' ലക്ഷം കോടി മൂല്യം, മൂവായിരം വർഷത്തിലധികം പഴക്കം '! ഈ വിഗ്രഹം പത്മനാഭസ്വാമി ക്ഷേത്രത്തിലേതോ? | Fact Check

Mail This Article
തിരുവനന്തപുരം പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. 7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമിച്ച വൈറൽ വിഡിയോയിലെ അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹത്തിന് 3000 വർഷത്തിലധികം പഴക്കമുണ്ടെന്നുമൊക്കെയാണ് പോസ്റ്റിനൊപ്പമുള്ള അവകാശവാദം. പ്രചാരണത്തിന്റെ വസ്തുത പരിശോധിക്കാനായി മനോരമ ഓൺലൈൻ ഫാക്ട് ചെക്കിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം
∙ അന്വേഷണം
7800 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും 780,000 വജ്രങ്ങളും 780 കാരറ്റ് വജ്രങ്ങളും കൊണ്ട് നിർമ്മിച്ച , അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹത്തിന് . 3000 വർഷത്തിലധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. അതിൻന്റെ ഇപ്പോഴത്തെ മൂല്യം അനേകായിരം ലക്ഷം കോടിയാണെന്നും ഋഷിമാരും ആധുനിക വിദഗ്ധരും, ..... അതിന്റെ മൂല്യം കണക്കാക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഫ്രാൻസിൽ നിന്ന് ക്ഷണിച്ച വിദഗ്ധ സംഘം അമ്പരന്നെന്നാണ് അറിയുന്നത്. അത് സ്വന്തം കണ്ണുകൊണ്ട് കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിരുന്നിരിക്കണം. നേരിട്ട് പോകാൻ സാധിക്കാത്തവർക്ക് ഈ വിഡിയോയിലൂടെ കാണാം
അനന്തപത്മനാഭ സ്വാമി ക്ഷേത്രം .... തിരുവനന്തപുരം എന്ന കുറിപ്പിനൊപ്പമാണ് ഞങ്ങൾക്ക് സന്ദേശം ലഭിച്ചത്. കീവേർഡുകളുടെ പരിശോധനയിൽ മുൻപുംഇതേ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി കണ്ടെത്തി. പ്രചരിക്കുന്ന പോസ്റ്റ് കാണാം.
വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന വിഡിയോ ഉൾപ്പെട്ട ഒരു ഫെയ്‌സ്ബുക് പോസ്റ്റ് ലഭിച്ചു. Shivnarayan jewellers Hyderabad എന്ന കുറിപ്പിനൊപ്പമാണ് ഈ വിഡിയോ ഷെയർ ചെയ്തിട്ടുള്ളത്. ഈ സൂചനയിൽ നിന്ന് Shivnarayan jewellers Hyderabad എന്ന കീവേഡുപയോഗിച്ച് ഞങ്ങൾ നടത്തിയ പരിശോധനയില്‍ Shivnarayan jewellers–ന്റെ ഒരു ഇൻസ്റ്റഗ്രാം പേജിൽ സമാന വിഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. വൈറൽ വിഡിയോയിലുള്ളതിനേക്കാൾ കൂടുതൽ ക്ലോസ് അപ് ദൃശ്യങ്ങളാണ് ഈ വിഡിയോയിലുള്ളത്.
ഭീമാ ജ്വല്ലേഴ്‌സ് ചെയർമാൻ ഡോ. ബി. ഗോവിന്ദന് സമർപ്പിച്ചിരിക്കുന്ന ശിവ് നാരായണൻ ജ്വല്ലേഴ്‌സിന്റെ മാസ്റ്റർപീസ് ‘ശ്രീ അനന്ത് പത്മനാഭസ്വാമി’.
കേരളത്തിലെ തിരുവനന്തപുരത്തുള്ള ശ്രീ അനന്ത് പത്മനാഭസ്വാമി ക്ഷേത്രത്തിൽ വസിക്കുന്ന അത്ഭുതകരമായ വിഗ്രഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ രത്നം മൂലകൃതിയുടെ എല്ലാ സവിശേഷതകളെയും ചിത്രീകരിക്കുന്നു. ഭഗവാൻ വിഷ്ണുവിനെ അതേ യോഗ നിദ്ര (യോഗ നിദ്ര) സ്ഥാനത്ത് ജ്യോതിർലിംഗത്തിന്റെ (ശിവൻ) മുകളിൽ കൈ വച്ചിരിക്കുന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്, ബ്രഹ്മാവ് നാഭിയിൽ വേരൂന്നിയ താമരയ്ക്ക് മുകളിൽ ഇരിക്കുന്നു. പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ സമയത്തിന്റെ ആരംഭം ഈ മാസ്റ്റർപീസ് ഉൾക്കൊള്ളുന്നു.
