വിരൂപജീവി, ഒരുസമയം ഒരു ലക്ഷത്തോളം മുട്ടകളിടും; ബ്ലോബ് ഫിഷിന് ‘ഫിഷ് ഓഫ് ദി ഇയർ’ പുരസ്കാരം

Mail This Article
ലോകത്തിലെ വിരൂപജീവികളിലൊന്നായ ബ്ലോബ് ഫിഷിന് ‘ഫിഷ് ഓഫ് ദി ഇയർ’ പുരസ്കാരം നൽകി ന്യൂസീലൻഡ് പരിസ്ഥിതി സംഘടന. രാജ്യത്തെ വൈവിധ്യമാർന്ന സമുദ്ര, ശുദ്ധജല ജീവജാലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മൗണ്ടൻ ടു സീ കൺസർവേഷൻ ട്രസ്റ്റ് ആണ് ഈ വാര്‍ഷിക മത്സരം നടത്തിയത്. 5,500 പേരിൽ 1300 പേർ ബ്ലോബ്ഫിഷിന് വോട്ട് ചെയ്യുകയായിരുന്നു.
ഓസ്ട്രേലിയയിലെ ടാസ്മാനിയയിലും ന്യൂസിലൻഡിലും കാണപ്പെടുന്ന മത്സ്യമാണ് ബ്ലോബ് ഫിഷ്. മറ്റ് മത്സ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വ്യത്യസ്തമാണ് ബ്ലോബ് ഫിഷിന്റെ രൂപം. ബൾബ് പോലുളള തലയും ജെല്ലിഫിഷ് പോലുള്ള ശരീരവുമാണ് ഇവയ്ക്ക്. പേശികളോ ചെതുമ്പലുകളോയില്ലാത്ത ഇവ ഏകദേശം 12 ഇഞ്ച് (30 സെ.മീ) വരെ വളരും.

ബ്ലോബ് ഫിഷുകൾക്ക് ശരാശരി 130 വർഷത്തോളം ആയുസുണ്ടെന്ന് വിശ്വസിക്കുന്നു. സാവധാനത്തിൽ ചലിക്കുന്ന ഇവ മറ്റു ജലജീവികളെപ്പോലെ ഇരതേടി പോകാറില്ല. ഇരകൾ സമീപത്തിലെത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കും. 600 മുതൽ 1200 മീറ്റർ വരെ ആഴത്തിലാണ് ഇവയുടെ വാസം. പെൺ ബ്ലോബ് ഫിഷുകൾ ഒരുസമയം ഒരു ലക്ഷത്തോളം മുട്ടകളിടാൻ ശേഷിയുള്ളവരാണ്.