തോറ്റത് പോട്ടെ, റെക്കോർഡ് ഫിഫ്റ്റിയുമായി കിവീസിനെ ജയിപ്പിച്ചത് ‘പാക്കിസ്ഥാൻകാരൻ’ മുഹമ്മദ് അബ്ബാസ്; കിവീസിൽ പാക്കിസ്ഥാന് ‘വേദന’– വിഡിയോ

Mail This Article
നേപ്പിയർ∙ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പര 4–1ന് കൈവിട്ടതിനു പിന്നാലെ, ഏകദിന പരമ്പരയിലും തോൽവിയോടെ തുടക്കമിട്ട പാക്കിസ്ഥാൻ ടീമിന് തിരിച്ചടിയായി ‘സ്വന്തം നാട്ടുകാരന്റെ’ പ്രകടനം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തപ്പോൾ, അതിൽ റെക്കോർഡിന്റെ അകമ്പടിയുള്ള അർധസെഞ്ചറിയുമായി തിളങ്ങിയത് പാക്കിസ്ഥാനിൽ വേരുകളുള്ള ഒരു യുവതാരമാണ്. ന്യൂസീലൻഡ് ജഴ്സിയിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച പാക്കിസ്ഥാൻ വംശജനായ മുഹമ്മദ് അബ്ബാസ്.
24 പന്തിൽനിന്ന് അർധസെഞ്ചറി തികച്ച് അരങ്ങേറ്റം ഗംഭീരമാക്കിയ മുഹമ്മദ് അബ്ബാസ്, അരങ്ങേറ്റ താരത്തിന്റെ വേഗമേറിയ അർധസെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കി. മുഹമ്മദ് അബ്ബാസിന്റെ അതിവേഗ ബാറ്റിങ്ങിൽ തകർന്നത് ഇന്ത്യൻ താരം ക്രുനാൽ പാണ്ഡ്യയുടെ റെക്കോർഡ്. 2021ൽ അരങ്ങേറ്റ മത്സരത്തിൽ 26 പന്തിൽ അർധസെഞ്ചറി നേടിയാണ് ക്രുനാൽ പാണ്ഡ്യ റെക്കോർഡ് സ്ഥാപിച്ചത്.
മത്സരത്തിൽ ആറാമനായി ബാറ്റിങ്ങിനെത്തിയ മുഹമ്മദ് അബ്ബാസ്, 26 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 52 റൺസെടുത്ത് പുറത്താവുകയും ചെയ്തു. ന്യൂസീലൻഡ് സ്കോർ 280ൽ നിൽക്കെ സെഞ്ചറിയുമായി മാർക്ക് ചാപ്മാൻ പുറത്തായശേഷം ന്യൂസീലൻഡിനെ പാക്കിസ്ഥാന് എത്തിപ്പിടിക്കാനാകാത്ത ദൂരത്തേക്ക് കൊണ്ടുപോയതിൽ അബ്ബാസിന്റെ പ്രകടനം നിർണായകമാകുകയും ചെയ്തു.
അബ്ബാസിനു ശേഷം ഇറങ്ങിയ ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെൽ (ഏഴു പന്തിൽ ഒൻപത്), മിച്ചൽ ഹേ (0), നേഥൻ സ്മിത്ത് (മൂന്നു പന്തിൽ രണ്ട്) എന്നിവരെ അതിവേഗം പുറത്താക്കാൻ പാക്കിസ്ഥാൻ ബോളർമാർക്കായെങ്കിലും, അബ്ബാസിന്റെ കടന്നാക്രമണമാണ് ന്യൂസീലൻഡ് സ്കോർ 344ൽ എത്തിച്ചത്. ഒൻപതാം വിക്കറ്റിൽ ജേക്കബ് ഡുഫിക്കൊപ്പം മുഹമ്മദ് അബ്ബാസ് കിവീസ് സ്കോർബോർഡിൽ എത്തിച്ചത് 38 റൺസാണ്. അതും വെറും 20 പന്തിൽനിന്ന്. ഇതിൽ ഡുഫിയുടെ സംഭാവന നാലു പന്തിൽ മൂന്നു റൺസ് മാത്രം. ബാക്കി റൺസത്രയും അടിച്ചുകൂട്ടിയത് അബ്ബാസ് തന്നെ.
മാർക്ക് ചാപ്മാന്റെ സെഞ്ചറിയും (111 പന്തിൽ 132), ഡാരിൽ മിച്ചലിന്റെ അർധെസഞ്ചറിയും (84 പന്തിൽ 76) ചേർന്നതോടെയാണ് ന്യൂസീലൻഡ് 344 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ നിരയിൽ ടോപ് സ്കോററായത് 83 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 78 റൺസെടുത്ത ബാബർ അസം. സൽമാൻ ആഗ 48 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 58 റൺസെടുത്തു. 34 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാനെ പുറത്താക്കിയതും അരങ്ങേറ്റ താരം മുഹമ്മദ് അബ്ബാസ് തന്നെ. ഒടുവിൽ 44.1 ഓവറിൽ 271 റൺസിനു പുറത്തായ പാക്കിസ്ഥാൻ വഴങ്ങിയത് 73 റൺസിന്റെ തോൽവി.