ADVERTISEMENT

‘നിങ്ങൾ കാശിറക്കി കാശു വാരുന്നു. ഞങ്ങൾ നല്ല കണ്ടന്റിറക്കി കാശുണ്ടാക്കുന്നു..’. ബോളിവുഡിനെയും മറികടന്ന് കോടികളുണ്ടാക്കുന്ന ബിസിനസ് മേഖലയായി മലയാള സിനിമ മാറിയപ്പോൾ ഉയർന്നു വന്ന ചോദ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വായിച്ച മറുപടികളിലൊന്നായിരുന്നു ഇത്. അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു. മലയാള സിനിമയ്ക്ക് ഒരിക്കലും കോടികൾ മുടക്കി ഒരു ചിത്രമെടുക്കാനാകില്ലേ ? എടുത്താൽ‌ തന്നെ അതു വിജയിപ്പിക്കാനാകില്ലേ ? അതിനുള്ള ഉത്തരമാണ് എമ്പുരാൻ.ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളുമായി, അല്ല, ഹോളിവുഡ് സിനിമയെന്നുതന്നെ തോന്നിപ്പിക്കും വിധമുള്ള ചിത്രം.

ലൂസിഫർ എന്ന ചിത്രത്തിൽ നിന്ന് അഞ്ചു വർഷത്തെ ദൂരമുണ്ട് എമ്പുരാനിലേക്ക്. ആ അഞ്ചു വർഷത്തെ പൃഥ്വിരാജ് സുകുമാരന്റെ പരിശ്രമം എമ്പുരാന്റെ ഓരോ ഫ്രെയിമിലും കാണാം. ആ ഫ്രെയിമിൽ കൂടി മലയാളത്തിന്റെ താരരാജാവിനെ അവതരിപ്പിച്ചപ്പോ‌ൾ, അതിനോട് മികച്ച ഒരു നിര കഥാപാത്രങ്ങളെ കൂടി ചേർത്തു നിർത്തിയപ്പോൾ എമ്പുരാൻ മികവോടെതന്നെ വരവറിയിച്ചിരിക്കുന്നു. ഇനി നമുക്കും തലയുയർത്തി പറയാം– ‘ഞങ്ങൾക്കും അറിയാം സിനിമയിൽ കാശിറക്കി കാശു വാരാൻ...’

ലൂസിഫർ അവസാനിച്ചിടത്തുനിന്നല്ല എമ്പുരാന്റെ വരവ്. കഥ തുടങ്ങുന്നത് ഉത്തരേന്ത്യയിൽനിന്നാണ്. കൃത്യമായി പറഞ്ഞാൽ ഗുജറാത്തിലെ ഗോധ്ര കലാപത്തിന്റെ ഓർമപ്പെടുത്തലുകളുള്ള ഫ്രെയിമുകളിലൂടെ. കലാപത്തിന്റെ തീച്ചൂടിൽനിന്ന് ജീവന്റെ തുരുത്തു തേടി യാത്ര ചെയ്യുന്നവർ. രാത്രിയിൽ അവർക്ക് ഒരു സുരക്ഷിത താവളമൊരുങ്ങുന്നു. എന്നാൽ അവിടെ അവരെ കാത്തിരിക്കുന്നത് മറ്റു ചില ദുരന്തങ്ങളായിരുന്നു. ആ ദുരന്തക്കാഴ്ചകളിൽനിന്ന് നമ്മൾ നെടുമ്പള്ളിയിലേക്കു യാത്ര ചെയ്യുകയാണ്. കേരളത്തിലേക്ക്. അവിടെ എല്ലാം മാറിമറിഞ്ഞിരിക്കുന്നു. സ്റ്റീഫൻ നെടുമ്പള്ളിയുടെ സാന്നിധ്യമില്ലാത്ത കേരളം. പാർട്ടിയെയും കേരളത്തെയും ജതിൻ രാംദാസിനെ ഏൽപിച്ച് സ്റ്റീഫൻ പോയിട്ട് അഞ്ചു വർഷമായിരിക്കുന്നു. അപ്പോഴും പക്ഷേ ഗോവർധൻ തിരക്കിലാണ്. അയാളിപ്പോഴും ലൂസിഫറെ തേടിക്കൊണ്ടിരിക്കുകയാണ്. എന്തിനു വേണ്ടിയാണത് ? അതിനുള്ള ഉത്തരമാണ് പ്രേക്ഷകന് എമ്പുരാൻ സമ്മാനിക്കുന്നത്.

