സഹപ്രവർത്തകയോട് മോശമായി പെരുമാറി; പ്രൈമാർക്ക് സിഇഒ രാജി വച്ചു

Mail This Article
ലണ്ടൻ ∙ പൊതുഇടത്തിൽ സഹപ്രവർത്തകയോടുള്ള പെരുമാറ്റം മോശമായെന്ന് പരാതിയെ തുടർന്ന് യുകെയിലെ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ പ്രൈമാർക്കിന്റെ തലവനും സിഇഒയുമായ പോൾ മർച്ചന്റ് രാജി വച്ചു.പ്രൈമാർക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ബ്രിട്ടിഷ് ഫൂഡ്‌സ് (എബിഎഫ്) നടത്തിയ അന്വേഷണത്തെ തുടർന്നാണ് രാജി.
അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് അംഗീകരിക്കുകയും പ്രതീക്ഷിച്ച നിലവാരത്തേക്കാൾ താഴെയാണ് പ്രൈമാർക്കിൽ തന്റെ പ്രവർത്തനങ്ങൾ മൂലം ഉണ്ടായ വളർച്ചയെന്ന് ബോധ്യപ്പെടുകയും ചെയ്തതായി പോൾ മർച്ചന്റ് പറഞ്ഞു. പോൾ മർച്ചന്റ് അന്വേഷണവുമായി സഹകരിക്കുകയും ഇരയോട് മാപ്പ് പറയുകയും ചെയ്തതായി എബിഎഫ് ചീഫ് എക്സിക്യൂട്ടീവ് ജോർജ് വെസ്റ്റൺ പറഞ്ഞു.
പോൾ മർച്ചന്റിന്റെ പ്രവർത്തിയിൽ താൻ കടുത്ത നിരാശയിലാണെന്നും ഏതൊരു പദവിയിൽ ഇരിക്കുന്ന ആളായാലും സഹപ്രവർത്തകരോടും മറ്റുള്ളവരോടും ബഹുമാനത്തോടും മാന്യതയോടും പെരുമാറണമെന്നും നമ്മുടെ സംസ്കാരം ഏതൊരു വ്യക്തിയേക്കാളും വലുതായിരിക്കണമെന്നും ജോർജ്ജ് വെസ്റ്റൺ കൂട്ടിച്ചേർത്തു. പ്രൈമാർക്കിന്റെ സ്ഥാപകനായ ആർതർ റയാനിൽ നിന്ന് 2009 ലാണ് പ്രൈമാർക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവായി പോൾ മർച്ചന്റ് ചുമതലയേറ്റത്.
ആഗോളതലത്തിൽ 452 ഷോപ്പുകൾ ഉള്ള പ്രൈമാർക്കിന് യുകെയിൽ മാത്രം വിവിധ സ്ഥലങ്ങളിലായി 192 ഷോപ്പുകൾ ഉണ്ട്. യുകെയിൽ എത്തുന്ന മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ഇന്ത്യൻ വസ്ത്രങ്ങൾ വാങ്ങുവാൻ കഴിയുന്ന ഷോപ്പുകളിൽ ഒന്നാണ് പ്രൈമാർക്ക്. യുകെയിൽ പ്രൈമാർക്ക് എന്നും അയർലൻഡിൽ പെന്നിസ് എന്നും അറിയപ്പെടുന്ന പ്രൈമാർക്ക് ഷോപ്പുകൾ 1969 ലാണ് അയർലൻഡിൽ ആണ് തങ്ങളുടെ ആദ്യ ഷോപ്പ് ആരംഭിച്ചത്.