തീർഥാടനത്തിനായി ഒമാനിൽ നിന്ന് സൗദിയിലേക്ക്; വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

Mail This Article
മസ്‌കത്ത് ∙ ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദിയിൽ അപകടത്തിൽപ്പെട്ട് മൂന്ന് മരണം. രിസാല സ്റ്റഡി സർക്കിൾ (അർഎസ്സി) ഒമാൻ നാഷനൽ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ഷിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബാംഗങ്ങളുമാണ് ഒമാൻ-സൗദി അതിർത്തി പ്രദേശത്ത് നിന്ന് അൽപ്പം മാറി ബത്ഹയിൽ ഞായറാഴ്ച രാവിലെ അപകടത്തിൽ പെട്ടത്.
ഷിഹാബിന്റെ ഭാര്യ സഹ്‌ല (30), മകൾ ആലിയ (7), മിസ്അബിന്റെ മകൻ ദഖ്‌വാൻ (6) എന്നിവരാണ് മരണപ്പെട്ടത്. കുട്ടികൾ അപകടസ്ഥലത്തും സഹ്‌ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്അബും ഷിഹാബും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകിട്ട് നോമ്പ് തുറന്നശേഷം മസ്‌കത്തിൽ നിന്ന് ഉംറ തീർഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രിയിൽ വിശ്രമിച്ച ശേഷം ശനിയാഴ്ച വൈകിട്ടാണ് സൗദിയിലേക്ക് യാത്ര തുടർന്നത്.
റുബുഉൽ ഖാലി അതിർത്തി കടന്ന് റിയാദ് ലക്ഷ്യമായി യാത്ര ചെയ്യുന്നതിനിടെ ബത്ഹയിൽ വച്ച് ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്.