ബ്ലാക് ഹോക്ക് ഹെലികോപ്റ്ററുകളും കോടികളിറങ്ങുന്ന ചാർട്ടേഡ് വിമാനങ്ങളും പാറിപ്പറക്കുകയാണ് ചിത്രത്തിലാകെ. വെടിയൊച്ചകളും സ്ഫോടനങ്ങളുമാണെങ്ങും. എമ്പുരാന്റെ ആദ്യപകുതിയെ വ്യത്യസ്തമാക്കുന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഈ ബ്രഹ്മാണ്ഡ കാഴ്ചകളാണ്. ഇത്രയേറെ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത ഒരു മലയാള ചിത്രം ഇതിനു മുൻപുണ്ടായിട്ടില്ല. ഓരോ പ്രദേശത്തിനും ചേരുന്ന വിധം ഫ്രെയിമുകളൊരുക്കിയിരിക്കുന്നു സുജിത് വാസുദേവ്. ഛായാഗ്രാഹകൻ ഏറ്റവും വെല്ലുവിളി നേരിടുന്ന നിമിഷങ്ങളാണ് ചിത്രത്തിലാകെ. വികാരനിർഭരമായ രംഗങ്ങളിലെ ‘ക്ലോസ്–അപ്’ സൂക്ഷ്മത മുതൽ യുദ്ധ രംഗങ്ങളിലെ വിശാലത വരെ സാധ്യമാക്കേണ്ടി വന്നു അദ്ദേഹത്തിന്. തനതുകാഴ്ചകൾക്കൊപ്പം സിജിഐ കൂടി ചേരുമ്പോൾ എമ്പുരാൻ ഒരു വിസ്മയമായി മാറുന്നു. ചിത്രത്തിന്റെ ഓപ്പണിങ് ഷോട്ടിൽ നിന്നുതന്നെ അതു വ്യക്തം. യുദ്ധവും ആഭ്യന്തര കലാപവും തകർത്ത ഇറാഖിലെ പ്രേതഭൂമികളിലൊന്നിൽ നിന്നുള്ള കാഴ്ച ഹോളിവുഡ് സിനിമകളോളം തന്നെ പോന്നതായിരുന്നു. കേരളത്തിലാണെങ്കിലും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും എമ്പുരാന്റെ ഫ്രെയിമുകൾ സുജിത് വാസുദേവിൽ ഭദ്രമായിരുന്നു.

