ക്രിക്കറ്റിന്റെ വഴിയേ ‘സഞ്ചരിക്കാൻ’ ഹോക്കിയില്ല; പാക്കിസ്ഥാന്റെ പുരുഷ ഹോക്കി ടീം ഇന്ത്യയിൽ വരും, ഏഷ്യാകപ്പിൽ കളിക്കും!

Mail This Article
ഇസ്‍ലാമാബാദ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിവാദം ഇരു ടീമുകളും എതിർ രാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കുന്നതിലേക്ക് വരെയെത്തിയതിനു പിന്നാലെ, വ്യത്യസ്ത നിലപാടുമായി പാക്കിസ്ഥാൻ ഹോക്കി ടീം. ഇനിമുതൽ ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് ഇല്ലെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ തീരുമാനമെങ്കിലും, ഏഷ്യാകപ്പ് ഹോക്കി ടൂർണമെന്റിനായി ഇന്ത്യയിലേക്കു വരാൻ പാക്കിസ്ഥാൻ ഹോക്കി ടീം തീരുമാനിച്ചു. ബിഹാറിലെ രാജ്ഗിറിൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഏഴു വരെയാണ് ഏഷ്യാകപ്പ് അരങ്ങേറുക.
ഇതിനു മുൻപ് പാക്കിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലെത്തിയത് 2023ലായിരുന്നു. അന്ന് ചെന്നൈയിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കാനായിരുന്നു പാക്ക് ടീമിന്റെ യാത്ര. അന്ന് ആറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അഞ്ചാം സ്ഥാനക്കാരായാണ് പാക്കിസ്ഥാൻ ടീം നാട്ടിലേക്ക് മടങ്ങിയത്.
പാക്ക് ഹോക്കി ടീം ഏഷ്യാ കപ്പിനായി ഇന്ത്യയിലെത്തുന്ന കാര്യം ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി സ്ഥിരീകരിച്ചു. ‘‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ആവേശം വാരിച്ചൊരിയുന്ന പോരാട്ടങ്ങളാണ്. 2023ൽ ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫിക്ക് ആതിഥ്യം വഹിച്ചപ്പോലും ഇരു ടീമുകളും പരസ്പരം കളിച്ചിരുന്നു. ഏഷ്യാകപ്പിൽ ഇരു ടീമുകളും ഒരിക്കൽക്കൂടി രാജ്ഗിറിൽ നേർക്കുനേർ എത്തുമ്പോഴും ആവേശകരമായ മത്സരം പ്രതീക്ഷിക്കുന്നു’ – ദിലീപ് ടിർക്കി പറഞ്ഞു.
പാക്കിസ്ഥാനു പുറമേ ജപ്പാൻ, ദക്ഷിണ കൊറിയ ചൈന, മലേഷ്യ എന്നീ ടീമുകളും ഏഷ്യാകപ്പ് ഹോക്കിയിൽ പങ്കെടുക്കും. ശേഷിക്കുന്ന രണ്ടു ടീമുകളെ യോഗ്യതാ റൗണ്ടിലൂടെ തീരുമാനിക്കും.
പാക്കിസ്ഥാൻ ഹോക്കി ടീം ഇതിനു മുൻപും വ്യത്യസ്ത ടൂർണമെന്റുകൾക്കായി ഇന്ത്യയിലെത്തിയിട്ടുണ്ട്. 2018ലെ ലോകകപ്പ്, 2014ലെ ചാംപ്യൻസ് ട്രോഫി, 2021ലെ ജൂനിയർ ഹോക്കി ലോകകപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ പാക്ക് ഹോക്കി ടീം പങ്കെടുത്തിരുന്നു. ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന നിലപാട് തുടരുമ്പോഴും, ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം കഴിഞ്ഞ വർഷം പാക്കിസ്ഥാനിൽ പര്യടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്ക് ഹോക്കി ടീം ഏഷ്യാകപ്പിനായി ഇന്ത്യയിലെത്തുമെന്ന സ്ഥിരീകരണം.