‘മുൻപ്രണയങ്ങളോർത്ത് കുറ്റബോധം, 5 വർഷം ഒറ്റയ്ക്ക് ജീവിച്ചതിന് മറ്റൊരു ലക്ഷ്യം’; പ്രതിശ്രുതവരന്റെ മുന്നിൽ സെലീനയുടെ വെളിപ്പെടുത്തൽ

Mail This Article
മുൻപ്രണയബന്ധങ്ങളിൽ നേരിടേണ്ടിവന്ന മാനസിക പ്രയാസങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞ് പോപ്പ് താരം സെലീന ഗോമസ്. മുൻ പങ്കാളിയും ഗായകനുമായ ജസ്റ്റിൻ ബീബറിനെ ഉന്നം വച്ചായിരുന്നു സെലീനയുടെ തുറന്നുപറച്ചിൽ. ബീബറുമായുള്ള ബന്ധത്തിലൂടെ താൻ ഒരുപാട് പാഠങ്ങൾ പഠിച്ചെന്നും ആ പ്രണയത്തിന്റെ നാളുകളെക്കുറിച്ചോർക്കുമ്പോൾ കുറ്റബോധം തോന്നുന്നുവെന്നും സെലീന ഗോമസ് പറഞ്ഞു. അടുത്തിടെ ഒരു പോഡ്കാസ്റ്റിലൂടെയാണ് സെലീന സ്വകാര്യ ജീവിതത്തെക്കുറിച്ചു വാചാലയായത്. പ്രതിശ്രുതവരൻ ബെന്നി ബ്ലാങ്കോയും സെലീനയ്ക്കൊപ്പമുണ്ടായിരുന്നു.
‘എനിക്ക് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതിൽ നിന്നൊക്കെ ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു. ഇപ്പോൾ ഞാൻ എന്റെ ശരിയായ ജീവിതപങ്കാളിയെ കണ്ടെത്തിയിരിക്കുന്നു. മുൻകാലങ്ങളിൽ ഞാൻ എടുത്ത തീരുമാനങ്ങളൊന്നും ശരിയായിരുന്നില്ല. മുൻപ്രണയബന്ധങ്ങളിൽ ഞാൻ ഒത്തിരിയേറെ പ്രയാസങ്ങൾ അനുഭവിച്ചു. കടുത്ത വിഷാദത്തിന്റെ വക്കിലെത്തിയ ഞാൻ അവിശ്വസനീയമാംവിധം മനസ്സിനെ തിരിച്ചുപിടിച്ചു. എന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ പങ്കാളി ബെന്നി ബ്ലാങ്കോ എളുപ്പത്തിൽ എല്ലാം മനസ്സിലാക്കി കൂടെ നിന്നു.
എല്ലാ സാഹചര്യങ്ങളിലും ഞാൻ പ്രതികരണശേഷി ഉള്ളവളായിരുന്നു. എന്നാൽ മുൻപ്രണയ ബന്ധത്തിൽ എനിക്കങ്ങനെ സാധിച്ചില്ല. കഴിഞ്ഞ 5 വർഷം ഞാൻ ഒറ്റയ്ക്കാണ് ജീവിച്ചത്. കാരണം, എനിക്ക് ശരിയായ എന്നെ തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്റെ കരിയറിലും ബന്ധങ്ങളിലും വൈകാരിക പക്വത എത്രത്തോളും നിർണായകമാണെന്നു ഞാന്‍ മനസ്സിലാക്കി. മുൻപത്തെ പ്രണയബന്ധത്തിൽ ഞാൻ എങ്ങനെയായിരുന്നോ അത് ഇപ്പോഴത്തെ എന്റെ പങ്കാളി സഹിക്കേണ്ടതില്ല. ഇപ്പോൾ ഞാൻ പക്വത കൈവരിച്ചിരിക്കുന്നു. ബ്ലാങ്കോയുടെ ക്ഷമയും സഹനവും എന്നെ അളവറ്റ വിധം സ്വാധീനിച്ചു. അവന്റെ ശാന്തമായ പ്രകൃതം എന്റെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തി. എല്ലാ സാഹചര്യങ്ങളെയും കൂടുതൽ വ്യക്തവും ശാന്തവുമായ കാഴ്ചപ്പാടോടെ സമീപിക്കാൻ ബ്ലാങ്കോ എന്നെ പഠിപ്പിച്ചു’, സെലീന ഗോമസ് പറഞ്ഞു.
സെലീനയുടെ വാക്കുകൾ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഗായികയുടെ കൂടെ നിന്ന ബെന്നി ബ്ലാങ്കോയെ പുകഴ്ത്തുകയാണ് ആരാധകർ. ബ്ലാങ്കോയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഡിസംബറിൽ സെലീന ഗോമസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിവാഹ തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
2011ലാണ് ജസ്റ്റിൻ ബീബറും സെലീന ഗോമസും തമ്മിൽ പ്രണയത്തിലാണെന്ന ചർച്ചകൾ പുറത്തുവന്നത്. പ്രണയകാലത്ത് ജസ്റ്റിൻ തന്നെ വൈകാരികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് പിന്നീട് സെലീന തന്നെ രംഗത്തെത്തുകയും ചെയ്തു. 2018ൽ ജസ്റ്റിന്‍ ബീബർ അമേരിക്കൻ മോഡൽ ഹെയ്‌ലിയെ വിവാഹം ചെയ്തു. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകനുണ്ട്.