മുരളി ഗോപി അവസാനമായി തിരക്കഥയെഴുതിയത് തീർപ്പ് എന്ന ചിത്രത്തിനായിരുന്നു, 2022–ൽ. 2017–ൽ ടിയാൻ, 2013–ൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... ഈ സിനിമകളെയെല്ലാം പിന്തുടരുന്നവർക്ക് ഒരു കാര്യം വ്യക്തമാണ്. അത് മുരളി ഗോപിയുടെ രാഷ്ട്രീയ എഴുത്തിനെപ്പറ്റിയുള്ളതാണ്. സമകാലിക കേരള രാഷ്ട്രീയത്തെ, ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ ഇത്രമേൽ വൃത്തിയോടെ സിനിമയിലേക്ക് സന്നിവേശിപ്പിച്ച തിരക്കഥാകൃത്തുക്കൾ അപൂർവമായിരിക്കും. കേരളത്തിനു മേൽ പതിയെ പടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭീതിയുടെ നേർക്കാഴ്ച കൂടിയാണ് എമ്പുരാൻ. അതിൽ കാവിയും ഇടതു വലതു രാഷ്ട്രീയവുമുണ്ട്, അവയിലെ പുഴുക്കുത്തുകളുണ്ട്, കലാപങ്ങളുണ്ട്, കേന്ദ്ര ഏജൻസികളുടെ നിരന്തര സാന്നിധ്യമുണ്ട്. രാഷ്ട്രീയം എങ്ങനെയാണ് ഓരോരുത്തരുടെയും നിലനിൽപിനു വേണ്ടി മാത്രമായുള്ള ആയുധമായി മാറുന്നത് എന്നതിന്റെ ഓർമപ്പെടുത്തലുമുണ്ട്. സമാനമായ കഥാപശ്ചാത്തലമാണ് എമ്പുരാനു വേണ്ടിയും മുരളി ഗോപി ഒരുക്കിയിരിക്കുന്നത്.

ഇനി പൃഥ്വിരാജിലേക്ക്. ലൂസിഫറിൽ ജതിൻ രാംദാസ് നടത്തിയ ആ പ്രസംഗം ഓർമ വരുന്നു. അതിനോടു ചേർന്നു നിന്ന് ഇങ്ങനെ പറയാൻ തോന്നും എമ്പുരാൻ കണ്ടുകഴിഞ്ഞാൽ. ‘മുണ്ടുടുത്ത മോഹൻലാലിന്റെ താരഗരിമ ഉപയോഗപ്പെടുത്താനറിയാതെ, ആ മഹാനടന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്താനാകാതെ പൃഥ്വിരാജ് എന്ന സംവിധായകൻ നിങ്ങൾക്കു മുന്നിലേക്ക് ഇതുപോലൊരു സിനിമയുമായി വരുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?’ തോളോടു തോൾ ചേർന്നാണ് ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും എത്തുന്നത്. എല്ലാ ഫ്രെയിമിലും വെറുതെ തള്ളിക്കയറ്റി നിർത്താതെ ഓരോ കഥാപാത്രത്തിനും അവരുടെ സ്പേസ് നൽകിയിരിക്കുന്നു. അത് ഐബി ഉദ്യോഗസ്ഥനു നേരെ തോക്കുചൂണ്ടാനെത്തുന്നു, ഏതാനും നിമിഷം മാത്രം ഫ്രെയിമിലുള്ള ചെറുപ്പക്കാരനാണെങ്കിലും മോഹൻലാലാണെങ്കിലും അങ്ങനെത്തന്നെ. നായകന്റെ നിഴലായി നിൽക്കുന്ന കഥാപാത്രങ്ങളൊന്നുമില്ല. എന്നാൽ ആവശ്യം വരുന്ന സമയത്തെല്ലാം, ആവശ്യം വേണ്ടുന്ന കഥാപാത്രങ്ങളെയെല്ലാം കൃത്യമായി പ്ലേസ് ചെയ്യുന്നുണ്ട് പൃഥ്വിരാജ്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും ഏറ്റവും മികച്ചതാണ്. വിദേശതാരങ്ങൾ മുതൽ മലയാള നടീനടന്മാരെ വരെ തിരഞ്ഞെടുത്തതിൽ ആ സൂക്ഷ്മത കാണാം. മഞ്ജുവാര്യർ, ടൊവിനോ തോമസ്, സായി കുമാർ, ബൈജു, അഭിമന്യു സിങ്, ഇന്ദ്രജിത്ത്, കിഷോർ, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടൻ... അഭിനയ മികവ് സമ്മാനിക്കുന്ന താരനിര നീണ്ടു പോകും.

