ബൗണ്ടറി അടിക്കാത്ത തിലക് ‘റിട്ടയേഡ് ഔട്ട്’, പകരം സാന്റ്നർ; മുംബൈയുടെ തന്ത്രം കണ്ട് പകച്ച് സൂര്യ- വിഡിയോ

Mail This Article
ലക്നൗ∙മുംബൈ ഇന്ത്യൻസ്– ലക്നൗ സൂപ്പർ ജയന്റ്സ് പോരാട്ടത്തിൽ ബാറ്റിങ്ങിനിടെ തിലക് വർമയുടെ അപ്രതീക്ഷിത മടക്കം. മുംബൈ ഇന്നിങ്സിന്റെ 19–ാം ഓവറിലെ 5–ാം പന്തിൽ തിലക് വർമ (23 പന്തിൽ 25) സ്വമേധയാ ഔട്ടായി (റിട്ടയേഡ് ഔട്ട്) ഡ്രസിങ് റൂമിലേക്കു മടങ്ങിയത് ശ്രദ്ധേയമായി. പരുക്കോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്ത ഒരു ബാറ്റർക്ക് ഇന്നിങ്സിന്റെ പാതിവഴിയിൽ വച്ച് റിട്ടയേഡ് ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങാം. എന്നാൽ മത്സരത്തിൽ പിന്നീട് അയാൾക്ക് ബാറ്റ് ചെയ്യാൻ സാധിക്കില്ല.
ഇന്നലെ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് തിലക് സ്വയം ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. തങ്ങൾക്ക് ബൗണ്ടറികൾ ആവശ്യമായ സാഹചര്യമായിരുന്നെന്നും എന്നാൽ തിലകിന് താളം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ റിട്ടയേഡ് ഔട്ടാകാൻ തീരുമാനിക്കുകയായിരുന്നെന്നും മത്സരശേഷം മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു.
മുംബൈ ടീമിൽ സൂര്യകുമാർ യാദവ് അടക്കമുള്ളവർ താരത്തിന്റെ മടങ്ങിപ്പോക്ക് ഞെട്ടലോടെയാണു കണ്ടത്. എന്നാൽ പിന്നാലെയെത്തിയ മിച്ചൽ സാന്റ്നര്‍ക്കും മുംബൈയ്ക്കു വേണ്ടി കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 12 റൺസിനാണ് ആതിഥേയരുടെ വിജയം. സീസണിലെ രണ്ടാം വിജയത്തോടെ ലക്നൗ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി.
മത്സരത്തിൽ ലക്നൗ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. 43 പന്തിൽ 67 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. നമൻ ഥിർ (24 പന്തിൽ 46), ഹാർദിക് പാണ്ഡ്യ (16 പന്തിൽ 28), തിലക് വർമ (23 പന്തിൽ 25) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ.