ADVERTISEMENT

അമേരിക്കയുടെ മഹത്വം തിരികെ പിടിക്കാനെന്ന മുദ്രവാക്യം മുൻനിർത്തി വ്യാവസായിക ഉത്പാദനം തിരിച്ച് അമേരിക്കയിലേക്ക് തിരികെ എത്തിക്കാനായി ട്രംപ് ഇറക്കുമതി തീരുവ വർധന നടപ്പാക്കിയത് ഇന്ന് ലോക വിപണിക്ക് തിരുത്തൽ നൽകി. അമേരിക്കൻ വിപണി അവസാനിച്ചതിന് ശേഷം നടത്തിയ പ്രഖ്യാപനത്തിൽ ഡോണൾഡ് ട്രംപ് മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്ന ഇറക്കുമതിച്ചുങ്കത്തിന്റെ നേർ പകുതിയിലേക്ക് അതാത് രാജ്യങ്ങൾക്കുള്ള ഇറക്കുമതിചുങ്കവും ഉയർത്തി. 

അമേരിക്കൻ ഉത്പന്നങ്ങൾക്ക് ശരാശരി 52% ഇറക്കുമതി ചുങ്കം ഉള്ള ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക 26% ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി. അതേസമയം  ചൈനക്ക് 34%വും വിയറ്റ്നാമിന് 46%വും തായ്‌ലാൻഡിന് 36%വും ബംഗ്ലാദേശിന് 37%വും തീരുവ ഏർപ്പെടുത്തിയത് ഇന്ത്യക്ക് വളരെ അനുകൂലമാണെന്ന് കരുതാം. ജപ്പാനും, സൗത്ത് കൊറിയക്കും 24%വും 25%വും വീതം തീരുവ ഏർപ്പെടുത്തിയപ്പോൾ ബ്രസീലിനും യൂറോപ്യൻ യൂണിയനും 10% വീതമാണ് അമേരിക്കൻ തീരുവകൾ.

രക്ഷപ്പെട്ട് ഫാർമ 

ജീവൻരക്ഷാമരുന്നുകളെ അധിക ഇറക്കുമതി തീരുവയിൽ നിന്നും ട്രംപ് തത്കാലം ഒഴിവാക്കിയത് ഇന്ത്യൻ ഫാർമ സെക്ടറിന് ആശ്വാസമുന്നേറ്റം നൽകി. നിഫ്റ്റി ഫാർമ സൂചിക 2.25% നേട്ടത്തിൽ 21423 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ലുപിൻ 4%വും, സൺ ഫാർമയും, സിപ്ലയും, മാർക്‌സൻസും 3% വീതവും നേട്ടത്തിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 

interest-rate-1

ഓട്ടോ താരിഫ് 25% തന്നെ 

കഴിഞ്ഞ മാസത്തിൽ തന്നെ ഉറപ്പിച്ച 25% ഓട്ടോ തീരുവ നിലനിൽക്കുന്നത് ഓട്ടോ ഓഹരികൾക്ക് ക്ഷീണം തുടർന്നു. ജെഎൽആറിന്റെ മികച്ച വിപണിയാണ് അമേരിക്കയെന്നത് ഇന്നും ടാറ്റ മോട്ടോഴ്സിന് 2%ൽ കൂടുതൽ വീഴ്ച നൽകി. അമേരിക്കൻ വിപണി വിഹിതം കൈയ്യാളുന്ന ഓട്ടോ ഘടക നിർമാണ ഓഹരികളായ സംവര്‍ധന മതേഴ്‌സണും, സോനാ ബിഎൽഡബ്ല്യുവും നഷ്ടം രേഖപ്പെടുത്തി.

താരിഫിൽ നിന്നും ഒഴിവാക്കിയവ

സെമി കണ്ടക്ടർ, ഫാർമ, കോപ്പർ, തടി മുതലായവയും ഓയിൽ, ഗ്യാസ്, കൽക്കരി തുടങ്ങിയ ഊർജ ഉത്പന്നങ്ങളും ട്രംപിന്റെ പ്രതികാര തീരുവയിൽ നിന്നും രക്ഷപ്പെട്ടു. കൂടാതെ സ്വർണവും, വെള്ളിയും  ഒഴിവാക്കിയിട്ടുണ്ട്. 

കൂടുതൽ ഉത്പന്നങ്ങൾ വീണ്ടും താരിഫ് ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടേക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. 

ഇന്ത്യ നേട്ടമുണ്ടാക്കും 

ഇന്ത്യക്ക് താരതമ്യേന നികുതി കുറവാണെന്നതും ഐടി, ഫാർമ സെക്ടറുകളെ തത്കാലം തീരുവയിൽ നിന്നും ഒഴിവാക്കിയതും ഇന്ത്യക്കും, തീരുവ ഭാരം ഉൾക്കൊണ്ട് കഴിഞ്ഞ ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ഇന്ത്യ അമേരിക്കയുമായി വ്യാപാരക്കരാറിലെത്തുന്ന ആദ്യരാജ്യങ്ങളിൽ ഒന്നായി തീരുന്നതിനുള്ള സാധ്യത ഇന്ത്യൻ വിപണിക്ക് പ്രതീക്ഷ നൽകുന്നു. 

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചയുടെ തീരുമാനങ്ങൾ വരും ദിനങ്ങളിൽ പ്രഖ്യാപിച്ചു തുടങ്ങുന്നത് മറ്റ് രാഷ്ട്രങ്ങളുമായും അമേരിക്കക്ക് ചർച്ച വേദി തുറന്നിട്ട് കൊടുക്കും. അമേരിക്കൻ താരിഫിനെതിരെ പ്രതികാര താരിഫുമായി ഇറങ്ങുന്ന രാജ്യങ്ങൾക്ക് കൂടുതൽ പ്രഹരമേകുമെന്ന സൂചനയും ട്രംപ് നൽകിക്കഴിഞ്ഞു.

Image: Shutterstock/AI
Image: Shutterstock/AI

ഇന്ന് വീഴ്ചയോടെ തുടങ്ങി ഇന്ത്യൻ വിപണിയും 

അമേരിക്കൻ താരിഫുകൾ ഏഷ്യൻ വിപണികൾക്കും തുടർന്ന് യൂറോപ്യൻ വിപണികൾക്കും വലിയ ആഘാതമേല്പിച്ചു. ഏഷ്യൻ വിപണികളിൽ 2.73% വീണ ജാപ്പനീസ് വിപണിയാണ് ഏറ്റവും കൂടുതൽ നഷ്ടം കുറിച്ചത്. എന്നാൽ ഐടി സെക്ടറിന്റെ വൻ വീഴ്‌ചയെ ഫാർമ, ബാങ്കിങ് മേഖലകളുടെ പിന്ബലത്തിൽ മറികടന്ന് ഇന്ത്യൻ വിപണി നഷ്ടവ്യാപ്തി കുറച്ചു. 

നിഫ്റ്റി 82 പോയിന്റ് നഷ്ടത്തിൽ 23250 പോയിന്റിലും, സെൻസെക്സ് 322 പോയിന്റ് നഷ്ടമാക്കി 76295 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ വിപണി സമ്മർദ്ദത്തിൽ നാളെ ഇന്ത്യൻ വിപണി വീണ്ടും നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചാൽ അവസരമായി കണക്കാക്കാം. 