ആക്‌ഷൻ, ത്രിൽ എന്നീ വാക്കുകൾ ഒപ്പം കൂട്ടിച്ചേർക്കാതെ എന്ത് എമ്പുരാൻ ! ചിത്രത്തിന്റെ ഏറ്റവും വലിയ മികവും ഈ സ്റ്റണ്ട് കോറിയോഗ്രഫിയിലാണ്. തുടക്കം മുതൽ ഒടുക്കം വരെ അത് പ്രേക്ഷകനു വിരുന്നായി എത്തുന്നുമുണ്ട്. ഇറാഖിൽ അതൊരു തരത്തിലാണെങ്കിൽ നെടുമ്പള്ളിയിലെ കാട്ടിലെ രാത്രിയിൽ അതു മറ്റൊരു കാന്‍വാസിലാണ്. ഓരോ ഫ്രെയിമിലേക്കും ‘എൽ’ എന്ന അക്ഷരത്തെ സന്നിവേശിപ്പിച്ചുകൊണ്ടാണ് സ്റ്റണ്ട് സിൽവയുടെ ഓരോ ആക്‌ഷൻ രംഗവും അവസാനിക്കുന്നത്. എൽ അഥവാ ലൂസിഫർ. മോഹൻലാലിലൂടെ ആ ലൂസിഫറിന്റെ, അബ്രാം ഖുറേഷിയുടെ സാന്നിധ്യം നമുക്ക് തിരിച്ചറിയാനാകും. അതെങ്ങനെയെന്നല്ലേ ? ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നതു പോലെ– ‘രോമാഞ്ചം അണ്ണാ രോമാഞ്ചം...’. മോഹൻലാൽ എന്ന നടന്റെ കണ്ണുകള്‍ പോലും കഥ പറയുന്നുണ്ട് ചിത്രത്തിൽ. സെക്കൻഡ് ഹാഫിന്റെ തുടക്കത്തിലെ ആക്‌ഷൻ രംഗം എടുത്തു പറയേണ്ടി വരും– നിങ്ങളൊരു മോഹൻലാൽ ഫാനല്ലെങ്കിൽ പോലും എമ്പുരാന്റെ സിനിമാറ്റിക് മൊമന്റുകളിലെ ഏറ്റവും കോരിത്തരിപ്പിക്കുന്ന നിമിഷങ്ങൾ ആ രംഗത്തിനു സമ്മാനിക്കാനാകും. സയീദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് പറന്നിറങ്ങുന്ന രംഗവും ആരും അത്രപെട്ടെന്നു മറക്കാനിടയില്ല.

മൂന്നു മണിക്കൂറോളമുണ്ട് ചിത്രം. അതിനാൽത്തന്നെ ബോറടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചു നിർത്തുന്നതിൽ സംവിധായകനും ഛയാഗ്രാഹകനുമൊപ്പം സംഗീത സംവിധായകനും എഡിറ്റർക്കുമെല്ലാം ‘എക്സ്ട്രാ’ ജോലിയെടുത്തേ മതിയാകുമായിരുന്നുള്ളൂ. സംഗീത വിഭാഗത്തിൽ ദീപക് ദേവും എഡിറ്റർ അഖിലേഷ് മോഹനും ചിത്രത്തിന്റെ കഥാഗതിക്കൊപ്പം സഞ്ചരിച്ചാണ് തങ്ങളുടെ ജോലികൾ നിർവഹിച്ചത്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ചില നേരങ്ങളിൽ മറ്റൊരു തലത്തിലേക്ക് ഉയരുന്നുണ്ട്. ബാബാ ബജ്‌രംഗി എന്ന കഥാപാത്രം കേരളത്തിലേക്ക് എത്തുന്ന ഹെലികോപ്റ്റർ രംഗത്തിൽ പ്രത്യേകിച്ച്. പൃഥ്വിരാജിന്റെ ബ്രോ ഡാഡിയിലും അഖിലേഷ് മോഹന്റെ എഡിറ്റിങ് മികവ് കണ്ടതാണ്. എന്നാൽ അതിനേക്കാളെല്ലാം പലമടങ്ങ് അധ്വാനം വേണം എമ്പുരാനിൽ. അത്രയേറെയാണ് ലൊക്കേഷനുകൾ, അത്രയേറെയാണ് സീനുകൾ, അതിലേറെയാണ് ഷോട്ടുകൾ... ഏറെ വിയർപ്പൊഴുക്കിയാണ് ചിത്രം മികവിന്റെ തീരത്തേക്ക് എത്തിച്ചതെന്നത് ഉറപ്പ്. മോഹൻദാസിന്റെ കലാസംവിധാനവും എടുത്തുപറയണം. ചില രംഗങ്ങളിലെ ഹെലിക്കോപ്റ്റർ ഉൾപ്പടെ പലതും ഉണ്ടാക്കിയെടുത്തതു തന്നെ.

