ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിൽ അസ്വസ്ഥനായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോലി. ഗ്രൗണ്ടിൽ കെ.എൽ. രാഹുൽ തകർത്തടിച്ച് ഡൽഹിയെ വിജയത്തിലേക്കു നയിക്കുന്നതിനിടെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന വിരാട് കോലി പരിശീലകൻ ദിനേഷ് കാർത്തിക്കുമായി ഏറെ നേരം അസ്വസ്ഥനായി സംസാരിക്കുന്നുണ്ടായിരുന്നു.

ഒരു ഘട്ടത്തില്‍ ഡല്‍ഹിക്കു മേൽ നിയന്ത്രണം നേടിയിട്ടും, രാഹുൽ വന്നതോടെ കളി കൈവിട്ട ആർസിബി സമീപനത്തിൽ വിരാട് കോലിക്കുള്ള അതൃപ്തി താരം ഗ്രൗണ്ടിൽവച്ചു തന്നെ വ്യക്തമാക്കുകയായിരുന്നു. ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടീദാറിന്റെ തന്ത്രങ്ങളിലും ഫീൽഡ് സെറ്റ് ചെയ്യുന്നതിലും കോലിക്ക് ഒട്ടും മതിപ്പില്ലെന്നാണു പുറത്തുവരുന്ന വിവരം. ടെലിവിഷനിൽ കോലിയും ദിനേഷ് കാർത്തിക്കും ‘ഗൗരവത്തോടെ’ ചർച്ച നടത്തുന്നതു കണ്ട കമന്റേറ്റർമാരും വിഷയത്തിൽ പ്രതികരിച്ചു.

കോലിക്കു ഗ്രൗണ്ടിൽവച്ച് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ അത് ക്യാപ്റ്റനായ പാട്ടിദാറിനോടാണു സംസാരിക്കേണ്ടതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രതികരിച്ചു. കമന്ററി ബോക്സിലുണ്ടായിരുന്ന വിരേന്ദർ സേവാഗും ഇതിനെ അനുകൂലിച്ചു. ദിനേഷ് കാർത്തിക്കുമായി സംസാരിച്ചശേഷം, പേസർ ഭുവനേശ്വർ കുമാറുമായും കോലി ദീർഘ നേരം ചർച്ച നടത്തുന്നുണ്ടായിരുന്നു.

അതേസമയം ‘സ്ട്രാറ്റജിക് ടൈം ഔട്ടിന്റെ’ സമയത്തെ ടീമിന്റെ ചർ‌ച്ചയിൽ വിരാട് കോലി പങ്കെടുത്തില്ലെന്നും വിവരമുണ്ട്. സീസണിലെ രണ്ടാം തോൽവി വഴങ്ങിയെങ്കിലും ആറു പോയിന്റുകളുമായി ബെംഗളൂരു പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഡൽഹി ക്യാപിറ്റൽസ് ആറു വിക്കറ്റ് വിജയമാണ് ആർസിബിക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു ഏഴു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് വിജയ റൺസ് കുറിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com