പെരുന്നാൾ അവധി ദിനത്തിൽ സൗദിയുടെ കാരുണ്യം: മലയാളി വ്യവസായിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി

Mail This Article
ദമാം∙ കഴിഞ്ഞ ദിവസം ദമാമിൽ അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായ തൃശൂർ കൊടകര സ്വദേശി മുല്ലപ്പള്ളി അപ്പൻ മേനോന്റെ (52) മൃതദേഹം ഇന്ന് രാത്രി ദമാമിൽ നിന്നും 12 മണിക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് കോഴിക്കോട് എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. തൃശൂർ കൊടകര മൂന്നുമുറി മുല്ലപ്പള്ളി വീട്ടിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.
മുപ്പത് വർഷമായി ദമാമിൽ പ്രവാസിയായ അപ്പൻ മേനോൻ തുടക്കത്തിൽ ഒരു കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് സ്വന്തമായി ബിസിനസ് ചെയ്യാൻ തുടങ്ങി. ബിസിനസ് എക്സിബിഷനിൽ പങ്കെടുക്കുന്നതിനും മറ്റു ബിസിനസ് ചർച്ചകൾക്കുമായി രണ്ടാഴ്ചയോളം ചൈനയിൽ ഉണ്ടായിരുന്നു. ഈ യാത്രക്കിടയിൽ ശാരീരികമായി ചില അസ്വാസ്ഥ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ദമാമിൽ തിരിച്ചെത്തിയ ഉടനെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും വിദഗ്ധ ചികിത്സയ്ക്കായി വരും ദിവസം തന്നെ കേരളത്തിലേക്ക് മടങ്ങുന്നതിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒൻപതിന് ദമാമിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ അപ്പൻ മേനോനെ സമീപത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന കുടുംബം മക്കളുടെ ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യൻ സ്കൂൾ അധ്യാപികയായിരുന്ന വിജയശ്രീയാണ് ഭാര്യ. മക്കൾ കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി. സന്ദർശന വീസയിൽ ദമാമിലുള്ള മൂത്തമകൻ കൃഷ്ണനുണ്ണി മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
പെരുന്നാൾ അവധി തുടങ്ങിയ അടുത്ത ദിവസം തന്നെ ഉണ്ടായ ഇദ്ദേഹത്തിന്റെ മരണം കുടുംബാംഗങ്ങൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും പെരുന്നാൾ പൊതു അവധിയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാലതാമസത്തിലുള്ള ആശങ്കയും ചർച്ചയായിരുന്നു. അപ്പൻ മേനോനുമായി കൂടുതൽ സൗഹാർദവും അടുപ്പവുമുള്ള വ്യവസായ പ്രമുഖരായ അഹമ്മദ് പുളിക്കൽ (വല്ല്യാപ്പുക്ക), രാജു കുര്യൻ, ഡോ. സിദ്ദീഖ് അഹമ്മദ്, മഞ്ഞളാംകുഴി ബാപ്പു തുടങ്ങിയവർ നിരന്തരമായി സാധ്യമായ വഴികൾ ആരായുകയും ശ്രമങ്ങൾ തുടരുകയും ചെയ്തുകൊണ്ടിരുന്നു. ഇതോടൊപ്പം സാമൂഹ്യ പ്രവർത്തകൻ നാസ് വക്കവുമായും ഇവരെല്ലാം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പെരുന്നാൾ ദിനമായ ഞായറാഴ്ച തന്നെ നാസ് വക്കത്തിന്റെ പരിശ്രമം ഫലം കണ്ടു.
സൗദിയുടെ ചരിത്രത്തിൽ അപൂർവമായിരിക്കാം മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള അനുമതി പത്രം അവധി ദിനത്തിൽ തന്നെ അനുവദിക്കുന്നത്. അനുമതി പത്രം ലഭിച്ചതോടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള ബാക്കി നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറി പരിസരത്ത് പൊതുദർശനത്തിനുള്ള സൗകര്യം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഒരുക്കിയതായി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം അറിയിച്ചു.