ലഹരിക്കെതിരെയാണ് ലൂസിഫറിന്റെ പ്രവർത്തനങ്ങളെങ്കിലും, ‘നാർക്കോട്ടിക്സ് ഈസ് എ ഡേർ‌ട്ടി ബിസിനസ്’ എന്ന ക്യാച്ച്‌വേഡിൽ പിടിച്ചാണ് ചിത്രം ഒരുക്കിയതെങ്കിലും എമ്പുരാനിൽ സ്ക്രീൻ സ്പേസ് അധികവും രാഷ്ട്രീയത്തിനു വേണ്ടിയാണ് നീക്കിവച്ചത്. ആക്‌ഷൻ തിളയ്ക്കുന്ന ലഹരി കാർട്ടൽ രംഗങ്ങളും ഇമോഷനുകൾ നിറഞ്ഞ രാഷ്ട്രീയ–കുടുബ നിമിഷങ്ങളും ബാലൻസ് ചെയ്തു പോകുന്നുണ്ടോയെന്നത് പ്രേക്ഷകൻ കണ്ടുതന്നെ മനസ്സിലാക്കണം. യുഎസും ലണ്ടനും യുഎഇയും ലേയും ലഡാക്കുമെല്ലാം ഉൾപ്പെട്ട രംഗങ്ങൾ എമ്പുരാനിൽ ഓവർക്രൗഡഡ് ആകുന്നുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. കേരള രാഷ്ട്രീയത്തിലെ ഒരു സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ, അതായിരുന്നു ലൂസിഫർ. എന്നാൽ ലോകത്തിനു മുന്നിൽ അബ്രാം ഖുറേഷി, ചിലരുടെ ലൂസിഫർ, കേരളത്തിലൊരു സ്റ്റീഫൻ നെടുമ്പള്ളി എന്ന നിലയിലേക്കാണ് എമ്പുരാനിലേക്കെത്തുന്നത്. ഇവയെല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

ഒരു കാര്യം ഉറപ്പ്. മലയാളത്തിലെ ആക്‌ഷൻ–ത്രില്ലർ സിനിമകൾ എമ്പുരാന് മുൻപും ശേഷവും എന്നായിരിക്കും ഇനി അടയാളപ്പെടുത്തുക. അത് ബജറ്റിന്റെ കാര്യത്തിലാണെങ്കിലും സംവിധാന–അഭിനയ– ആക്‌ഷൻ മികവിന്റെ കാര്യത്തിലാണെങ്കിലും. ഒന്നുകൂടി, ലൂസിഫറിന്റെ മൂന്നാം ഭാഗവും വരുന്നുണ്ട്. അതിലെ സർപ്രൈസുകളിലേക്കുള്ള ചൂണ്ടുപലകയിട്ടാണ് എമ്പുരാൻ അവസാനിക്കുന്നതും.

English Summary:

Empuraan Malayalam Movie Review And Rating

REEL SMILE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com