ആൺചിലന്തിയുടെ ശരീരഭാരം കുറയുന്നതിനാൽ ഇവയുടെ ചലനവും പോരാട്ടശേഷിയും കൂടും. പെൺചിലന്തിയിൽ പിറക്കുന്ന തങ്ങളുടെ സന്തതികളെ മറ്റ് ആൺചിലന്തികൾ ആക്രമിക്കുന്നതു തടയാനാണു പിന്നീടുള്ള തന്റെ ജീവിതം ലിംഗം നഷ്ടപ്പെട്ട ആൺചിലന്തി വിനിയോഗിക്കുന്നത്. ഒരു അച്ഛന്റെ ത്യാഗോജ്വലമായ ജീവിതം.
ഇക്കൂട്ടത്തിൽപ്പെട്ട മറ്റ് ചില ആൺചിലന്തികൾ ലിംഗം മുറിച്ചിടുന്നതിനു പകരം മറ്റൊരു മാർഗവും തേടാറുണ്ട്. തങ്ങളുടെ എട്ടുകാലുകളിൽ ഒന്ന് മുറിച്ച് പെൺചിലന്തിക്ക് തിന്നാൻ കൊടുക്കുന്നതാണ് ഇത്. പെൺചിലന്തി കാൽ ഭക്ഷിക്കുമ്പോഴേക്കും ആൺചിലന്തി രക്ഷപ്പെടും.