അമേരിക്കൻ വിപണി ഇന്ന് 

അമേരിക്കൻ ഫ്യൂച്ചറുകളുടെ വൻനഷ്ടത്തിലുള്ള വ്യാപാരം സൂചിപ്പിക്കുന്നത് ഇന്ന് അമേരിക്കൻ വിപണിയുടെ വൻതകർച്ച തന്നെയാണ്. യുഎസ് ടെക്ക്100 ഫ്യൂച്ചറും, യുഎസ്-500 ഫ്യൂച്ചറും 3%ൽ കൂടുതൽ നഷ്ടത്തിലാണ് തുടരുന്നത്. അമേരിക്കൻ വിപണി ആദ്യത്തെ തകർച്ചയ്ക്ക് ശേഷം തിരിച്ചു വരവ് നടത്തിയേക്കാവുന്നത് പ്രതീക്ഷയാണ്. അല്ലാത്ത പക്ഷം ഏഷ്യൻ വിപണികളും, ഇന്ത്യൻ ഐടി യും നാളെയും വില്പന സമ്മർദ്ദം നേരിട്ടേക്കാം.    

തകർന്ന് ഇന്ത്യൻ ഐടി 

ഇന്ത്യൻ ഐടി സെക്ടറിന്റെ 4.21% വീഴ്ചയാണ് ഇന്ത്യൻ വിപണിക്ക് തിരിച്ചുവരവ് നിഷേധിച്ചത്. ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്ക്, ടെക്ക് മഹിന്ദ്ര, എംഫസിസ് മുതലായ ഇന്ത്യൻ ഐടി ഭീമന്മാരെല്ലാം ഇന്ന് 3%ൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തി.  

നാളെയും ഇന്ത്യൻ ഐടി വീണാൽ നാലാം പാദ ഫലപ്രഖ്യാപനം മുൻനിർത്തി താത്കാലിക അവസരമായി കണക്കാക്കാം. ട്രംപിന്റെ തീരുവ തീരുമാനങ്ങൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന സൂചന അമേരിക്കൻ ഓർഡറുകളെ ആശ്രയിച്ച് നിലനിൽക്കുന്ന ഇന്ത്യൻ ഐടി സെക്ടറിന് ബാധകമാണ്.

സ്വർണാഭരണങ്ങൾ. Image Credit:  Glen_Pearson/Istockphoto.com
സ്വർണാഭരണങ്ങൾ. Image Credit: Glen_Pearson/Istockphoto.com

സ്വർണം

ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങൾക്കൊപ്പം വീണ്ടും റെക്കോർഡ് ഉയരം കുറിച്ച രാജ്യാന്തര സ്വർണവില ഏഷ്യൻ വിപണി സമയത്ത് ഒരു ശതമാനത്തോളം വീണു. രാജ്യാന്തര സ്വർണ അവധി 3133 ഡോളറിലാണ് വ്യാപാരം തുടരുന്നത്. വെള്ളിയാഴ്ച വരുന്ന പിസിഇ ഡേറ്റയും ഫെഡ് ചെയർമാന്റെ പ്രസംഗവും ഡോളറിനെയും സ്വര്‍ണത്തെയും സ്വാധീനിക്കും. 

ക്രൂഡ് ഓയിൽ വീണു 

ക്രൂഡ് ഓയിൽ വില ഇന്ന് ഏഷ്യൻ വിപണി സമയത്ത് 4%ൽ കൂടുതൽ നഷ്ടമാണ് കുറിച്ചത്. ഒപെക് യോഗദിനത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ 71 ഡോളറിലേക്ക് വീണ്ടും ഇറങ്ങി. 

രൂപ മുന്നേറുന്നു 

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 2025ലെ ഏറ്റവും മികച്ച നിലയിലേക്ക് മുന്നേറി. ഡോളറിനെതിരെ രൂപ 85.17/- നിരക്കിലാണ് തുടരുന്നത്. ഡോളർ വീഴ്ച തുടർന്നേക്കാവുന്നതും രൂപയ്ക്ക് പ്രതീക്ഷയാണ്. ക്രൂഡ് ഓയിൽ വീഴുന്നതും രൂപ മുന്നേറുന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Trump's new tariffs send global markets into turmoil. The Indian market initially suffered but saw gains in pharmaceuticals, while the IT sector took a significant hit. Learn about the impact on the rupee, gold, and crude oil.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com