കിലിയൻ എംബപെയുടെ ഇരട്ടഗോൾ രക്ഷിച്ചു; ദുർബലരായ ലെഗാനസിനോട് പൊരുതി ജയിച്ച് റയൽ മഡ്രിഡ്

Mail This Article
മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ, ദുർബലരായി കണക്കാക്കപ്പെടുന്ന ലെഗാനസ് വിശ്വരൂപം പുറത്തെടുത്തപ്പോൾ ഞെട്ടിയതു റയൽ മഡ്രിഡ്. പക്ഷേ, പിന്നിലായിപ്പോയിട്ടും പതറാതെ തിരിച്ചടിച്ച കിലിയൻ എംബപെയും സംഘവും വിജയം പൊരുതിനേടി. ലെഗാനസിനെതിരെ സ്വന്തം ഗ്രൗണ്ടിൽ റയലിന്റെ വിജയം 3–2ന്.
എംബപെ 2 ഗോൾ നേടിയ മത്സരത്തിൽ റയലിന്റെ 3–ാം ഗോൾ നേടിയതു ജൂഡ് ബെലിങ്ങാമാണ്. 32–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് എംബപെയാണു സ്കോറിങ്ങിനു തുടക്കമിട്ടത്. 34–ാം മിനിറ്റിൽ ഡിയേഗോ ഗാർഷ്യയുടെ ഗോളിൽ ലെഗാനസ് ഒപ്പമെത്തി. 41–ാം മിനിറ്റിൽ ലെഗാനസ് മിഡ്ഫീൽഡർ ഡാനിയേൽ റാബയുടെ ഗോൾ കൂടി വീണതോടെ റയൽ ഞെട്ടി.
എങ്കിലും 47–ാം മിനിറ്റിൽ ജൂഡ് ബെലിങ്ങാമിന്റെ ഗോളിൽ റയൽ വീണ്ടും ഒപ്പമെത്തി. ബാർസിലോനയുമായി കിരീടപ്പോരിൽ ഇഞ്ചോടിഞ്ചു പൊരുതുന്ന റയലിനു ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ വയ്യാത്ത അവസ്ഥയിൽ കിലിയൻ എംബപെ അവരുടെ രക്ഷകനായി. 76–ാം മിനിറ്റിൽ എംബപെയുടെ ഗോളിൽ റയൽ 3–2ന് മുന്നിലെത്തി.
29 കളിയിൽ 63 പോയിന്റുമായി റയൽ, ബാർസിലോനയ്ക്ക് ഒപ്പമെത്തി. ജിറോണയെ നേരിടുന്ന ബാർസിലോന ജയിച്ചാൽ റയൽ വീണ്ടും പിന്നിലാകും. അതേസമയം, 3–ാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മഡ്രിഡ് എസ്പാന്യോളുമായി 1–1 സമനില വഴങ്ങി പോയിന്റ് നഷ്ടപ്പെടുത്തി.