ഇഡ്ഡലിപ്രേമികളെ നിങ്ങൾക്ക് അറിയുമോ ഇക്കാര്യം

Mail This Article
അന്യ നാടുകളിലും , ഹോസ്റ്റലുകളിലും നിൽക്കുന്ന പലരുടെയു പ്രശ്നമാണ് ഭക്ഷണം. നമുക്കും വയറിനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണം കിട്ടുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പിന്നെ കിട്ടിയത് എങ്ങനെയെങ്കിലും കുത്തിനിറച്ച് കഴിക്കുക തന്നെ ശരണം. അല്ലെങ്കിലും അവനവന്റെ നാട്ടിലും വീട്ടിലും കിട്ടുന്ന ഭക്ഷണം വേറെ എവിടെ കിട്ടാനാണ്. എന്നാലും ചില രുചി തേടിപ്പിടിച്ച് പോകുകയോ അല്ലെങ്കിൽ മെനക്കെട്ട് ഉണ്ടാക്കുകയോ ചെയ്യും. അത്തരത്തിൽ ഒന്നാണ് നമ്മുടെ സ്വന്തം ഇഡ്ഡലി. വിമൻസ് ഡേ, സിംഗിൾസ് ഡേ, പിത്‍സ ഡേ, ചോക്ലറ്റ് ഡേ പോലെ ഇഡ്‍ഡലി ലവേർസിനും ഒരു ഡേ ഉണ്ട്. ആ ദിവസമാണ് ഇന്ന് ലോക ഇഡ്‌ഡലി ദിനം.

രാമശ്ശേരി ഇഡ്‍ഡലി, പൊടി ഇഡ്‍ഡലി, ബട്ടർ ഇഡ്‍ഡലി എന്നു തുടങ്ങി പലതരം ഇഡ്‍ഡലികൾ. സ്വാദാണെങ്കിലോ നല്ല അടിപൊളി. പകുതി വായിലിട്ടാൽ തന്നെ അലിഞ്ഞു പോകും. മ്...വാവ് സൂപ്പർ എന്ന് തന്നെ ചിലപ്പോൾ പറഞ്ഞുപോകും. ഓരോന്നിനും ഓരോ രുചി. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക എല്ലാ കുടുംബങ്ങളുടെയും പ്രഭാത ഭക്ഷണത്തിൻ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഇഡ്‍ഡലി. രുചിയിൽ മാത്രമല്ല സാമ്പാറും ചട്നിയും കൂടെ ചേരുമ്പോൾ ഇഡ്‍ഡലി പോഷക സമൃദ്ധവും കൂടെയാണ്. 2015 ലാണ് ഈ ദിവസം ആഘോഷിക്കാൻ തുടങ്ങിയത്. ചെന്നൈയിൽ ഇഡ്‍ഡലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ആളാണ് പല തരത്തിലും രുചിയിലുമുള്ള 1328 ഇഡലികൾ ഉണ്ടാക്കിക്കൊണ്ട് ലോക ഇഡ്‍ഡലി ദിനത്തിന് തുടക്കമിട്ടത്.

ഇഡ്‍ഡലിയുടെ ഉത്ഭവത്തെ പറ്റി പല കഥകളാണ് ഉള്ളത്. എഡി പത്താം നൂറ്റാണ്ട് മുതലെ ഇഡ്‍ഡലി ഉള്ളതായി പറയപ്പെടുന്നു. ഇന്തൊനേഷ്യയിലാണ് ഇഡ്‍ഡലിയുടെ ഉത്ഭവമെന്നും കേട് ലി എന്ന ഭക്ഷണമാണ് രുചിയും രൂപവും മാറി ഇന്നത്തെ ഇഡ്‍ഡലി ആയതെന്നും പ്രചാരമുണ്ട്.

പൂ പോലുള്ള ഇഡ്‍ഡലി കാണാൻ മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാണ്. നല്ല അളവിൻ പ്രോട്ടീനും കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇഡ്‍ഡലിയിൽ ഓയിലോ എണ്ണയോ ഉപയോഗിക്കുന്നില്ല, കാലറിയും കുറവാണ് ദഹിക്കാനും എളുപ്പം. ഗ്ലൂട്ടൻ രഹിതവും ലാക്റ്റോസ് രഹിതവുമായ ഭക്ഷണമാണ്. അരി കൊണ്ട് മാത്രമല്ല ഓട്സ്, റവ, റാഗി എന്നിവയെകൊണ്ടും ഇഡ്‍ഡലി ഉണ്ടാക്കാം. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലെ ടേബിളുകളിലും ഇഡ്‍ഡലി സ്ഥാനം പിടിച്ചു കഴിഞ്ഞു.