അടുപ്പിച്ച് രണ്ട് ഭൂചലനങ്ങൾ; പ്രകമ്പനം മേഘാലയയിലും: ബാങ്കോക്കിലെ കൂറ്റൻകെട്ടിടം തകർന്നുതരിപ്പണം

Mail This Article
മ്യാൻമറിലെ അതിശക്തമായ ഭൂചലനത്തിൽ കൂറ്റൻ കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായി. മ്യാൻമറിലെ ആവ–സഗയിങ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രശസ്തമായ പാലവും തകർന്നുവീണു. ഈ സമയം എന്തുചെയ്യണമെന്ന് അറിയാതെ ജനങ്ങൾ നെട്ടോട്ടമോടുകയായിരുന്നു. ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. മ്യാൻമറിലെ മാന്റ്‍ലെയിലാണ് 7.7 തീവ്രതയുള്ള ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. പിന്നീട് 12 മിനിറ്റിന് ശേഷം 6.4 തീവ്രതയുള്ള ശക്തമായ ഭൂചലനംകൂടി മ്യാൻമറിലെ സഗയിങ് പ്രദേശത്ത് അനുഭവപ്പെടുകയായിരുന്നു.
മ്യാൻമറിലെ ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലും അനുഭവപ്പെട്ടു. ബാങ്കോക്കിലെ ചതുചക് മാർക്കറ്റിൽ നിർമാണത്തിലിരുന്ന ഒരു കെട്ടിടം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബഹനില കെട്ടിടങ്ങൾക്ക് മുകളിലെ പൂളിൽ നിന്നുള്ള വെള്ളം ആടിയുലഞ്ഞ് താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും ഏറെ ഭീതിപടർത്തുന്നതാണ്. നിലവിൽ ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബംഗ്ലാദേശ്, ഇന്ത്യ, ചൈന എന്നിവങ്ങളിലും മ്യാൻമർ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. ഇന്ത്യയിൽ മേഘാലയയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തീവ്രത 4 രേഖപ്പെടുത്തിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.