കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കോഴിക്കോട്ടും നടത്തുന്നത് പരിഗണനയിൽ; അത് ആരാധകർക്കും സൗകര്യം: അഭീക് ചാറ്റർജി

Mail This Article
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ചില മത്സരങ്ങൾ കോഴിക്കോട് ഉൾപ്പെടെയുള്ള വേദികളിലേക്കു മാറ്റുന്ന കാര്യം പരിഗണിക്കുന്നതായി ടീമിന്റെ സിഇഒ അഭീക് ചാറ്റർജി. ആരാധകരുടെ സൗകര്യം കൂടി പരിഗണിച്ചാണ് ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇതിന് പ്രായോഗിക തടസങ്ങൾ ഏറെയാണെന്നും ഐഎസ്എൽ അധികൃതരുടെ അനുമതിയും ലീഗ് നിഷ്കർഷിക്കുന്ന തരത്തിലുള്ള വിപുലമായ സംവിധാനങ്ങളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന്റെ നിയുക്ത പരിശീലകൻ ദവീദ് കറ്റാലയെ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനുള്ള വാർത്താ സമ്മേളനത്തിലാണ് അഭീക് ചാറ്റർജി ഇക്കാര്യം അറിയിച്ചത്.
‘‘മത്സരങ്ങൾ മറ്റു വേദികളിലും നടത്തുന്ന കാര്യം ഞങ്ങൾ പരിശോധിച്ചിരുന്നു. പ്രധാനമായും രണ്ടുമൂന്നു കാര്യങ്ങളാണ് ഞങ്ങൾ നോക്കുന്നത്. ഒന്നാമതായി, കേരള ബ്ലാസ്റ്റേഴ്സിന്റെ വലിയൊരു വിഭാഗം ആരാധകർ അവിടെയുണ്ട്. കുറച്ചു മത്സരങ്ങൾ അവിടേക്കു മാറ്റുന്നത് അവരെ സംബന്ധിച്ച് വലിയൊരു സൗകര്യമായിരിക്കും.’ – അഭീക് ചാറ്റർജി പറഞ്ഞു.
‘‘ഇക്കാര്യം ഐഎസ്എൽ അധികൃതരുമായും ഞങ്ങൾ സംസാരിച്ചിരുന്നു. കേരളത്തിനുള്ളിൽത്തന്നെ കൂടുതൽ ഇടങ്ങളിലേക്ക് ലീഗ് എത്തുന്നത് അവർക്കും താൽപര്യമുള്ള കാര്യമാണ്. ക്ലബിനെ പൂർണമായും അവിടേക്കു പറിച്ചു നടാനുള്ള നീക്കമല്ല ഇത്. ഈ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കൂടുതൽ വേദികളിൽ കളിച്ചതുപോലെ ഒരു നീക്കമാണ് ഉദ്ദേശിക്കുന്നത്.’
‘‘പക്ഷേ ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ വലിയ വെല്ലുവിളികൾ മുന്നിലുള്ളത്. മത്സരം നടത്തുന്ന വേദികളിൽ ഐഎസ്എൽ നിഷ്കർഷിക്കുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ആവശ്യമാണ്. ഇതെല്ലാം ഒരുക്കിയെങ്കിൽ മാത്രമേ മത്സരങ്ങൾ കൂടുതൽ വേദികളിലായി നടത്തുന്നത് പരിഗണിക്കാനാകൂ. എന്തായാലും വരുന്ന സീസണിൽ കുറച്ചു മത്സരങ്ങൾ കോഴിക്കോട്ട് ഉൾപ്പെടെ നടത്തുന്ന കാര്യം നമ്മൾ പരിഗണിക്കുന്നുണ്ട്.’ – അഭീക് വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെയോടെ എത്തിയ സ്പാനിഷ് കോച്ച് കലൂർ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചിരുന്നു. സൂപ്പർ കപ്പിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ചുമതലയും അദ്ദേഹം ഏറ്റെടുത്തു. അഭീക് ചാറ്റർജി കോച്ചിന്റെ പേരെഴുതിയ മഞ്ഞക്കുപ്പായം നൽകിയാണ് ദവീദിനെ വരവേറ്റത്.