കടലിലെ വൻ പ്ലാസ്റ്റിക് കര: ഫ്രാൻസിന്റെ മൂന്നുമടങ്ങ് വിസ്തീർണം; നീക്കംചെയ്യാൻ പുതിയ വിദ്യ

Mail This Article
ലോകത്തിലെ സമുദ്രങ്ങളിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് അടിഞ്ഞു കിടക്കുന്ന 5 മേഖലകളുണ്ട്. അതിൽ ഏറ്റവും വലുതാണ് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച്. 16 ലക്ഷം ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ളതാണ് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച്. ഈ മേഖലയിലെ പ്ലാസ്റ്റിക് നീക്കാനായി പല പരിപാടികളും അവലംബിക്കപ്പെടുന്നുണ്ട്. വലകൾ ഘടിപ്പിച്ച ബോട്ടുകളുമായി മേഖലയിൽ റോന്തുചുറ്റി പ്ലാസ്റ്റിക് ശേഖരിച്ച് നീക്കാനാണ് ഒരു ശ്രമം. എന്നാൽ ഇതത്ര ഫലപ്രദമാകില്ലെന്ന് യുഎസിലെ പ്ലനറ്ററി സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ബോട്ടുകൾക്കു വേണ്ട ഇന്ധനച്ചെലവ്, ബോട്ടുകൾ പുറന്തള്ളുന്ന വികിരണങ്ങൾ മൂലമുണ്ടാകുന്ന പരിസ്ഥിതി നാശം എന്നിവ പ്രശ്നകരമാണ്. പകരം മറ്റൊരു മാർഗം അവർ മുന്നോട്ടുവയ്ക്കുന്നു.
സമുദ്രത്തിലെ ചാക്രിക രീതിയിൽ ചലിക്കുന്ന ഒഴുക്കുകളായ ഗൈറുകളാണ് ഇത്തരം ഗാർബേജ് പാച്ചുകളുണ്ടാകുന്നതിനു കാരണമാകുന്നത്. ഗൈറുകൾ പ്ലാസ്റ്റിക്കുകൾ ഓരോ മേഖലയിൽ അടിയുന്നതിനു കാരണമാകും.സമുദ്രത്തിലേക്കു പ്രതിവർഷം 11.5 ലക്ഷം മുതൽ 24.1 ലക്ഷം ടൺ പ്ലാസ്റ്റിക് എത്തുന്നുണ്ടെന്നാണു കണക്ക്. ഇതിൽ പകുതിയിലേറെ പ്ലാസ്റ്റിക് പൊങ്ങിക്കിടക്കാറുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ഗാർബേജ് പാച്ച് എന്നു കേൾക്കുമ്പോൾ നാട്ടിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുന്ന സ്ഥലം പോലെ മനസ്സിൽ തോന്നുമെങ്കിലും ഇതല്ല സ്ഥിതി. ചിലയിടങ്ങളിൽ മാലിന്യങ്ങൾ കാണാനേ സാധിച്ചില്ലെന്നും വരും. മൈക്രോപ്ലാസ്റ്റിക്കുകൾ കിടക്കുന്ന മേഖലകളിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗാർബേജ് പാച്ചുകൾക്ക് വലിയ വലുപ്പമാണ്. ഇവയിലെ പ്ലാസ്റ്റിക് മാലിന്യം കടൽജലത്തിന്റെ ഒഴുക്കിനനുസരിച്ച് മാറുന്നതിൽ കൃത്യമായ വിസ്തീർണം കണക്കാക്കുന്നതും പാടാണ്.
സമുദ്രത്തിലെ ജലചലനം മനസ്സിലാക്കി പ്ലാസ്റ്റിക്കുകൾ അടിയപ്പെടുന്ന മേഖലകൾ കണ്ടെത്തി അവിടുന്ന് ഇവ ശേഖരിച്ചു മാറ്റുന്ന രീതിയാകും കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കംപ്യൂട്ടർ സിമുലേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ ഗവേഷണഫലം തെളിഞ്ഞത്. ഫ്രാൻസ് എന്ന രാജ്യത്തിന്റെ മൂന്നു മടങ്ങ് വിസ്തീർണമുണ്ട് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ചിന്. കലിഫോർണിയ, ഹവായ് തീരങ്ങളുടെ മധ്യത്തിലായാണു ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച് സ്ഥിതി ചെയ്യുന്നത്. ഈസ്റ്റേൺ ഗാർബേജ് പാച്ച്, വെസ്റ്റേൺ ഗാർബേജ് പാച്ച് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച് സ്ഥിതി ചെയ്യുന്നത്. ചൈന, ഇന്തൊനീഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്നാം, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഈ പാച്ചിലേക്ക് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം വരുന്നതെന്ന് ഗവേഷകർ പറയുന്നു. ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച് പസിഫിക്കിലെ വിദൂരമേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇങ്ങോട്ടേക്ക് എത്താൻ വലിയ പാടാണ്. ഇതുമൂലം ഈ പ്ലാസ്റ്റിക് നിറഞ്ഞ മേഖലയെക്കുറിച്ചു പഠിക്കുന്നതിനു ഗവേഷകർക്കു ബുദ്ധിമുട്ടുണ്ട്.

കടലിലെ ജലജീവികൾക്ക് വലിയ പ്രശ്നങ്ങൾ ഈ ഗാർബേജ് പാച്ച് സൃഷ്ടിക്കുന്നുണ്ട്. ഇതിലെ പ്ലാസ്റ്റിക് ശേഖരത്തിൽ നല്ലൊരു പങ്കും മീൻപിടിത്ത വലകളാണ്. ഗോസ്റ്റ് നെറ്റ് എന്നറിയപ്പെടുന്ന ഈ മീൻപിടിത്ത വലകൾ മീനുകളെ പിടിച്ചുകൊണ്ടേയിരിക്കും. പലപ്പോഴും സമുദ്രജീവികൾ പ്ലാസ്റ്റിക് അകത്താക്കാറുണ്ട്. ഇതുമൂലം ഇവയുടെ വയർ നിറയുകയും മറ്റു ഭക്ഷണങ്ങൾ തേടുന്നതിൽ ഇവ അശക്തരാകുകയും അങ്ങനെ ഇവയ്ക്ക് മരണവും നാശവും സംഭവിക്കുകയും ചെയ്യും.
കടലിലെ പ്ലാസ്റ്റിക്കുകൾ ഒഴുക്കിനൊപ്പം മറ്റുസ്ഥലങ്ങളിലേക്കും പോകാറുണ്ട്. ഇങ്ങനെ പോകുന്ന പ്ലാസ്റ്റിക്കുകൾക്കൊപ്പം ചിലയിനം പായലുകളും ചെറിയ ജലജീവികളുമൊക്കെ കടന്നുകൂടുകയും ഇവ ഒഴുകി മറ്റുള്ളിടങ്ങളിലേക്ക് എത്തുകയും ചെയ്യും. ഇത്തരത്തിൽ അധിനിവേശ ജീവിവർഗങ്ങൾ മറ്റിടങ്ങളിൽ ഉടലെടുക്കാനും കടലിലെ പ്ലാസ്റ്റിക് കാരണമാകും.
2009ൽ ആണ് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച് ശുചിയാക്കാനായി ആദ്യ ശ്രമം നടത്തിയത്. ഓഷ്യൻ വൊയേജസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലായിരുന്നു ഇത്.