വെറുമൊരു രത്നത്തേക്കാൾ, ശ്രീ അനന്ത് പത്മനാഭസ്വാമി രത്നത്തിന് 8 ഇഞ്ച് ഉയരവും 18 ഇഞ്ച് നീളവുമുണ്ട്. 2 മാസത്തേക്ക് ദിവസവും 16 മണിക്കൂർ ജോലി ചെയ്ത് 32 പേർ കൈകൊണ്ട് നിർമ്മിച്ച ഈ പാരഗൺ കഷണത്തിന് 2.8 കിലോഗ്രാം ഭാരമുണ്ട്. ഏകദേശം 75,000 ഉയർന്ന നിലവാരമുള്ള വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച, ആകെ 500 കാരറ്റ് ഭാരമുള്ള, ശ്രീ അനന്ത് പത്മനാഭസ്വാമി വിഗ്രഹം ഒരു കാഴ്ചയാണ്. ഓരോ വജ്രവും ശ്രദ്ധാപൂർവ്വം ശേഖരിച്ച്, വൈദഗ്ധ്യത്തോടെ മിനുക്കി, വൈദഗ്ധ്യത്തോടെ സജ്ജീകരിച്ചിരിക്കുന്നു. ഏറ്റവും മികച്ച കൊളംബിയൻ മരതകങ്ങളും പ്രകൃതിദത്ത ബർമീസ് മാണിക്യങ്ങളും ഇതിൽ ഉൾപ്പെടുന്നു, അവ ദിവ്യമായ ചാരുത നിലനിർത്തുന്ന അതിശയകരവും ആകർഷകവുമായ ഒരു രൂപം സൃഷ്ടിക്കുന്നു.ആദരണീയനായ ഡോ. ബി. ഗോവിന്ദനുവേണ്ടി ഈ കലാസൃഷ്ടി സൃഷ്ടിച്ചതിൽ ഞങ്ങൾക്ക് ബഹുമതിയുണ്ട്, മറ്റൊരു ലോക റെക്കോർഡ് കിരീടത്തിനായി ഇത് ഏറ്റെടുക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്! എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന കുറിപ്പിന്റെ പരിഭാഷ.
തിരുവനന്തപുരം ഭീമ ജ്വല്ലറി ചെയർമാൻ ഡോ.ബി.ഗോവിന്ദന് വേണ്ടിയാണ് ഈ വിഗ്രഹമെന്നും ലോക റെക്കോർഡിന് വേണ്ടിയാണ് തയ്യാറാക്കിയതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി നടത്തിയ പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട് 2023 ഓഗസ്റ്റ് 19ന് ബിഗ് ടിവി തെലുങ്ക് നൽകിയ വാർത്താ റിപ്പോർട്ട് കാണാം.
വിഗ്രഹത്തിന് 3000 വർഷത്തിലധികം പഴക്കമുണ്ടെന്നും 78000 കിലോയിലധികം ഭാരമുണ്ടെന്നുമുള്ള പ്രചരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇതിൽ നിന്ന് വ്യക്തമായി . 2023 ൽ നിർമ്മിച്ച വിഗ്രഹത്തിന് 2.8 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. കൂടുതൽ തിരയലിൽ https://retailjewellerindia.com/ എന്ന വെബ്സൈറ്റിൽ നിന്ന് ലഭിച്ച റിപ്പോർട്ടിലും ഭീമ ജ്വല്ലറി ചെയർമാൻ ഡോ. ബി. ഗോവിന്ദന് വേണ്ടിയാണ് ഈ വിഗ്രഹമെന്നും ലോക റെക്കോർഡ് ലഭിച്ചതായും വ്യക്തമാക്കുന്നുണ്ട്. കൂടാതെ "ആദരണീയനായ ഡോ. ബി. ഗോവിന്ദനുവേണ്ടി ഈ കലാസൃഷ്ടി സൃഷ്ടിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഈ കലാസൃഷ്ടിയിലൂടെ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടങ്ങളും ഞങ്ങളുടെ മുൻ എട്ട് ഗിന്നസ് വേൾഡ് റെക്കോർഡുകളും നേടിയത് ഞങ്ങളുടെ ടീമിന്റെ സമർപ്പണത്തിനും വൈദഗ്ധ്യത്തിനും ഒരു തെളിവാണ്. അനന്ത പത്മനാഭസ്വാമിക്ക് വലിയ ആത്മീയ പ്രാധാന്യമുണ്ട്, ഈ അസാധാരണ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിൽ ഇത്രയും ആദരണീയമായ ഒരു ചിഹ്നവുമായി സഹകരിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു" എന്ന് ശിവ നാരായൺ ജുവലറിയുടെ മാനേജിങ് ഡയറക്ടറായ തുഷാർ അഗർവാളും ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ പരിശോധനയിൽ 2025 ഓഗസ്റ്റ് 5–ലെ എഎൻഐ–യുടെ വാർത്താ റിപ്പോർട്ടിൽ India International Jewellery പ്രദർശനത്തിൽ ഭീമാ ജുവലറി ചെയർമാൻ ഡോ. ബി. ഗോവിന്ദനും ഭാര്യയ്ക്കും ശിവ നാരായൺ ജുവലറി അധികൃതർ വൈറൽ വിഡിയോയിലുള്ള അനന്ത പത്മനാഭസ്വാമിയുടെ വിഗ്രഹം കൈമാറുന്ന ചിത്രമടക്കം ഞങ്ങൾക്ക് ലഭിച്ചു.
ലഭ്യമായ വിവരങ്ങളിൽ നിന്ന് പോസ്റ്റിലെ പ്രചാരണം പൂർണമായും തെറ്റാണെന്ന് വ്യക്തമായി. ഹൈദരാബാദിലെ ശിവനാരായണ ജ്വല്ലറി തിരുവനന്തപുരം ഭീമ ചെയർമാൻ ഡോ. ബി.ഗോവിന്ദന് വേണ്ടി നിർമിച്ച അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹമാണിത്. വിഗ്രഹത്തിന് 3000 വർഷത്തിലധികം പഴക്കമുണ്ടെന്നും 78000 കിലോയിലധികം ഭാരമുണ്ടെന്നുമുള്ള പ്രചരണങ്ങളും തെറ്റാണ്.
∙ വാസ്തവം
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുരാതന വിഗ്രഹത്തിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഹൈദരാബാദിലെ ശിവനാരായണ ജ്വല്ലറി തിരുവനന്തപുരം ഭീമ ചെയർമാൻ ഡോ. ബി.ഗോവിന്ദന് വേണ്ടി നിർമിച്ച അനന്തപത്മനാഭസ്വാമിയുടെ വിഗ്രഹമാണിത്