ധോണിയുടെ കുടുംബം മുഴുവൻ സ്റ്റേഡിയത്തിൽ, ‘ഉടൻ വിരമിക്കുമെന്ന്’ ആരാധകർ; ഒന്നും മിണ്ടാതെ തല മടങ്ങി!

Mail This Article
ചെന്നൈ∙ ഐപിഎലിൽ ഇന്നലെ നടന്ന ചെന്നൈ– ഡൽഹി മത്സരം കാണാൻ എം.എസ്.ധോണിയുടെ കുടുംബം ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ആദ്യമായി ധോണിയുടെ ഒരു ഐപിഎൽ മത്സരം നേരിട്ടു കാണാനെത്തിയ പിതാവ് പാൻ സിങ്, മാതാവ് ദേവകി ദേവി എന്നിവരായിരുന്നു ഇന്നലെ ഗാലറിയിലെ പ്രധാന ആകർഷണം. ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും അവർക്കൊപ്പമുണ്ടായിരുന്നു.
ധോണിയുടെ കുടുംബാംഗങ്ങളെ ഒന്നിച്ച് ആദ്യമായി സ്റ്റേഡിയത്തിൽ കണ്ടതോടെ ഇന്നലത്തെ മത്സരം ഐപിഎലിലെ ധോണിയുടെ വിടവാങ്ങൽ മത്സരമാകുമെന്ന അഭ്യൂഹങ്ങളും ആരാധകർക്കിടയിൽ പ്രചരിച്ചു. എന്നാൽ ചെന്നൈ ടീമോ ധോണിയോ ഇതിനെക്കുറിച്ച് പ്രതികരിച്ചില്ല. ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും ഐപിഎൽ മത്സരങ്ങൾ കാണാൻ പതിവായി ഗാലറിയിലുണ്ടാകാറുണ്ട്,
ധോണി വിരമിക്കൽ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണെന്ന വാദം സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ചെന്നൈ സൂപ്പർ കിങ്സിനായി ഫിനിഷറുടെ റോളിൽ ഇറങ്ങുന്ന ധോണിക്ക് മത്സരങ്ങൾ ജയിപ്പിക്കാൻ സാധിക്കാത്തതും വിമർശനം ശക്തമാക്കി. ഇന്നലത്തെ മത്സരത്തിൽ 26 പന്തിൽ 30 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം. ഒരു സിക്സും ഒരു ഫോറും നേടിയതൊഴിച്ചാൽ ടീമിനെ വിജയത്തിലെത്തിക്കാനുള്ള നീക്കങ്ങൾ ധോണിയിൽനിന്നുണ്ടായില്ല. 25 റൺസ് വിജയമാണ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.